കാസര്‍കോട്: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ സര്‍ക്കാര്‍ പരിപാടികളില്‍ പോലും വന്‍ ആള്‍ക്കൂട്ടം. അതും ആരോഗ്യമന്ത്രി കെ.കെ ശൈലജ പങ്കെടുത്ത പരിപാടിയില്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകങ്ങളായതിനാല് സംസ്ഥാന സര്‍ക്കാരിന് എന്ത് കൊവിഡ്, എന്ത് പ്രോട്ടോകോള്‍.
കാസര്‍കോട് ജില്ലയിലെ സാന്ത്വന സ്പര്‍ശം പരിപാടിയുടെ ആദ്യഘട്ടം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലായിരുന്നു. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍ക്കായാണ് കാഞ്ഞങ്ങാട് അദാലത്ത് നടത്തിയത്.റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്, ആരോഗ്യമന്ത്രി കെ.കെ ശൈലജ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് കാഞ്ഞങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തത്.
അദാലത്ത് നടക്കുന്ന ഹാളിനകത്ത് മാത്രമാണ് പറയത്തക്ക വണ്ണമെങ്കിലും കൊവിഡ് മാനദണ്ഡവും സാമൂഹിക അകലവും പാലിച്ചത്. മിനി സിവില്‍ സ്റ്റേഷന് പുറത്ത് ആളുകള്‍ തടിച്ചുകൂടിയാണ് നിന്നത്. പുറത്തെ തിരക്കൊഴിവാക്കാന്‍ ഒരു ക്രമീകരണവും ഏര്‍പ്പെടുത്താതെയാണ് പരിപാടി നടത്തിയത്. സാമൂഹിക അകലം ഉറപ്പാക്കാന്‍ വേണ്ടത്ര പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തില്ലായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം രാവിലെ പത്തിനാണ് നിശ്ചയിച്ചിരുന്നതെങ്കിലും രാവിലെ മുതല്‍ തന്നെ ജനങ്ങള്‍ എത്തിയിരുന്നു.
സാന്ത്വന സ്പര്‍ശത്തിലേക്ക് തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ കൊണ്ടുവരരുതെന്ന് അറിയിച്ചിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും അദാലത്തിലേക്ക് കൊണ്ടുവരരുതെന്ന് നിര്ദ്ദേശമുണ്ടാായിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. ഇതൊക്കെ നിയന്ത്രിക്കേണ്ട ജില്ലാഭരണകൂടവും പോലീസും എല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ആരോഗ്യ മന്ത്രി ഉള്‍പ്പെടെ മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്തരത്തിലൊരു കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നത്. കളക്ടര്‍, ജില്ല പോലീസ് മേധാവി തുടങ്ങിയ ഉന്നതോദ്യോഗസ്ഥരും പരിപാടിയിലുണ്ടായിരുന്നു. അടുത്തിടയായി സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചതാണ്. നേരത്തെ കണ്ണൂരിലും ആലപ്പുഴയിലും സാന്ത്വന സ്പര്‍ശം പരിപാടിയില്‍ ഇതുപോലെ വന്‍ ആള്‍ക്കൂട്ടമായിരുന്നു. അതില്‍ നിന്നു പോലും പാഠം പഠിക്കാതെയാണ് കാഞ്ഞങ്ങാടും പരിപാടി നടത്തിയത്. കൊറോണ മാനദണ്ഡങ്ങള്‍ ആരോഗ്യമന്ത്രി തന്നെ ലംഘിച്ചതിന് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ജില്ലാഭരണകൂടം ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല എന്നതാണ് വസ്തുത. ഇന്നും ജില്ലയിലെ സാന്ത്വന സ്പര്‍ശം പരിപാടി തുടരും. കാസര്‍കോട് മുനിസിപ്പല്‍ കോര്പ്പറേഷന് ഹാളില്‍ രാവിലെ പത്തിനാണ് ഇന്നത്തെ പരിപാടി.എംഎല്‍എമാരായ കെ. കുഞ്ഞിരാമന്, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്പേഴ്സന് കെ.വി. സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, സബ് കളക്ടര്‍ ഡി.ആര് മേഘശ്രീ തുടങ്ങിയവരാണ് കാഞ്ഞങ്ങാട്ടെ പരിപാടിയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: