തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണപരിഷ്കാര കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പൊടിപിടിക്കുന്നു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായി നിയമിച്ച വകയില്‍ സര്‍ക്കാര്‍ ചെലവാക്കിയത് പത്തു കോടിയിലേറെ രൂപ. ഇതില്‍ എട്ടു കോടിയിലധികം രൂപയും ശമ്പളത്തിനായാണ് ചെലവാക്കിയത്. കമ്മീഷന് സമര്‍പ്പിച്ച 11 റിപ്പോര്‍ട്ടുകളിലും സര്‍ക്കാര്‍ കാര്യമായ നടപടിയൊന്നും എടുത്തതുമില്ല. രണ്ട് റിപ്പോര്‍ട്ടുകള്‍ അച്ചടിയിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് വിവാദമൊഴിവാക്കാനായി വി.എസ്. അച്യുതാനന്ദന് രാജിവച്ചതോടെ കമ്മീഷന് കഥാവശേഷമായി.
വിജിലന്‍സ് പരിഷ്കരണം, സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനശേഷി വികസനം, ദുര്‍ബല ജനവിഭാഗത്തിന്റെ ക്ഷേമ നിയമങ്ങളുടെ നിര്‍വഹണരംഗത്തെ പ്രശ്നങ്ങളും പരിഹാരവും, സംസ്ഥാന സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥ പരിഷ്കരണം, ജനകേന്ദ്രീകൃത സേവനങ്ങൡലെ പ്രശ്നങ്ങളും പരിഹാരവും, ക്ഷേമനിയമങ്ങള്‍ നടപ്പാക്കുന്നതിലെ പ്രശ്നങ്ങളും പരിഹാരവും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പരിപാലനവും, സുസ്ഥിര വികസനം-ധനപരമായ പ്രശ്നങ്ങള്‍, ഓംബുഡ്സ്മാന് സ്ഥാപനങ്ങളും പരാതി പരിഹാരവും, ഇ-ഗവേണന്‍സ് എന്നിവയാണ് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍. സെക്രട്ടേറിയറ്റ് പരിഷ്കരണം, ധനം-ആസൂത്രണം എന്നിവയാണ് അച്ചടിയിലുള്ളത്.
കമ്മീഷന് അധ്യക്ഷനും അംഗങ്ങള്‍ക്കുമെല്ലാം ശമ്പളമായി നല്‍കിയത് എട്ടു കോടിയിലേറെ രൂപ. 21 ലക്ഷം രൂപ അംഗങ്ങളെല്ലാവരും ചേര്‍ന്ന് ചികിത്സാ ആനുകൂല്യം പറ്റി. ഇതില്‍ 19 ലക്ഷത്തോളം രൂപയും ചെലവാക്കിയത് അധ്യക്ഷനു വേണ്ടിയായിരുന്നു. യാത്രാബത്തയായി 14 ലക്ഷവും ഫോണ്‍ ചാര്‍ജിനത്തില്‍ 3.75 ലക്ഷവും വാഹന വാടകയായി 24 ലക്ഷവും ചെലവാക്കി. ശമ്പളമല്ലാതെ ചെലവ് 1.62 കോടി രൂപ. പ്രതിമാസ ശമ്പളമല്ലാതെ ആകെ 27 ലക്ഷത്തോളം രൂപയാണ് വി.എസ്. അച്യുതാനന്ദന് ആനുകൂല്യമായി കൈപ്പറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: