കോട്ടയം: ശുചിത്വ പരിപാലന, അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മികവില്‍ പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് കായകല്‍പ്പ് പുരസ്കാരം. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനമാണ് ലഭിച്ചത്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ മൂന്നു ക്ലസ്റ്ററുകളായി തിരിച്ചായിരുന്നു പുരസ്കാര നിര്‍ണയം.
ഒന്നാം ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ അര്‍ബണ്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നാണ് പെരുന്ന തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു ലക്ഷം രൂപയാണ് സമ്മാനത്തുക. മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. സരയ വി. പിള്ള ഉള്‍പ്പെടെ 17 ജീവനക്കാരാണ് ഈ സ്ഥാപനത്തിലുള്ളത്. ജീവനക്കാരുടെ അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് പുരസ്കാര നേട്ടത്തിന് വഴിതെളിച്ചതെന്ന് ഡോ. സരയ പറഞ്ഞു.
ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തുന്നു. ജനുവരിയില്‍ പൂര്‍ത്തിയായ നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍ഡ്സ് അവലോകത്തില്‍ 94.34 ശതമാനം മാര്‍ക്ക് നേടിയിരുന്നു. ജില്ലയില്‍ സബ് ജില്ലാ തലത്തില്‍ കോട്ടയം പാമ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ മുണ്ടക്കയം, അറുനൂറ്റിമംഗലം ആശുപത്രികളും പുരസ്കാരം നേടി.
ഒരു ലക്ഷം രൂപ വീതമാണ് സമ്മാനം. പ്രാഥമികാരോഗ്യകേന്ദ്രവിഭാഗത്തില് ജില്ലാ തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വാഴൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനം നേടി. രണ്ട് ലക്ഷം രൂപയാണ് ലഭിക്കുക. ജില്ലയില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച ഓണംതുരുത്ത്, മുത്തോലി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും ലഭിക്കും. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍(പിഎച്ച്സി), സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സിഎച്ച്സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് പുരസ്കാരം നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തിയാണ് പുരസ്കാരം നിര്‍ണയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: