തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പിലെ വിവിധ ഓഫീസുകളിലും, ഗ്രാമപഞ്ചായത്തുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിനാവശ്യമായ ക്രമീകരണം അടിയന്തരമായി നടപ്പാക്കാനാണ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിലെ വിവിധ ആപ്ലിക്കേഷനുകളില്‍ ജീവനക്കാരുടെ യൂസര്‍നെയിമും പാസ്വേഡും ഓട്ടോസേവ് ആവുന്നതിനാല്‍ ദുരുപയോഗത്തിന് സാധ്യതയുണ്ട്. എല്ലാ കമ്പ്യൂട്ടറുകളില്‍ നിന്നും ഓട്ടോ സേവ്ഡ് പാസ്വേഡുകള് ഒഴിവാക്കാന്‍ ജീവനക്കാര്‍/ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കകയും സെക്രട്ടറിമാര്‍ ഉറപ്പാക്കുകയും വേണം.
സോഫ്റ്റ്വെയറുകളില് കാലാകാലങ്ങളായി ഉപയോഗിക്കുന്ന ഡിഫോള്‍ട്ട് പാസ്വേഡ് മാറ്റുന്നതിന്റെ പ്രാധാന്യം ജീവനക്കാരോട് വിശദീകരിക്കണം. വേഗം കണ്ടെത്താവുന്ന പാസ്വേഡ് മാറ്റാന്‍ സാങ്കേതികസഹായം ടെക്ടിക്കല്‍ ജീവനക്കാര്‍ നല്‍കണം.
സകര്‍മ്മ അടക്കമുളള സോഫ്റ്റ്വെയറുകളില് ഏതാനും തദ്ദേശസ്ഥാപനങ്ങളില്‍ സെക്രട്ടറി ചെയ്യേണ്ടതും പ്രസിഡന്റ് ചെയ്യേണ്ടതുമായ പ്രവര്‍ത്തനങ്ങളെല്ലാം ഒരേ ഐ.പിയുള്ള കമ്പ്യൂട്ടറില്‍ നിന്നാണ് ചെയ്യുന്നത്. ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും സ്വയം സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്നതിനാവശ്യമായ നിരന്തര പരിശീലനം സാങ്കേതികജീവനക്കാര്‍ ഉറപ്പു വരുത്തണം. മറ്റുളളവര്‍ക്ക് ലഭ്യമാകുന്ന തരത്തിലോ മേശപ്പുറത്തോ ചുവരിലോ പാസ്വേഡുകള് എഴുതിവയ്ക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജീവനക്കാര്‍ സ്ഥലംമാറി പോകുകയോ, വിരമിക്കുകയോ ചുമതലയില്‍ നിന്നും മാറുകയോ ചെയ്താല്‍ അവര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് ലോഗിന്‍ ഡീ-ആക്ടിവേറ്റ് ചെയ്ത് റിലീവിംഗ് ഓര്‍ഡറില്‍ രേഖപ്പെടുത്തണം. പുതിയ ജീവനക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ പുതിയ ലോഗിന്‍ നല്‍കണം. നിലവിലെ ലോഗിന്‍ എഡിറ്റ് ചെയ്തു നല്കുന്ന പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കണം.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും, സൂപ്പര്‍വൈസറി കേഡറിലുളള ഉദ്യോഗസ്ഥരും ഡിജിറ്റല്‍ സിഗ്നേച്ചര്‍, ഡോംഗിള്‍ എന്നിവ മറ്റൊരാളെ ഏല്‍പ്പിക്കുന്നതും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ഗുരുതര കൃത്യവിലോപമായി കണക്കാക്കും. ഐ.ടി ആക്ട് 2000 സെക്ഷന്‍ 66 സി പ്രകാരം മറ്റൊരാളുടെ പാസ്സ് വേഡ് ദുരുപയോഗം ചെയ്യുന്നത് മൂന്നു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: