ഗുവാഹത്തി: അസമില്‍ ഞായറാഴ്ച സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് മെഡിക്കല്‍ കോളെജുകള്‍ക്ക് തറക്കല്ലിട്ടു. അസംമാല എന്ന 7,700 കോടിയുടെ റോഡ് പദ്ധതിയും ഉദ്ഘാടനം ചെയ്തു.
അസമിലെ സൊനിത്പൂര്‍ ജില്ലയിലെ ദെഖിയജുലിയിലാണ് പുതുതായി രണ്ട് മെഡിക്കല്‍ കോളെജുകള്‍ വരുന്നത്. ദെഖിയജുലിയില്‍ ബിശ്വാനാഥ് ചരിയാലി, ചരൈദിയോ എന്നീ രണ്ട് മെഡിക്കല്‍ കോളെജുകള്‍ക്കാണ് മോദി തറക്കല്ലിട്ടത്.
അസം സംസ്ഥാന പാതയും പ്രധാന ജില്ലാറോഡുകളും ഉള്‍പ്പെടുത്തിയുള്ള 7700 കോടി രൂപയുടെ അസംമാല എന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ റോഡ് അടിസ്ഥാന സൗകര്യം വികസിക്കുമ്പോള്‍ അത് അസമിന് സാമ്പത്തിക പുരോഗതി സമ്മാനിക്കുമെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുമ്പോള്‍ ഇവിടെ പ്രാദേശിക ഭാഷയില്‍ അധ്യയനം നല്കുന്ന ഒരു മെഡിക്കല്‍ കോളെജും ഒരു ടെക്നിക്കല്‍ കോളെജും സ്ഥാപിക്കുമെന്നും മോദി ഉറപ്പ് നല്കി. ഈ മെഡിക്കല്‍ കോളെജുകളില്‍ കുട്ടികള്‍ക്ക് അസമീസ് ഭാഷയില്‍ പഠിക്കാനാകുമെന്നും മോദി പറഞ്ഞു.
എല്ലാ സംസ്ഥാനത്തും അവിടുത്തെ പ്രാദേശിക ഭാഷയില്‍ പഠിപ്പിക്കുന്ന ഒരു മെഡിക്കല്‍ കോളെജും ഒരു സാങ്കേതിക കോളെജും വേണമെന്നത് തന്റെ സ്വപ്നമാണെന്ന് മോദി പറഞ്ഞു. അധികം വൈകാതെ ഗുവാഹത്തിയില്‍ ഒരു അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും (എഐഐഎംഎസ്) സ്ഥാപിക്കുമെന്നും മോദി പറഞ്ഞു. കേന്ദ്ര ബജറ്റില്‍ അസമിലെ തേയിലത്തൊഴിലാളികളുടെ ക്ഷേമത്തിന് ആയിരം കോടി നീക്കിവെച്ചതായും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: