ലക്‌നൗ: മത്സരപരീക്ഷകള്‍ എഴുതുന്നവര്‍ക്കായി സംസ്ഥാനത്തെ ഡിവിഷണല്‍ തലങ്ങളിൽ സൗജന്യപരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ‘മുഖ്യമന്ത്രി അഭ്യുദയ യോജന’യ്‌ക്ക് കീഴിലായിരിക്കും പരിശീലന കേന്ദ്രങ്ങളെന്ന് സര്‍ക്കാര്‍ പ്രതിനിധി ശനിയാഴ്ച വ്യക്തമാക്കി. നീറ്റ്, ജെഇഇ(മെയിന്‍സ് ആന്റ് അഡ്വാന്‍സ്ഡ്), സിഡിഎസ്, എന്‍ഡിഎ, യുപിഎസ്‌സി തുടങ്ങി എല്ലാ മത്സരപരീക്ഷകള്‍ക്കും തയ്യാറെടുപ്പ് നടത്തുന്നവര്‍ക്കായി ‘അഭ്യുദയ’ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.
പാവപ്പെട്ടവരും നിരാലംബരുമായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലന കേന്ദ്രങ്ങള്‍ വലിയ സഹായമായിരിക്കുമെന്നും സര്‍ക്കാര്‍ വക്താവ് ചൂണ്ടിക്കാട്ടി. ക്ലാസുകള്‍ക്കുവേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി പത്തിന് ആരംഭിക്കും. സൗജന്യ പരിശീലനകേന്ദ്രങ്ങള്‍ ഈ മാസം 16 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഐഎഎസ്, ഐപിഎസ്, പിസിഎസ് ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ടു കൗണ്‍സിംഗ് ലഭിക്കുന്നതിന് പരിശീലന കേന്ദ്രങ്ങളില്‍ അവസരമുണ്ടായിരിക്കും.
ആദ്യ ഘട്ടത്തില്‍ ഡിവിഷണല്‍ തലങ്ങളില്‍ ആരംഭിക്കുന്ന കേന്ദ്രങ്ങള്‍ അടുത്ത ഘട്ടത്തില്‍ ജില്ലാ തലങ്ങളിലുമുണ്ടാകും. ഇതിനൊപ്പം നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് പ്രത്യേക ക്ലാസുകളുമുണ്ടാകും. വിവിധ പരീക്ഷകള്‍ക്ക് ആവശ്യമായ എല്ലാ ക്ലാസുകളും പാഠ്യ വസ്തുക്കളും ഓണ്‍ലൈന്‍ വഴിയും ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: