തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ തന്നെ കാണാനെത്തിയ മലയാളി ഐഎഎസ്‌കാരന്‍ സി വി ആനന്ദബോസിനെ നരേന്ദ്രമോദി സ്വീകരിച്ചത് ‘ആശയസമ്പന്നന്‍’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ്. ഗുജറാത്തില്‍ പാര്‍പ്പിട പദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ആ കൂടിക്കാഴ്ച. പിന്നീട് പ്രധാനമന്ത്രി ആയപ്പോഴും ആനന്ദബോസിന്റെ പല ആശയങ്ങളും മോദി സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ കുടിയേറ്റ, കരാര്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏകാംഗ കമ്മീഷനായി ആനന്ദ ബോസിനെ നിയോഗിച്ചതും ആശയ സമ്പന്നത തിരിച്ചറിഞ്ഞാണ്. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരുന്നത്.
വിവിധ മേഖലകളില്‍ പഠനം നടത്തിയ കമ്മീഷന്‍ തൊഴില്‍ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രവാസികളുടെ പ്രതിനിധികളായി ലോകസഭയിലും നിയമസഭയിലും അംഗങ്ങള്‍ ഉണ്ടാകണം എന്നതുള്‍പ്പെടെ പുതുമയുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട്.
ജന്മഭൂമിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സി വി ആനന്ദബോസ് അതെക്കുറിച്ച് വിശദീകരിച്ചു.
തൊഴിലാളി ക്ഷേമത്തിനായി നോഡല്‍ ഏജന്‍സിയായി ലേബര്‍ അതോററ്റി ഓഫ് ഇന്ത്യ, ദേശീയ തൊഴില്‍ വികസന ബാങ്ക്, അന്താരാഷ്‌ട്ര ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സ്ഥാപിക്കണമെന്നും തൊഴില്‍ മന്ത്രാലയത്തെ വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ ലയിപ്പിക്കണമെന്നും ഉള്‍പ്പെടെ 75 ശുപാര്‍ശകളാണ് നല്‍കിയിരിക്കുന്നത്.
പ്രകൃതി ദുരന്ത കാലത്ത് തൊഴില്‍ നഷ്ടമുണ്ടായാല്‍ തൊഴിലാളിക്ക് നിശ്ചിത കാലത്തേക്ക് അടിസ്ഥാന ശമ്പളം, എല്ലാ തൊഴിലാളികള്‍ക്കും സമയബന്ധിതമായി വീട്, പ്രവാസി തൊഴിലാളികളുടെ പുനരധിവാസം, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകയ്‌ക്ക് വീട് എന്നിവയും ശുപാര്‍ശയിലുണ്ട്.
കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം പോസ്റ്റല്‍ വോട്ടു ചെയ്യാന്‍ സൗകര്യം ഉണ്ടാക്കണം എന്നു പറയുന്ന റിപ്പോര്‍ട്ടില്‍ , വിദേശരാജ്യങ്ങളില്‍ ജീവിക്കുന്നര്‍ക്ക് അവരുടെ പ്രതിനിധികളെ ലോക്‌സഭയിയും നിയമസഭയിലും തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം.ഇതിനായി ” മായ” മണ്ഡലങ്ങള്‍ ( Virtual Constituencies) രൂപീകരിക്കുകയും ഭൂഖണ്ഡ അടിസ്ഥാനത്തില്‍ പ്രവാസികളുടെ എണ്ണം കണക്കാക്കി 5-6 എം പിമാരെയെങ്കിലും തെരഞ്ഞെടുക്കുകയും വേണമെന്നാണ് ആനന്ദ ബോസ് പറയുന്നത്. സര്‍ക്കാര്‍ ആര്‍ക്കുവേണ്ടി തീരുമാനം എടുക്കുന്നുവോ അവര്‍ക്ക് ഇടപെടാനുള്ള അവകാശം ഉണ്ട് എന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രമേയം ഇന്ത്യ അംഗികരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യ സംവിധാനങ്ങള്‍ പ്രവാസികളുടെ കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ അവര്‍ക്ക് അഭിപ്രായം പറയാനുള്ള അവസരം കിട്ടണം.അതാത് എംബസികള്‍ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ത്യന്‍ എംബസികളെ കൂടുതല്‍ ജനകീയ സൗഹൃദപരമാക്കുകയും എംബസികളില്‍ ജനമ്പര്‍ക്കപരിപാടികള്‍ നടത്തണമെന്നും പറയുന്നു.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്നത് വിപുലീകരിക്കണമെന്നാണ് ആനന്ദബോസ്നിര്‍ദ്ദേശിക്കുന്നത്. ഒരു കുടുംബത്തിന് ഒരു കാര്‍ഡ് എന്നത് മാറ്റി ഒരു വ്യക്തിക്ക് ഒരു റേഷന്‍ കാര്‍ഡ് എന്നാകണം. രാജ്യത്ത് എവിടെ പോയാലും റേഷന്‍ കിട്ടാന്‍ അതാണ് നല്ലത്.
പ്രധാന ശുപാര്‍ശകളില്‍ ചിലത്
* മുഴുവന്‍ തോഴിലാളികളുടേയും യഥാര്‍ത്ഥമായ ദേശീയ രജിസ്റ്റര്‍ തയ്യാറാക്കണം. പഞ്ചായത്ത് തലത്തില്‍ തയ്യാറാക്കുകയും തൊഴില്‍ പോര്‍ട്ടല്‍ ഇതിനായി ഉണ്ടാക്കുകയും വേണം. വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വിവരങ്ങള്‍ രാജ്യം മുഴുവന്‍ കൈമാറാന്‍ കഴിയണം.
* അസംഘടിത മേഖലയിലെ തൊഴിലാളികളും ഇഎസ് ഐ പോലുള്ള ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളാകണം. പ്രസവാവധിക്കും അര്‍ഹതയുണ്ടാകണം.
* തൊഴിലാളികള്‍ക്ക് അവയവം ദാനം ചെയ്യാനും ലഭിക്കാനുമായി പ്രയോജനകരമായ പെരുമാറ്റ ചട്ടം
* 60 വയസ്സുകഴിഞ്ഞ എല്ലാ തൊഴിലാളികള്‍ക്കും കുറഞ്ഞത് 5000 രൂപ മാസ പെന്‍ഷന്‍ . എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷാ പാക്കേജ്
*എല്ലാ തൊഴിലാളികള്‍ക്കും സമയബന്ധിതമായി വീടുകള്‍. ഏകജാലക സംവിധാനത്തിലൂടെ ലൈസന്‍സുകള്‍ കൊടുക്കണം. ദീര്‍ഘകാല വായ്പകളും ലഭ്യമാക്കണം
* സ്ഥിരം ജോലിക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ എന്നിവര്‍ക്ക് വാടക വീടുകള്‍ നല്‍കാനുള്ള സംവിധാനം. കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നിടത്ത് പൊതു ശുചിത്യ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം.
* ജോലികളെക്കുറിച്ചും മറ്റ് വിവരങ്ങളും കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കാന്‍ തൊഴില്‍ സേവന കേന്ദ്രങ്ങള്‍. തൊഴിലാളികളുടെ സാമൂഹ്യവും തൊഴില്‍ പരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുടിയേറ്റ സഹായ കേന്ദ്രങ്ങള്‍
* തൊഴിലാളികള്‍ക് നീതി ലഭിക്കുന്നത് താമസിക്കാതിരിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റേയും വനിതാ കമ്മീഷന്റേയും മാതൃകയില്‍ ദേശീയ തൊഴില്‍ കമ്മീഷന്‍
* ഒരു പ്രദേശത്തു താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും പ്രാദേശിക ഭരണകൂടങ്ങള്‍ അൗപചാരികവും അനൗപചാരിവുമായി കൈകാര്യം ചെയ്യണം
* കുടിയേറ്റ തൊഴിലാളികള്‍ പണം അയയ്‌ക്കുന്നതിന്റെ സുരക്ഷിതത്യം ഉറപ്പാക്കുക. ബാങ്ക് നടപടികള്‍ ലളിതമാക്കുക.
* കുടിയേറ്റ സ്ത്രീ തൊഴിലാളികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ നിരീക്ഷണ സമിതി. തൊഴില്‍ ഇടങ്ങളിലോ സമീപത്തോ അംഗന്‍വാടിയോ സഞ്ചരിക്കുന്ന ശിശു സംരക്ഷണ സംവിധാനമോ. കുട്ടികള്‍ക്ക് മുലയൂട്ടാന്‍ ക്രമത്തിയില്‍ ജോലി സമയം ക്രമപ്പെടുത്തണം
* കുടിയേറ്റ തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പദ്ധതി ഉറപ്പാക്കണം.
* തിരിച്ചെത്തിയ പ്രവാസികളുടെ വൈദഗ്‌ദ്ധ്യം രേഖപ്പെടുത്തുന്ന രജിസ്ട്രര്‍. പുതിയ സംരംഭകങ്ങളില്‍ മുതല്‍ മുടക്കാന്‍ പ്രേരിപ്പിക്കാന്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. പ്രത്യേക സാമ്പത്തിക മേഖലകള്‍, നാഷണല്‍ ബോര്‍ഡ്, ഓവര്‍ സീസ് എംപ്‌ളോയിമെന്റ് ബ്യൂറോ.
* വിദേശത്തുനിന്ന് തിരിച്ചെത്തിയവരുടെ കുട്ടികള്‍ക്ക് ഉന്നത ആരോഗ്യ വി്ദ്യാഭ്യാസം ഉറപ്പാക്കാന്‍ ഗ്ലോബല്‍ വില്ലേജുകള്‍
* താല്‍ക്കാലിക സന്ദര്‍ശനത്തിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് താമസിക്കാനും പ്രവാസി ഇന്ത്യക്കാരുടെ കേന്ദ്രമായി ഉപയോഗിക്കാനും പറ്റിയ രീതിയില്‍ വിദേശ രാജ്യങ്ങളിള്‍ ഇന്ത്യാ ഹൗസുകള്‍ .
ആശയം നല്ലതെന്നു തോന്നിയാല്‍ അത് നടപ്പാക്കാന്‍ തീരുമാനിക്കുകയും എന്തു പ്രതിസന്ധി ഉണ്ടായാലും ലക്ഷ്യം നേടുകയും ചെയ്യുമെന്നതാണ് നരേന്ദ്രമോദിയുടെ പ്രത്യേകത എന്നു പറയുന്ന ആനന്ദബോസിന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സാധ്യമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
കേന്ദ്ര സര്‍ക്കാര്‍ എല്ലാവര്‍ക്കും വീട് പദ്ധതി ആവിഷ്‌ക്കരിച്ചത് ഗുജറാത്തില്‍ കണ്ടപ്പോള്‍ സംസാരിച്ച നിര്‍മിതി കേന്ദ്രയുടെ ചിലവ് കുറഞ്ഞ വീട് നിര്‍മ്മാണ പദ്ധതിയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടാണെന്നു കരുതുന്ന ആനന്ദബോസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ പല നയരൂപീകരണങ്ങളിലും പങ്കാളിയായിരുന്നു.
കേരള ചീഫ് സെക്രട്ടറി തസ്തികയില്‍ നിന്ന് വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തിവകുപ്പിലെ സ്ഥാപനങ്ങളുടെ ചെയരര്‍മാന്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍, ഗവര്‍ണറുടെ ഉപദേശകന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
നാലു തവണ യു.എന്നിന്റെ ഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് പുരസ്‌കാരവും ഇന്ത്യാ സര്‍ക്കാറിന്റെ നാഷണല്‍ സ്‌പെഷ്യല്‍ ഹാബിറ്റാറ്റ് അവാര്‍ഡും ജവഹര്‍ലാല്‍ നെഹ്‌റു ഫെലോഷിപ്പും ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ 26 അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
മൃദു ശക്തി( Soft Power) ഉപയോഗിച്ച് ഇന്ത്യക്ക് ലോകത്തിന്റെ സാംസ്‌ക്കാരിക നേതൃത്വം ഏറ്റെടുക്കുന്നതിനമായി കലാക്രാന്തി എന്ന പേരില്‍ വിശദമായ നടപടി രൂപരേഖയും സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുകയാണ് സി വി ആനന്ദബോസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: