തിരുവനന്തപുരം: ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ തൊഴിലില്ലാതെ അലയുമ്പോള്‍ സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട തരത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നൊക്കെ കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നെല്ലാം നിയമവിരുദ്ധമായ നിയമനങ്ങള്‍ വ്യാപകമായ തോതില്‍ നടന്നിട്ടുണ്ട്. പണ്ട് കുറച്ചൊക്കെ മറയുണ്ടായിരുന്നു. ഇപ്പോള്‍ ഒരു കൂസലുമില്ലാതെ സിപിഎം നേതൃത്വവും മന്ത്രിമാരും പിന്‍വാതില്‍ നിയമനം തരപ്പെടുത്തുന്നു. പാര്‍ട്ടി താല്പര്യങ്ങള്ക്കും വ്യക്തിതാല്പര്യങ്ങള്ക്കും വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെയും നിയമങ്ങളെയും അട്ടിമറിച്ച്, റാങ്ക് ലിസ്റ്റിലിടം നേടിയ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കികൊണ്ടാണ് സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും വ്യാപകമായ തോതില്‍ നഗ്നമായ നിയമലംഘനങ്ങള്‍ നടത്തുന്നത്.
പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്, മന്ത്രിമാരായ ജി സുധാകരന്, കെ ടി ജലീല്‍, കെ.കെ. രാഗേഷ് എംപി,മുന്‍ എംപിമാരായ പി രാജീവ്, എം ബി രാജേഷ്, പി. കെ ബിജു, എം എന്‍ എ മാരായ എ.എന്‍ ഷംസീര്‍, ജനീഷ് കുമാര്‍, ഡിവൈഎഫ്ഐ സെക്രട്ടറി എ എ റഹിം…...ഭാര്യമാരെ പിന് വാതിലിലൂടെ തള്ളിക്കയറ്റിയവരുടെ പട്ടിക നീളുകയാണ്.
വലിയ ആദര്‍ശം വിളമ്പുന്ന മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനമാണ് പുറത്തു വന്ന അവസനത്തേത്. .ഉയര്‍ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യായന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയത്. ഗവ: കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ 212-ാം റാങ്ക് ലഭിച്ച രാജേഷിന്റെ ഭാര്യക്ക്, പി.എസ്.സിയുടെ അതേ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ഉദ്യോഗാര്‍ഥികളെ മറികടന്നാണ് ഒന്നാം റാങ്ക് നല്‍കിയത്.ലിസ്റ്റ് അട്ടിമറിച്ചു എന്നു വ്യക്തമാക്കി ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് അംഗങ്ങളും രംഗത്തു വന്നിരിക്കുകയാണ്. ജാതിയും മതവും ഒന്നും ഇല്ലന്നു പറയുന്ന യുവ നേതാവിന്റെ ഭാര്യക്ക് നിയമനം കിട്ടിയത് മുസ്ളീം കോട്ടയിലാണെന്നതും വൈരുദ്ധ്യമാണ്.
പാര്‍ട്ടി സെക്രട്ടറിയും മന്ത്രിയും
എ. വിജയരാഘവന്റെ ഭാര്യ ഡോ.ആര്. ബിന്ദുവിനെ ശ്രീകേരളവര്‍മ്മ കോളേജില്‍ വൈസ് പ്രിന്‍സിപ്പാളാക്കി വിപുലമായ അധികാരങ്ങള്‍ നല്‍കിയത് അധ്യാപകര്‍ക്കിടയിലും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡാണ് കോളേജ് മാനേജ്മെന്റ്. കോടികള്‍ ചെലവിട്ട് കിഫ്ബി വഴി കോളേജില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ സ്വതന്ത്ര ചുമതല വൈസ് പ്രിന്‍സിപ്പാളിനു നല്‍കുകയും ചെയ്തു. നിയമനത്തില്‍ പ്രതിഷേധിച്ച് ഇടതു അനുകൂലിയായിരുന്നിട്ടും പ്രിന്‍സിപ്പല്‍ രാജിവെച്ചുപോയി.
മന്ത്രി കെ ടി ജലീല്‍, ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി എച്ച്എസ്എസ് പ്രിന്‍സിപ്പലായി സീനിയോരിറ്റി മറികടന്നാണ് നിയമിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു
തോറ്റ യുവ എം പിയായാല്‍ ഭാര്യ കോളടിച്ചു
മുന്‍ എംപി പി കെ ബിജുവിന്റെ ഭാര്യ വിജി വിജയന് കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ്റ് പ്രൊഫസറായിട്ടാണ് നിയമനം നല്‍കിയത് . ഉയര്‍ന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധവുമുളള നൂറോളം ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് വിജി വിജയന് രാഷ്ട്രീയ പിന്‍ബലത്തിന്റെ പേരില്‍ നിയമനം നല്‍കുകയായിരുന്നു. അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിനാലാണ് വിജി വിജയന് നിയമനം നല്‍കിയതെന്ന ബാലിശമായ വിശദീകരണമാണ് സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് വന്നത്.
മുന്‍ എംപി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ കൊച്ചിന് സര്‍വകലാശാല ലീഗ് ഓഫ് തോട്ടില്‍ ഡയറക്ടറായി നിയമിച്ചതും പിന്‍വാതലിലൂടെ ആയിരുന്നു.
കെ.കെ. രാഗേഷ് എംപിയുടെ ഭാര്യ പ്രിയ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടറായതും വിവദമായിരുന്നു.സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്ന ആള് രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനോ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുവാനൊ പാടില്ലെന്ന ചട്ടം നിലനില്‍ക്കെ പ്രിയ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതും വിവാദമായി. രാഗേഷ് കര്‍ഷക നേതാവ് ചമഞ്ഞ് ദല്‍ഹിയില്‍ ഇടനിലക്കാരോടെപ്പം സമരത്തിലാണ്.
ഡിഫി നേതാവിന്റെ കോടതി കാണാത്ത ഭാര്യ നിയമവിദഗ്ധ
തീരദേശപരിപാലന അതോറിറ്റിയുടെ പുനസംഘടനയില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഭാര്യയെ തിരുകികയറ്റാണ് ശ്രമിച്ചത്. റഹീമിന്റെ ഭാര്യയെ അമൃതയെ അതോറിറ്റിയിലെ നിയമവിദഗ്ധയായാണ് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്വാശ്രയ കോളജിലെ അധ്യാപികയായ അമൃത അഭിഭാഷകയായി ജോലിനോക്കിയിട്ടില്ല. തീരസംരക്ഷണ നിയമത്തില്‍ ഒരു പ്രാവീണ്യവുമില്ല.
എല്‍എല്‍എം ബിരുദധാരിയായ അമൃത ഇപ്പോള്‍ സ്വാശ്രയ കോളജിലെ അധ്യാപികയാണ്. ദൂരദര്‍ശനില്‍ പാര്‍ട് ടൈം ആങ്കറുമായിരുന്നു. ഇവര്‍ അഭിഭാഷകയായി ജോലിനോക്കിയിട്ടില്ല. പരിസ്ഥിതിതീരദേശ വിഷയങ്ങളില്‍ വേണ്ടത്ര പരിചയമില്ലാത്ത ഒരാളെ ഈ തസ്തികയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കാരണം രാഷ്ട്രീയ ഇടപെടല്‍ മാത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ‘വര്‍ഗീയത വേണ്ട, ജോലി മതി’ എന്ന പേരില്‍ സംസ്ഥാനത്ത് റാലി നടത്തി സ്വന്തം ഭാര്യയ്ക്ക് റഹീം സര്‍ക്കാര്‍ ജോലി ഒപ്പിച്ചെടുത്തെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്യൂണ്‍ ആണേലും ഭാര്യവേണം
കോന്നി എം.എല്‍.എ കെ യു ജനീഷ് കുമാറിന്റെ ഭാര്യക്ക് സീതത്തോട് സഹകരണ ബാങ്കിലാണ് അനധികൃത നിയമനം നല്‍കിയത്. ജനീഷ് ഇവിടെ പ്യൂണ്‍ ആയിരുന്നു. ജോലി രാജിവെച്ച് ഭാര്യയെ നിയമിക്കുകയായിരുന്നു. ഡിഗ്രി പാസായവര്‍ക്ക് സഹകരണ സംഘം സ്ഥാപനങ്ങളില്‍ പ്യൂണ്‍ തസ്തികയില്‍ സ്ഥിരനിയമനം പാടില്ലെന്നാണ് ചട്ടം. പാസായില്ലെന്ന് വ്യാജ സത്യവാങ്മൂലം കൊടുക്കുകയായിരുന്നു.
നീക്കം പൊളിഞ്ഞ് മന്ത്രിയും എംഎല്‍എയും
രണ്ടു നേതാക്കളുടെ ഭാര്യമരെ നിയമിക്കാനുള്ള നീക്കം പിടിക്കപ്പെട്ടപ്പോള്‍ ഉപേക്ഷിക്കപ്പെട്ടു. മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ കേരള സര്‍വകലാശാലയില്‍ പദവി സൃഷ്ട്രിച്ച് നിയമിച്ചതും എ.എന്‍ ഷംസീറിന്റെ ഭാര്യ ഷഹാന ഷംസീറിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ ആക്കിയതുമാണ് വിജയിക്കാതിരുന്നത്.
കോളേജ് അധ്യാപികയായി വിരമിച്ച ജൂബിലി നവപ്രഭയെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായിട്ടാണ് നിയമിച്ചത്. വിവാദത്തെ തുടര്‍ന്ന് രാജിവെച്ചു.
ഷംസീറിന്റെ ഭാര്യ ഷഹാന ഷംസീറി നിയമനം നല്‍കുന്നതിലെ കള്ളക്കളികള്‍ പുറത്ത് വന്നതോടെയാണ് നിയമനം നടക്കാതെ പോയത്.
തുടക്കം ഇഎംഎസ് കാലം മുതല്‍
ഒന്നാം ഇ.എം.എസ് മന്ത്രിസഭയുടെ കാലത്തുതന്നെ പിന്‍വാതില്‍ നിയമനങ്ങളും അഴിമതിയും ആരംഭിച്ചിരുന്നു. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മെറിറ്റ് മറികടന്ന് ഒറീസയിലെ കട്ടക് മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് ഒരു സീറ്റ് തരപ്പെടുത്തി. രണ്ട് വര്‍ഷത്തെ ഭരണത്തിനിടയില്‍ മുണ്ടശ്ശേരി ബന്ധുക്കളെ തരാതരം പോലെ സര്‍വകലാശാലയിലും കോളജുകളിലും നിയമിച്ചത് വന്‍ വിവാദമായിരുന്നു.
മുണ്ടശ്ശേരിക്കുവേണ്ടി തെരഞ്ഞെടുപ്പ് കേസില്‍ ഹാജരായ അഭിഭാഷകന്റെ ഭാര്യാപിതാവിനെ ശ്രീചിത്രാലയത്തിന്റെ തലവനാക്കി. ആരോഗ്യമന്ത്രിയായിരുന്ന ഡോ.എം.ആര്. മേനോന്റെ ബന്ധു ഡോ. എം.കെ. മേനോനെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറാക്കി. ധനകാര്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ അനന്തരവള്‍ കല്യാണിദേവിക്ക് പ്രീഡിഗ്രിക്ക് 320 മാര്‍ക്ക് ആയിരുന്നിട്ടും എം.ബി.ബി.എസിന് പ്രവേശനം കൊടുത്തു (അക്കാലത്തെ കട്ടോഫ് മാര്‍ക്ക് 346 ആയിരുന്നു) എ.കെ.ജിയുടെ സഹോദരന് എ.കെ.എന്‍ നമ്പ്യാരെ 12 പേരുടെ സീനിയോറിറ്റി അവഗണിച്ച് വിദ്യാഭ്യാസ ഡയറക്ടറാക്കി
ഭരണം കിട്ടിയ കാലത്ത് സ്വന്തക്കാരെയും ബന്ധുക്കളെയും പിന്‍വാതിലിലൂടെയും യോഗ്യത മറികടന്നും നിയമിക്കുന്ന പതിവ് പിണറായി വിജയന്റെ കാലത്തും തുടരുന്നു. ബന്ധു നിയമനത്തിന്റെ ആക്ഷേപത്തെതുടര്‍ന്ന് ഒരുമന്ത്രിക്ക് രാജിവെക്കേണ്ട നാണക്കേട് ഉണ്ടായതും ഈ സര്‍ക്കാറിനാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: