ന്യൂദല്‍ഹി: സ്വകാര്യമേഖലയിലെ സ്പെഷ്യലിസ്റ്റുകളെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള ജോയിന്റ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും ആയി നിയമിക്കാന്‍ മോദിയുടെ നീക്കം. ഈ ഒഴിവുകളില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില് നിന്നും ഫിബ്രവരി 6 മുതല്‍ മാര്‍ച്ച് 22 വരെ അപേക്ഷ ക്ഷണിക്കുമെന്ന് ഇക്കണോമിക്സ് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഇതിനായി യുപിഎസ് സി അപേക്ഷ ക്ഷണിച്ച് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഇവരെ നിയമിക്കുക. വാണിജ്യവും വ്യവസായവും, ധനകാര്യസേവനം, സാമ്പത്തികകാര്യം, കൃഷിയും കര്‍ഷകക്ഷേമവും, നിയമവും നീതിയും, സ്കൂള്‍ വിദ്യാഭ്യാസവും സാക്ഷരതയും, ഉന്നതവിദ്യാഭ്യാസം, ഉപഭോക്തൃ കാര്യം, ഭക്ഷ്യ പൊതുവിതരണം, ആരോഗ്യം കുടുംബക്ഷേമം, റോഡ് ഗതാഗതം-ഹൈവേ, ജലശക്തി, വ്യോമയാനം, തൊഴില്‍ നൈപുണ്യവും വ്യവസായസംരംഭകത്വം എന്നീ വകുപ്പുകളിലേക്കാണ് ഇവരെ റിക്രൂട്ട് ചെയ്യുക.
2018ലും ലേറ്ററല്‍ എന്‍ട്രിയിലൂടെ പേഴ്സണല്‍ മന്ത്രാലയത്തിലേക്ക് പത്ത് പേരെ ജോയിന്റ് സെക്രട്ടറി റാങ്കില്‍ ജോലിക്കെടുത്തിരുന്നു. ബ്യൂറോക്രസിയിലേക്ക് സ്വകാര്യമേഖലയില്‍ നിന്നും കരാറടിസ്ഥാനത്തില്‍ ലേറ്ററല്‍ എന്‍ട്രി എന്ന നിലയ്ക്ക് കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്ന രീതി നരേന്ദ്ര മോദിയാണ് ആദ്യമായി കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: