Categories: Samskriti

ബ്രഹ്മാത്മത്വ ബോധത്തിലൂടെ കൃതകൃത്യരാവുക

വിവേകചൂഡാമണി 203

ശ്ലോകം 288

ഘടാകാശം മഹാകാശ  

ഇവാത്മാനം പരാത്മനി

വിലാപ്യഖണ്ഡഭാവേന  

തൂഷ്ണീം ഭവ സദാ മുനേ

കുടത്തിനകത്തെ ആകാശം മഹാകാശത്തില്‍ ചേര്‍ന്ന് ഒന്നാകും പോലെ ജീവാത്മാവിനെ പരമാത്മാവില്‍ വിലയിപ്പിച്ച് രണ്ടും ഒന്നെന്നറിഞ്ഞ് മൗനമായിരിക്കാന്‍ മുനിയോട് പറയുന്നു.

വേദാന്തത്തിലെ പ്രസിദ്ധമായ ഉദാഹരണമാണ് ഘടാകാശ മഹാകാശങ്ങള്‍. ഘടം എന്നാല്‍ കുടം. കുടത്തിനകത്തെ ആകാശം അത് വളരെ പരിമിതമാണ്. അതിന് ചുറ്റും കുടത്തിന്റെ മണ്‍പാളിയാണ്. കുടമുടഞ്ഞാല്‍ അതിനകത്തെ ആകാശം പുറമെ ചുറ്റും നിറഞ്ഞു നില്‍ക്കുന്ന യാതൊരു പരിമിതികളുമില്ലാത്ത മഹാ ആകാശവുമായി ചേരുന്നു.

എല്ലാറ്റിനും നിലനില്‍ക്കാന്‍ ഇടം, അവകാശം നല്‍കുന്നതിനാലാണ് ആകാശം എന്ന പേരുണ്ടായത്. ‘അവകാശാത് ആകാശ ഇതി ഉച്യതേ’. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയുമൊക്കെ മഹാകാശത്തിലാണ് നില്‍ക്കുന്നത്. ആകാശമുള്ളതിനാലാണ് സകല ജീവജാലങ്ങളും ജഡവസ്തുക്കളുമൊക്കെ ആകാശത്തിലാണ് നിലകൊള്ളുന്നത്. എല്ലാറ്റിനും ആകാശം നല്‍കുന്നതിനാല്‍ ആകാശം.

അനന്തമായ ആകാശം തന്നെയാണ് മണ്‍കുടത്തിനകത്തെ ആകാശവുമായിരിക്കുന്നത്. ഘടമാകുന്ന മാദ്ധ്യമമുള്ളതിനാല്‍ ഘടാകാശം ഉണ്ടാകുന്നു. ഇതുപോലെ തന്നെ മുറിക്കുള്ളിലെ മഠാകാശവും.

‘ആസമന്താത് കാശതേ ആകാശഃ’ നന്നായി തെളിഞ്ഞ് വിളങ്ങുന്നത് ആകാശം. മറ്റുള്ളവയെല്ലാം അതിലിരുന്ന് പ്രകാശിക്കുകയും ചെയ്യുന്നുണ്ട്. അത് ഏറ്റവും സൂക്ഷ്മവും യാതൊരു പരിമിതിയുമില്ലാത്തതാണ്. തന്മൂലം ആത്മാവിനെ ആകാശത്തിനോടാണ് തുലനം ചെയ്യുക. ആകാശത്തേക്കാള്‍ സൂക്ഷ്മവും ആകാശത്തിനും ആധാരമായതുമാണ് ആത്മാവ് . മഹാകാശത്തെ തന്നെയാണ്  കുടം എന്ന ഉപാധി മൂലം ഘടാകാശമായി തോന്നുന്നത്. അതു പോലെ പരമാത്മാവ് ദേഹമാകുന്ന ഉപാധിയില്‍ ചേരുമ്പോള്‍ ജീവനായി തോന്നുന്നു. ദേഹത്തിലെ താദാത്മ്യം നീക്കിയാല്‍ പരിമിതനായ ജീവാത്മാവ് പരിമിതികളൊന്നുമില്ലാത്ത പരമാത്മാവായി മാറുന്നു. ഇത് അനുഭവജ്ഞാനമാണ്.

ജീവാത്മാവിനെ പരമാത്മാവില്‍ വിലയിപ്പിച്ച് രണ്ടും ഒന്നെന്ന അനുഭൂതിയെ നേടുവാന്‍ മുനിയ്‌ക്ക് കഴിയും. എങ്ങനെ കൃതകൃത്യനാകാം എന്നാണ് ഇവിടെ പറയുന്നത്. കുടത്തില്‍ കുടുങ്ങിയ മഹാകാശത്തെ ഘടാകാശമെന്ന് പറയും പോലെ ബുദ്ധി മുതലായ ഉപാധികളില്‍ പരിമിതമാക്കപ്പെട്ട പരമാത്മാവ് ജീവനായിത്തീരുന്നു. വിചാരം ചെയ്ത് കുടത്തെ നിഷേധിച്ചാല്‍ മഹാകാശം മാത്രമേയുള്ളൂ. അതുപോലെ എല്ലാ ഉപാധികളേയും വിചാരം ചെയ്ത് തള്ളിയാല്‍ കേവല അഖണ്ഡമായ ബ്രഹ്മം മാത്രമേ അവശേഷിക്കുകയള്ളൂ. ആ ബ്രഹ്മാത്മത്വ ബോധം വന്നാല്‍ പിന്നെ കര്‍ത്തവ്യമൊന്നുമില്ല. ജീവപരയോരൈക്യത്തെ നേടിയ മുനി മൗനിയായി, പ്രശാന്തനായി കൃതകൃത്യനായിത്തീരും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: spiritual