യങ്കൂൺ: മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. പട്ടാളം തടവിലാക്കിയ എൻഎൽഡി നേതാവ് ആങ്ങ് സാൻ സൂചിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി അധ്യാപകരും വിദ്യാർത്ഥികളും തെരുവിലിറങ്ങി. ഫെയ്സ് ബുക്ക് നിരോധിച്ചതിനാൽ ട്വിറ്ററിലൂടെയാണ് സമരക്കാർ ആശയങ്ങൾ കൈമാറിയിരുന്നത്. ഇതോടെ ട്വിറ്ററും ഇൻസ്റ്റഗ്രാമും നിരോധിച്ചു.
എൻഎൽഡിയുടെ മുതിർന്ന നേതാവ് വിൻ ഹെറ്റിൻ ഉൾപ്പടെ നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തു. ജനാധിപത്യം പുനസ്ഥാപിക്കാൻ പട്ടാള ഭരണകൂടം തയാറായില്ലെങ്കിൽ കനത്ത ഉപരോധം ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ നേതൃത്വവുമായി ബൈഡൻ ഫോണിൽ സംഭാഷണം നടത്തി.
സൂചിയെ ഉടൻ മോചിപ്പിക്കണമെന്നും ജനാധിപത്യം ഉടൻ പുനസ്ഥാപിക്കണമെന്നും യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: