ജക്കാർത്ത: സ്കൂളുകളിൽ കുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് ഇന്തോനേഷ്യ. സ്കൂൾ അധികൃതർ മുസ്ലീം മത വസ്ത്രമായ ഹിജാബ് ധരിക്കാൻ കുട്ടികളോട് നിർദേശിച്ചാൽ ഉപരോധം നേരിടേണ്ടി വരുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ.
എല്ലാ വിദ്യാർത്ഥികളും ശിരോവസ്ത്രം ധരിക്കണമെന്ന് ചട്ടമുള്ള ഒരു സ്കൂളിൽ പഠിക്കുകയായിരുന്ന ക്രിസ്ത്യൻ പെൺകുട്ടിക്ക് നേരിടേണ്ടിവന്ന തിക്തഫലങ്ങളാണ് പുതിയ നിയമത്തിന് കാരണം. ഇന്തോനേഷ്യയിലെ പഡാങ്ങിലെ വൊക്കേഷണൽ സ്കൂളിൽ പഠിക്കുന്ന ക്രിസ്ത്യൻ കുടുംബത്തിലെ വിദ്യാർത്ഥിനിയോട് ക്ലാസ്സിൽ വരുമ്പോള്‍ മുസ്ലീം ശിരോവസ്ത്രം ധരിക്കാൻ സ്കൂളധികൃതര്‍ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ കുട്ടി ഇതിന് തയ്യാറായില്ല. ഇതോടെ മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ സ്കൂളധികൃതര്‍ കുട്ടിയോട് ആവശ്യപ്പെട്ടു.
സ്കൂളധികൃതരുമായുള്ള ചര്‍ച്ച മാതാപിതാക്കള്‍ മൊബൈലില്‍ രഹസ്യമായി ചിത്രീകരിക്കുകയും സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ വിഷയം ഇന്തോനേഷ്യയില്‍ ഏറെ ചര്‍ച്ചയായി. വീഡിയോയിൽ, അമുസ്‌ലിംകളടക്കം എല്ലാ വിദ്യാര്‍ത്ഥിനികളും സ്‌കൂൾ നിയമങ്ങൾ അനുസരിച്ച് ശിരോവസ്ത്രം ധരിക്കണമെന്ന് സ്‌കൂളിന് ഒരു ചട്ടം ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ശിരോവസ്ത്രം ധരിക്കാത്തതിന് മിക്കവാറും എല്ലാ ദിവസവും എന്റെ മകളെ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് എലിയാനു ഹിയ ബിബിസി ന്യൂസ് ഇന്തോനേഷ്യയോട് പറഞ്ഞു. വീഡിയോ വിവാദമായതോടെ സ്‌കൂൾ പ്രിൻസിപ്പൽ പത്രസമ്മേളനം വിളിച്ച് കുട്ടിയോട് ക്ഷമ ചോദിച്ചു. വിദ്യാർത്ഥിനിക്ക് സ്വന്തം മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാൻ അനുവാദം നല്‍കുമെന്നും പ്രന്‍സിപ്പാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: