കോഴിക്കോട്: മലയാളം കമന്റുകള്‍കൊണ്ട് നിറഞ്ഞ് അഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക് ഓഫ് ഘാനയുടെ പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജ്. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ വിട്ടുതരണമെന്നാണ് നാന കുഫോ അഡോയോട് മലയാളികള്‍ അവശ്യപ്പെടുന്നത്. മലയാളികളുടെ ഈ സമൂഹമാധ്യമ വിനോദം കണ്ട് അമ്പരന്ന് ഇരിക്കുകയാണ് പ്രസിഡന്റ്. പി വി അന്‍വറിനെ കുറിച്ച് അടുത്തിടെ പ്രചരിച്ച കിംവദന്തിയാണ് ഘാന പ്രസിഡന്റിന് പാരയായത്.
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഘാനയില്‍ തടവിലാണെന്ന അഭ്യൂഹമാണ് സമൂഹമാധ്യമങ്ങളിലൂടെ കറങ്ങി നടന്നത്. ഇതൊരു ഫെയ്സ്ബുക്ക് പൊങ്കാലയ്ക്കുള്ള അവസരമായി കണ്ട ഇന്റര്‍നെറ്റ് ലോകത്തുള്ള വിരുതന്മാര്, ട്രോളുകളും പഹിരാസങ്ങളുംകൊണ്ട് എഫ്ബി പേജ് നിറയ്ക്കുകയായിരുന്നു. അന്‍വറിനെ വിട്ടുകിട്ടണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഭീഷണി മുഴക്കിയുള്ള ഏകദേശം മൂവായിരത്തോളം കമന്റുകള്‍ പ്രസിഡന്റിന്റെ അവസാന പോസ്റ്റിന് താഴെയുണ്ട്.
ജപ്പാനെയും മഴമേഘങ്ങളെയുമൊക്കെ കമന്റുകളില്‍ പരാമര്‍ശിക്കുന്നു. ഒരു മാസത്തോളമായി എംഎല്‍എ മണ്ഡലത്തിലോ, തിരുവനന്തപുരത്തെ വീട്ടിലോ ഇല്ലെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരായിരുന്നു പ്രധാനമായും ആരോപണങ്ങളുന്നയിച്ചത്. നിയമസഭാ സമ്മേളനത്തിന് എത്താതിരുന്നതും ആക്ഷേപത്തിന്റെ മൂര്‍ച്ച കൂട്ടി.
തുടര്‍ന്ന് താന്‍ ആഫ്രിക്കയിലാണെന്നും കോവിഡ് പോസിറ്റീവ് ആയതുകൊണ്ടാണ് സഭാസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും എംഎല്‍എ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനിടെ ജയിലിലാണെന്ന കരക്കമ്പി പടരുകയായിരുന്നു. ‘ഘാനയില്‍ ജയിലില്‍ ആണത്രേ ആഗ്രഹങ്ങള്‍ കൊള്ളാം.. പക്ഷേ,ആളുമാറി പോയി.. ലേറ്റായി വന്താലും ലേറ്റസ്റ്റായ് വരവേ.. വെയ്റ്റ്’ എന്നാണ് എംഎല്‍എയുടെ ഇതേക്കുറിച്ചുള്ള കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: