കാഞ്ഞങ്ങാട്: നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തിരക്കിട്ട് ഉദ്ഘാടനം ചെയ്യാനൊങ്ങുകയാണ് പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം. നിലവില്‍ കെട്ടിടം മാത്രമാണ് പൂര്‍ത്തിയായത്. 9.40 കോടി ചെലവില്‍ പണിത ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി കെ.കെ. ശൈലജ 8ന് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനം കഴിഞ്ഞാലും ആശുപത്രിയുടെ പ്രവര്‍ത്തനം അടുത്തകാലത്തൊന്നും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. അവശ്യം വേണ്ട ട്രാന്‍സ്ഫോര്‍മര്‍, അഗ്നിസുരക്ഷ സംവിധാനം, ലിഫ്റ്റ്, എസി തുടങ്ങിയ പ്രവൃത്തികളുടെ കരാര്‍ നടപടി പോലും ആരംഭിച്ചിട്ടില്ല. ആശുപത്രി സൂപ്രണ്ടിനും 15 ഓഫീസ് സ്റ്റാഫിനും വേണ്ട കെട്ടിടസൗകര്യമൊരുക്കാനും ഇതുവരെയായും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ആശുപത്രിക്ക് സമീപമുള്ള പഴയ കേന്ദ്രീയ വിദ്യാലയത്തിന്റെ രണ്ടുനില കെട്ടിടം ഓഫീസ് സൗകര്യത്തിനായി അറ്റകുറ്റപ്പണി ചെയ്ത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പിഡബ്ല്യുഡിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കാന്‍ പോലും പിഡബ്ല്യുഡി തയാറായിട്ടില്ല.
2019 ഫെബ്രുവരി മൂന്നിന് ആരോഗ്യമന്ത്രിയാണ് 4000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്നുനില ആശുപത്രികെട്ടിടത്തിന് തറക്കല്ലിട്ടത്. സിവില്‍ വര്‍ക്കിനും ഇലക്ട്രിക്കല്‍ വര്‍ക്കിനുമായി ആകെ 9.4 കോടി രൂപ തുടക്കത്തിലെ സര്‍ക്കാര്‍ പിഡബ്ല്യുഡിക്ക് കൈമാറിയിരുന്നു. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ അനാസ്ഥയാണ് പ്രവൃത്തി വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ ആരോപണം. താഴത്തെ നിലയില്‍ അത്യാഹിത വിഭാഗം, ഫാര്‍മസി, ഓപ്പറേഷന് തീയേറ്റര്‍, ഒ.പി കൗണ്ടര്‍, വാര്‍ഡ് തുടങ്ങിയ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒന്നും രണ്ടും നിലകളില്‍ വാര്‍ഡും ഓപ്പറേഷന് തീയേറ്ററും പ്രവര്‍ത്തിക്കും.
150 കിടക്കകളുള്ള 3 നില കെട്ടിടമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നിലവില്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ ഭാഗമായി ട്രീറ്റ്മെന്റ് പ്ലാന്റ്, ഫാര്‍മസി, ഡോക്ടര്‍മാരുടെയും പരാ മെഡിക്കല്‍ ജീവനക്കാര്‍ക്കും വേണ്ട ക്വാട്ടേഴ്സുകള്‍ എന്നിവ ആവശ്യമുണ്ട്. അനുബന്ധ ജോലികള്‍ കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: