പുത്തൂര്‍: കുളക്കട പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കിയ പാത്തലയിലെ ടാര്‍ മിക്സിങ് പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിനെതിരെ വിവിധ തലങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ഒരു നാടിന്റെ മുഴുവന്‍ പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുന്ന പ്ലാന്റ് ഒരു കാരണവശാലും തുറക്കാന്‍ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ജനങ്ങള്‍ ഒന്നടങ്കം രംഗത്തെത്തിക്കഴിഞ്ഞു.
ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു പ്ലാന്റിന് അനുമതി നല്‍കിയത്. എന്നാല്‍ ജനങ്ങളുടെ വലിയ വിമര്‍ശനങ്ങളെത്തുടര്‍ന്ന് പ്ലാന്റിന് ലൈസന്‍സ് നല്കിയ നടപടി പഞ്ചായത്ത് പുനഃപരിശോധിച്ചു. മെഷീനുകളുടെ പ്രവര്‍ത്തനശക്തിയുടെ കാര്യത്തിലും പഞ്ചായത്ത് റോഡ് കൈയേറ്റത്തിലും അധികൃതരെ തെറ്റിധരിപ്പിച്ചാണ് ലൈസന്‍സ് നേടിയതെന്ന കïെത്തലിനെ തുടര്‍ന്ന് പിന്നീട് ലൈസന്‍സ് റദ്ദു ചെയ്യുകയായിരുന്നു. എന്നാല്‍ പ്ലാന്റുടമ ഹൈക്കോടതിയെ സമീപിക്കുകയും പ്ലാന്റിന്റെ പ്രവര്‍ത്തനം വീണ്ടും പുനരാരംഭിക്കുകയുമായിരുന്നു. ഇതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്
രൂക്ഷമായ ദുര്‍ഗന്ധവും പരിസര മലിനീകരണവുമാണ് പ്ലാന്റില്‍നിന്നും ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഭാവിയില്‍ ഏറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വരെ കാരണമാകാവുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് നാട്ടുകാരുടെ നീക്കം. പ്ലാന്റിലേക്ക് കയറാന്‍ പഞ്ചായത്ത് റോഡിന്റെ ഭാഗം ഉള്‍പ്പെടെ മണ്ണിട്ട് ഉയര്‍ത്തിയ നടപടിയും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടെ നിയമ വിരുദ്ധമായി പ്ലാന്റിന് അനുമതി നല്കിയ ഇടതുമുന്നണി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് സമരവുമായി രംഗത്തെത്തിയതും ജനങ്ങളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: