ശ്ലോകം 285
പ്രതീതിര്ജീവ ജഗതോഃ
സ്വപ്നവദ്ഭാതി യാവതാ
താവന്നിരന്തരം വിദ്വന്
സ്വാദ്ധ്യാസാപനയം കുരു
ജീവജഗത്തുക്കളുടെ പ്രതീതി, സ്വപ്നം പോലെ നിലനില്‍ക്കുന്നിടത്തോളം കാലം അറിവുള്ളയാള്‍ സ്വന്തം അദ്ധ്യാസത്തെ നീക്കം ചെയ്യണം.
ഈ ശ്ലോകത്തെ രണ്ട് തരത്തില്‍ വ്യാഖ്യാനിക്കാറുണ്ട്. ജീവ ജഗത്തുക്കളുടെ പ്രതീതി സ്വപ്നാനുഭവങ്ങളെപ്പോലെയെങ്കിലും നിലനില്‍ക്കുന്ന കാലത്തോളം അദ്ധ്യാസ നിരാസം തുടരണമെന്ന് ചിലര്‍ പറയുന്നു.
എന്നാല്‍ മറ്റ് ചിലര്‍ പറയുന്നത് ജീവജഗത്തുക്കള് കേവലം സ്വപ്നത്തിലെന്ന പോലെ മാത്രം പ്രതീതമാകുമ്പോള്‍ അദ്ധ്യാസനിരാസം എന്ന അഭ്യാസത്തെ നിര്‍ത്താമെന്നാണ്.
ജീവജഗത് പ്രതീതി സ്വപ്നം പോലെയെങ്കിലും അഭ്യാസം നിര്‍ത്തരുതെന്നും സാധകന് സമാധിയില്‍ ലയിക്കും വരെ അഭ്യാസം തുടരണമെന്നുമാണ് ഒരു കൂട്ടര് പറയുന്നത്.
ഈ രണ്ട് പക്ഷവും നമ്മുടെ സംസ്കാരം അംഗീകരിക്കുന്നുണ്ട്. ആത്മസാക്ഷാത്കാരം നേടിയ മഹാത്മാക്കള്‍ സമൂഹത്തിലേക്കിറങ്ങി വന്ന് ലോകസേവ ചെയ്യുന്നത് കാണാം. സാക്ഷാത്കാര ശേഷവും ലോകത്തെ അവര്‍ കാണുന്നുണ്ട്.അപ്പോഴും സ്വപ്നം പോലെ മിഥ്യയാണ് ലോകം എന്ന് അവര്‍ക്ക് ബോധമുണ്ട്. കാരക പുരുഷന്മാര് എന്നാണ് അവരെ വിളിക്കുക.ശ്രീരാമന്, ശ്രീകൃഷ്ണന്, ജനക രാജാവ്, ശങ്കരാചാര്യര്‍ തുടങ്ങിയവര്‍ ഇതിനുദാഹരണമാണ്.
രണ്ടാമത്തെ കൂട്ടര് എപ്പോഴും ധ്യാനിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ദൈ്വത പ്രതീതിയില്ല. എപ്പോഴെങ്കിലും ജഗത്ത് പ്രതീതിയുണ്ടായാല്‍ അവര്‍ മനസ്സിനെ അടക്കി ബ്രഹ്മാകാരവൃത്തിയില്‍ മുഴുകും.
ഉണര്ന്നയാള്ക്ക് സ്വപ്നം മിഥ്യയെന്ന ബോധ്യമാകുന്നതു പോലെ സാക്ഷാത്കാരം നേടിയവര്‍ക്ക് ജീവ ജഗത്തുകള്‍ വെറും പ്രതീതി മാത്രമാണ്. അതുവരെ സ്വന്തം അദ്ധ്യാസം നിരാകരിക്കണം.
ശ്ലോകം 286
നിദ്രായാ ലോകവാര്ത്തായാഃ
ശബ്ദാദേരപി വിസ്മൃതേഃ
ക്വചിന്നാവസരം ദത്വാ
ചിന്തയാത്മാനമാത്മനി
ഉറക്കം, ലോക വ്യവഹാരങ്ങള്‍, ശബ്ദം മുതലായ വിഷയങ്ങള്‍ എന്നിവ മൂലം ആത്മവിസ്മൃതിക്ക് അല്പം പോലും ഇടം നല്‍കാതെ ഹൃദയത്തില്‍ ആത്മാനുസന്ധാനം ചെയ്യണം.
നിദ്ര എന്ന് പറഞ്ഞാല്‍ പ്രജ്ഞയില്ലാത്ത അവസ്ഥ.അദ്ധ്യാത്മിക പുരോഗതിയില്‍ തടസ്സമായി നില്ക്കുന്ന രണ്ട് കാര്യങ്ങളാണ് പ്രജ്ഞയില്ലാതിരിക്കലും ലൗകിക കാര്യങ്ങളിലെ അതിരുവിട്ട താല്പര്യവും.ആരെങ്കിലും മഹത്തായ ഒരു ആദര്‍ശത്തെ മുന്‍നിര്‍ത്തി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ മറ്റ് പലരും പിന്തിരിപ്പിക്കാള് ശ്രമിക്കും. അവരുടെ പിടിയില്‍പെട്ടാല്‍ പിന്നെ ദയനീയ പരാജയമാകും.
പ്രവര്‍ത്തിക്കുന്നതിനിടയില്‍ ശ്രദ്ധക്കുറവോ പിഴവോ നീട്ടിവയ്ക്കലോ ഉണ്ടായാല്‍ ലക്ഷ്യം കാണില്ല. കഴിവിനെ തന്നെ ബാധിക്കും. ശബ്ദം മുതലായ വിഷയങ്ങളും ആത്മവിസ്മരണത്തിന് കാരണമാകും. അതിനാല്‍
എപ്പോഴും ജാഗ്രത വേണം. ഒരു ക്ഷണം പോലും ലക്ഷ്യബോധം വിടരുത്. കാമന മുതലായവയ്ക്ക് നമ്മുടെ ഉള്ളില്‍ കടന്നു കൂടാന്‍ ഇട കൊടുക്കരുത്. സദാ സ്വസ്വരൂപാനന്ദത്തില് മുഴുകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: