മക്കളേ,
ഇന്ന് ഓരോ നിമിഷവും മനുഷ്യന് ടെന്‍ഷനിലാണ്. സകലസുഖസൗകര്യങ്ങളും ഉണ്ടായിട്ടും അവന് ടെന്‍ഷനൊഴിഞ്ഞ നേരമില്ല. പല കാര്യങ്ങളെക്കുറിച്ചും ആവശ്യമില്ലാതെ ചിന്തിച്ചു മനസ്സിന്റെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക ഇന്നു നമ്മുടെ സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു.
കൈയില്‍ ഒരു മുറിവുണ്ടായാല്‍ മുറിവു നോക്കിയിരുന്നു വിഷമിച്ചതുകൊണ്ടോ കരഞ്ഞതുകൊണ്ടോ മുറിവുണങ്ങുകയില്ല. മുറിവു കഴുകി മരുന്നു വയ്ക്കുകയാണു വേണ്ടത്. അതുപോലെ പ്രശ്നങ്ങള്‍ വരുമ്പോള്‍ അവയെ ഓര്‍ത്തു വിഷമിച്ചിരുന്നതുകൊണ്ടു മാത്രം പരിഹാരമുണ്ടാവില്ല. എന്നുമാത്രമല്ല, ടെന്‍ഷന്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും ദുര്‍ബ്ബലപ്പെടുത്തും. ടെന്‍ഷനാണു മിക്ക രോഗങ്ങള്‍ക്കും കാരണമായിത്തീരുന്നത്. ഓരോ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു ടെന്‍ഷന്‍ അടിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മള് നമ്മുടെ ജീവിതത്തെ കൂടുതല്‍ പ്രയാസകരമാക്കുകയാണു ചെയ്യുന്നത്.
നമ്മുടെ കൈയില്‍ ഒരു ഗ്ലാസ് വെള്ളം ഉണ്ടെന്നിരിക്കട്ടെ. അത് ഒരു മണിക്കൂര്‍ അങ്ങനെ പിടിച്ചുകൊണ്ടുനിന്നാല് കുറച്ചു വേദനിക്കും. ഒരു ദിവസം മുഴുവന്‍ അങ്ങനെ ഉയര്‍ത്തിപ്പിടിച്ചാല്‍ കൈ അനക്കാന്‍ പറ്റാതാവും. അവസാനം നമ്മളെ ആശുപത്രിയിലാക്കേണ്ടിവരും. ഇതുപോലെയാണു നമ്മുടെ വികാരവിചാരങ്ങള്‍. അവയുടെ ഭാരം വല്ലപ്പോഴുമെങ്കിലും ഇറക്കി വയ്ക്കാതിരുന്നാല്‍ വേണ്ടതു ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവാനോ സാധിച്ചെന്നുവരില്ല. മനസ്സിന്റെ സമനിലതന്നെ തെറ്റിയെന്നു വരാം. മനസ്സിന്റെ ഭാരം ഇറക്കിവയ്ക്കുന്ന പ്രക്രിയയാണു റിലാക്സേഷന് അഥവാ വിശ്രാന്തി.
നിരന്തരമായുള്ള ടെന്‍ഷന്‍ ക്രമേണ ശരീരത്തെ ദുര്‍ബ്ബലമാക്കുന്നു. നല്ല ആരോഗ്യമുള്ള ഒരു മനുഷ്യനു സാധാരണ വേണ്ട രക്തസമ്മര്‍ദ്ദം, താഴത്തേത് എണ്‍പതും മുകളിലത്തേത് നൂറ്റിയിരുപതുമാണ്. പ്രഷറിന്റെ അസുഖമുള്ള ഒരാള്‍ക്ക് ടെന്‍ഷന്‍ വരുമ്പോള്‍ അതു നൂറ്റമ്പതോ ഇരുനൂറോ വരെയും വര്‍ദ്ധിക്കാം. അതുമൂലം തലയിലെ ചെറിയ ഞരമ്പുകള്‍ പൊട്ടി ശരീരത്തിന്റെ ഒരുവശം തളര്‍ന്നുവെന്നു വരാം. ഇന്ന്, സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ ഹൃദ്രോഗബാധിതരാണ്. പലരും പേസ്മേക്കറുമായാണ് ജീവിക്കുന്നത്. എന്നാല്‍ ഈ പേസ്മേക്കറിനു പകരം ആദ്ധ്യാത്മികതയാകുന്ന ‘പീസ്മേക്കര്‍’ നമ്മുടെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞാല്‍ പേസ്മേക്കറിന്റെ ആവശ്യം തന്നെ ഉണ്ടാകില്ല.
ഒരിക്കല്‍ ഒരു മഹാത്മാവും ശിഷ്യന്മാരും കൂടി യാത്ര പുറപ്പെട്ടു. വെയിലത്ത് നടന്നായിരുന്നു യാത്ര. വഴിക്ക് ഒരു തണല്‍വൃക്ഷം കണ്ടപ്പോള്‍ മഹാത്മാവ് തണലില്‍ ഇരുന്നു. അദ്ദേഹം ശിഷ്യരോട് കുടിക്കാന്‍ കുറച്ച് വെള്ളം കിട്ടുമോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞു. ശിഷ്യന്മാര് വെള്ളം അന്വേഷിച്ച് നടന്നപ്പോള്‍ കുറച്ചകലെ ഒരു കൊച്ചു പൊയ്ക കണ്ടു. അവര്‍ വെള്ളം
പാത്രത്തില്‍ എടുക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു കൃഷിക്കാരന് തന്റെ കാളകളെ കുളിപ്പിക്കാനായി പൊയ്കയില്‍ ഇറക്കി. പൊയ്കയിലെ വെള്ളമാകെ കലങ്ങി. ഇതുകണ്ട് ശിഷ്യന്മാര് നിരാശരായി ഗുരുവിന്റെ അടുത്തുചെന്ന് വിവരം പറഞ്ഞു. ഗുരു അവരോട് അടുത്തിരിക്കാന്‍ പറഞ്ഞു. അരമണിക്കൂര്‍ എല്ലാവരും ആ തണലില്‍ വിശ്രമിച്ചു. അതിനുശേഷം ഗുരു പറഞ്ഞു, ‘ഇനി ആ പൊയ്കയില്‍ ചെന്നു നോക്കൂ.’ ശിഷ്യന്മാര് ചെന്നു നോക്കിയപ്പോള്‍ സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. അവര്‍ കുടങ്ങളില്‍ വെള്ളം നിറച്ച് ഗുരുവിനു കൊടുത്തു. ഗുരു പറഞ്ഞു, ‘ഇതുപോലെയാണ് മനുഷ്യമനസ്സിന്റെ കാര്യവും. പ്രശ്നങ്ങള്‍ വരുമ്പോള്‍ അതു കലങ്ങും, കലുഷമാകും. എന്നാല്‍ കുറച്ചുനേരം ഒന്നും ചെയ്യാതെ മനസ്സിനെ സ്വസ്ഥമായി ശാന്തമായി ഇരിക്കാന്‍ അനുവദിക്കുക. അതുമാത്രം മതി. മനസ്സ് ശാന്തമാകും.’
ഒരു യന്ത്രം ക്രമാതീതമായി ചൂടുപിടിച്ചാല്‍ അതിന്റെ പ്രവര്‍ത്തനം തകരാറിലാകും. അതുപോലെ ടെന്‍ഷന്‍ നമ്മുടെ മാനസികമായ കഴിവുകളെയും പ്രവര്‍ത്തനക്ഷമതയെയും വളരെയേറെ ബാധിക്കുന്നു. ടെന്‍ഷന്‍ ഒഴിവാക്കുവാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുക, ആദ്ധ്യാത്മിക തത്ത്വങ്ങള്‍ മനസ്സിലാക്കുക, ടെന്‍ഷന്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍നിന്നും ഇടയ്ക്കിടെ മാറിനില്‍ക്കുക, സംഗീതം കേള്‍ക്കുക, മനസ്സിന് ഉല്ലാസം തരുന്ന പ്രവൃത്തികളിലും കളികളിലും ഏര്‍പ്പെടുക, കൂട്ടുകാരോടും കൊച്ചുകുട്ടികളോടുമൊപ്പം സമയം പങ്കിടുക, ഇതൊക്കെ പിരിമുറുക്കം കുറയ്ക്കാന്‍ സഹായകങ്ങളാണ്. പ്രാണായാമവും, ധ്യാനവും, ശവാസനംപോലുള്ള ആസനങ്ങളും ആഴത്തില്‍ വിശ്രാന്തി കൊണ്ടുവരുന്നതില്‍ ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: