ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ധനസമാഹരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. ക്ഷേത്ര നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഇതിനോടകം 230 കോടി രൂപ സമാഹരിച്ചു. കൂടുതല്‍ ആളുകളിലേക്കും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഇറക്കിയ ഒരു ഗാനമാണ് ഇപ്പോള്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നത്.
രാമക്ഷേത്രത്തിന് വേണ്ടി രാജ്യത്തെ ജനങ്ങളില്‍ വൈകാരിക പ്രതികരണം ഉണര്‍ത്തുന്നതിനായി ഭഗവാന് ശ്രീരാമചന്ദ്രന് ആദരവ് അര്‍പ്പിച്ചുകൊണ്ട്, രാജ്യം രാമ മന്ദിരത്തിന് വേണ്ടി സംഭാവന സമര്‍പ്പിക്കുന്നു എന്ന ആശയം പങ്കുവയ്ക്കുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുകയാണ്. രാം ജി വാപസ് അപ്നെ ഘര്‍ ആയേംഗെ എന്ന് തുടങ്ങുന്ന വരികളിലൂടെ രാമന് ഓരോ ഭവനങ്ങളിലേക്കും എത്തുന്നു എന്ന് പറയുന്നതിനൊപ്പം രാജ്യത്തിന്റെ ഐക്യവും വിളിച്ചോതുന്നു. ഒപ്പം രാമക്ഷേത്രത്തിന് വേണ്ടി സംഭാവന അര്‍പ്പിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
നിരവധി ഹൈന്ദവ സംഘടനകളും രാഷ്ട്രീയ സ്വയം സേവകസംഘവും വിശ്വഹിന്ദു പരിഷത്തും ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവരില്‍ നിന്നും ധനം സമാഹരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ തുടങ്ങിയവരെല്ലാം രാമഭക്തരുടെ ഉദ്യമത്തെ പ്രശംസിക്കുകയും ചെയ്തു. 500 വര്‍ഷത്തെ പോരാട്ടത്തിനും കാത്തിരിപ്പിനും ഒടുവിലാണ് അയോധ്യയില്‍ രാമക്ഷേത്രം വീണ്ടും ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: