കൊല്ലം: വിവിധ വകുപ്പുകളില്‍ ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം സര്‍ക്കാര്‍ സര്‍വ്വീസിനെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ഈ നീക്കം ചെറുത്തുതോല്‍പ്പിക്കുമെന്നും എന്‍ജിഒ സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷ അനിതാ രവീന്ദ്രന്. ജില്ലാ സമ്മേളന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഇഷ്ടക്കാരെ പിന്‍വാതിലിലുടെ നിയമിക്കുന്നത് വഴി തൊഴില്‍ അന്വേഷകരെയും പൊതുസമൂഹത്തെയും പരിഹസിക്കുകയാണ് സര്‍ക്കാര്‍. പിഎസ്സിയെ നോക്കുകുത്തിയാക്കിയുള്ള ഈ നീക്കം 60 ലക്ഷത്തോളം തൊഴില്‍രഹിതരോടുള്ള പരിഹാസമാണ്.
പാര്‍ട്ടിബന്ധം മാത്രം യോഗ്യത ആക്കി ഇഷ്ടക്കാരെ തിരുകി കയറ്റുന്നതുവഴി സര്‍വാധിപത്യമാണ് പിണറായിഭരണം ലക്ഷ്യമിടുന്നത്. സര്‍വ്വീസ് വെയിറ്റേജ് എടുത്ത് കളഞ്ഞതിലൂടെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗം വരുന്ന ക്ലാസ് 3 ക്ലാസ് 4 ജീവനക്കാര്‍ക്ക് ലഭിക്കേണ്ട മാന്യമായ വേതനം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.രാധകൃഷ്ണപിള്ള അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍.രമേശ്, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡി. ബാബുപിള്ള, ജില്ലാസെക്രട്ടറി ആര്.കൃഷ്ണകുമാര്‍, ജില്ലാട്രഷറര്‍ പി. മനേഷ്ബാബു, ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.അജയന്, എ. ഉദയകുമാര്‍, ആര്. പ്രദീപ്കുമാര്‍, എ. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: