ആലപ്പുഴ: ആലപ്പുഴ നഗരസഭ കുടിവെള്ളപദ്ധതിയുടെ തകഴി കേളമംഗലം ജങ്ഷനില്‍ പൊട്ടിപ്പോയ പൈപ്പ് ലൈന്റെ അറ്റകുറ്റപണി ആരംഭിച്ചു. നിരവധി തവണ പൊട്ടിയിട്ടും അറ്റകുറ്റപണിയില്‍ ഒതുക്കുന്ന ജലഅതോറിറ്റിയുടെ പണി ഇക്കുറിയും പാളുമോയെന്ന് സ്ഥലവാസികള്‍. പ്രോജക്ട് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നുണ്ടെങ്കിലും പൈപ്പ് പൂര്‍ണ്ണമായി നീക്കം ചെയ്യുന്നില്ല.
തൊഴിലാളികളെ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത ശേഷം പൊട്ടിയ സ്ഥലത്തെ പൈപ്പ് മുറിച്ചുമാറ്റുന്ന നടപടിയാണ് നടക്കുന്നത്. രണ്ട് സ്ഥലങ്ങളിലായാണ് പൈപ്പ് പൊട്ടിയത്. പൊട്ടിയ സ്ഥലത്തെ പൈപ്പ് അറുത്ത് മാറ്റി പുതിയ പൈപ്പ് സ്ഥാപിച്ച് ജലവിതരണം നടത്താനാണ് തീരുമാനം. മീന്ന് ദിവസത്തിനുള്ളില്‍ ആലപ്പുഴക്കാര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കഴിയുമെന്നാണ് ജലഅതോറിറ്റിയുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് എടത്വാ-തകഴി സംസ്ഥാനപാതയില്‍ കേളമംഗലം പാലത്തിന് സമീപം ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ കുത്തൊഴുക്കില്‍പെട്ട് കച്ചവട സ്ഥാപനങ്ങള്‍ക്ക് കനത്ത നഷ്ടം നേരിട്ടിരുന്നു. ബുധനാഴ്ച ഉച്ചവരെ ബസ് സര്‍വ്വീസും നിലച്ചിരുന്നു. ഗുണനിലവാരം കുറഞ്ഞ പൈപ്പാണ് കേളമംഗലത്ത് സ്ഥാപിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടും പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. തകഴി പാലം മതല്‍ കേളമംഗലം പാലം വരെയുള്ള അന്‍പത് മീറ്റര്‍ സ്ഥലത്താണ് പൈപ്പ് കൂടെകൂടെ പൊട്ടുന്നത്. ഇതിനോടകം ചെറുതും വലുതുമായി പതിനഞ്ചിലേറെ തവണ പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് ലൈന്‍ പൂര്‍ണ്ണമായി മാറ്റാതെ അറ്റകുറ്റ പണിയില്‍ ഒതുക്കുന്നതാണ് വീണ്ടും പൈപ്പ് പൊട്ടാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: