അപ്പോഴേക്കും ശിവാജി ക്രോധംകൊണ്ടും നിരാശകൊണ്ടും മോഹാലസ്യപ്പെട്ടു. ഇത്രയും ആത്മസംയമിയായ മനുഷ്യന് എങ്ങനെയാണ് മോഹാലസ്യപ്പെട്ടത്. എന്ത് പറ്റി അദ്ദേഹത്തിന്? അദ്ദേഹം ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ഉയര്‍ന്ന അഭിലാഷം വിഫലമായിട്ടുണ്ടാവും. ഇത്രയും ദൂരം വന്നിട്ട് എന്റെ പരിശ്രമം, സാഹസം എല്ലാം വ്യര്ത്ഥമയല്ലൊ എന്ന ശക്തമായ നിരാശയില്‍നിന്നും ആഘാതം സംഭവിച്ചതാകാം.
ധീരനായ ശിവാജി മോഹാലസ്യപ്പെടാന്‍ സാധ്യതയില്ല, രാജസഭയില്‍ നിസ്സാരനായ ഒരു നായകനായി നില്ക്കാന് ഇഷ്ടപ്പെടാത്തതുകൊണ്ട് ബോധം പോയതുപോലെ അഭിനയിച്ചതാകാം എന്നും ചില ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. രാജസഭയില്‍നിന്നും രാമസിംഹന് ശിവാജിയെ തന്റെ ഗൃഹത്തില്‍ കൊണ്ടുപോയി. അവിടെ വച്ച് ശിവാജിയെ സാന്ത്വനപ്പെടുത്താന്‍ രാമസിംഹന് ചെയ്ത എല്ലാ പ്രയത്നങ്ങളും വിഫലമായി. അവിടുന്ന് ശിവാജി രാമസിംഹന്റെ വീടിനോട് ചേര്‍ന്നുള്ള തന്റെ ശിബിരത്തിലേക്ക് പോയി. വരാന്‍ പോകുന്ന വിപത്തിനെ ഓര്‍ത്ത് രാമസിംഹന്റെ ഹൃദയമിടിപ്പ് വര്‍ധിക്കാന്‍ ആരംഭിച്ചു.
ഔറംഗസേബിന്റെ കൃപ കൂടാതെ ശിവാജിയുടെ പ്രാണന് രക്ഷിക്കുന്നത് അസാധ്യമാണെന്ന് രാമസിംഹന് അറിയാം. അതുകൊണ്ട് ഇനിയങ്ങോട്ട് എല്ലാ ദിവസവും രാജസഭയില്‍ വന്ന് ബാദശാഹയെ നമസ്കരിക്കണമെന്ന് ശിവാജിയോട് രാമസിംഹനപേക്ഷിച്ചു. അങ്ങയുടെ സുരക്ഷാ ദൃഷ്ടിയില് അങ്ങനെ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നു കൂടി പറഞ്ഞു. അവസാനം ശിവാജി പറഞ്ഞു; തല്ക്കാലം മകന് സംഭാജി പോയ്വരട്ടെ, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ പോകാം.
കുറച്ചു ദിവസത്തിനുശേഷം ഔറംഗസേബ് രാമസിംഹനോട് ചോദിച്ചു. ശിവാജി എല്ലാ ദിവസവും രാജസഭയില്‍ വരുന്നുണ്ടല്ലൊ ഇല്ലേ? എന്ന്. ഇല്ല മഹാരാജന് അയാള്‍ക്ക് ജ്വരം ബാധിച്ചിരിക്കയാണ്. അതുകൊണ്ട് ഇവിടെ വരാന്‍ സാധിക്കില്ല, എന്ന് പറഞ്ഞു. വാസ്തവത്തില്‍ ശിവാജിക്ക് സ്വാഭിമാനത്തിന്റെ ജ്വരമായിരുന്നു.
അവിടെ രാജസഭയെ സംബന്ധിച്ച് ഒന്ന് പരിശോധിച്ചു നോക്കാം. മഹാരാഷ്ട്രയിലെ യുദ്ധക്കളത്തില്‍ ശിവാജിയോട് പരാജയപ്പെട്ട് പിന്‍വാങ്ങിയ അനേകം നായകന്മാര് ആ രാജസഭയില്‍ ഉണ്ടായിരുന്നു. ജസവന്തസിംഹന് രാജസഭയില്‍ വച്ച് സംഭവിച്ച അപമാനത്തിന് പ്രതികാരം ചെയ്യാനുള്ള അവസരം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മുന്‍പ് ഹിന്ദുദുര്ഗത്തില് വച്ച് സംഭവിച്ച പരാജയം അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. വജീര്‍ ജാഫര്‍ഖാനും പ്രതികാരം ചെയ്യാനുള്ള അവസരം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ശയിസ്തേഖാന്റെ സഹോദരിപതിയാണ് വജീര്ഖാന്. പിന്നെ കോപം വരുന്നത് സ്വാഭാവികമാണല്ലൊ? ബാദശാഹയുടെ അനുജത്തിയും ശിവാജിയോട് ഏറെ വെറുപ്പുള്ളവളായിരുന്നു കാരണം, സൂറത്ത് നഗരത്തിന്റെ വരുമാനത്തില്‍നിന്നും പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ബാദശാഹ സഹോദരിക്കു കൊടുത്തുവരാറുണ്ടായിരുന്നു. ശിവാജിരാജേ സൂറത്ത് നഗരം കൊള്ളയടിച്ച് തീയിട്ടതിനുശേഷം വരുമാനമില്ലാത്തതിനാല്‍, ഇപ്പോഴത് കിട്ടുന്നില്ല. അതായിരുന്നു ജഹനാരാ ബേഗത്തിന് ശിവാജിയോടുള്ള വിരോധ കാരണം. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് ബാദശാഹയുടെ അടുത്ത് ചെന്ന് എരിതീയില്‍ എണ്ണയൊഴിച്ചു. രാജസഭയില്‍ ശിവാജിയുടെ പെരുമാറ്റം ബാദശാഹയെ അപമാനിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണ്. മുഗളരുടെ അഭിമാനത്തിനേറ്റ കളങ്കമാണിത്. എന്നിട്ടും ബാദശാഹ മൗനമാചരിക്കുന്നു എന്നത് ആശ്ചര്യം തന്നെ.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: