”ജയ് ശ്രീറാം” അല്ലെങ്കില്‍ ശ്രീരാമജയം എന്നത് കേവലമൊരു മുദ്രാവാക്യമല്ല. പ്രത്യുത ഭാരതത്തിന്റെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ ഏകതയുടെ സ്ഥിരീകരണമാണ്. അതുകൊണ്ടു തന്നെയാണ് രാഷ്ട്രത്തിന്റെ അഖണ്ഡതയിലും ഏകതയിലും വിശ്വാസമുള്ള യഥാര്‍ത്ഥ ഭാരതീയര്‍ക്ക് ആ മന്ത്രം ഹൃദയസ്പന്ദമായി മാറുന്നത്. ഭാരതത്തെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആ ഉദ്ഘോഷം ഹൃദയഭേദകമായി തീരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ശ്രീരാമന് പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളും പുണ്യകര്‍മ്മങ്ങളും രാഷ്ട്രത്തെ ഒന്നാക്കുന്നതിനും നന്നാക്കുന്നതിനും ഉള്ളതായിരുന്നു. വിഭജിച്ചു ഭരിക്കാനും ഭിന്നിച്ചു താന്‍പോരിമ നിലനിര്‍ത്താനും മുതിരുന്നവര്‍ക്ക് എല്ലാ കാലത്തും രാമനാമം ഭയാവഹമാണ്.
ഹിന്ദുത്വ ദര്‍ശനത്തിന് ധര്‍മ്മവിഗ്രഹമായ രഘുകുലോത്തമനായ ശ്രീരാമന് പരമപ്രധാനമാണ്. രാഷ്ട്രസംബന്ധമായ ചര്‍ച്ചകളുടെ കേന്ദ്ര സ്ഥാനത്ത് രാമതത്വത്തെ മഹത്തുക്കള്‍ എക്കാലവും പ്രതിഷ്ഠിച്ചു. ഹൈന്ദവ സംസ്കൃതിയുടെ ചിരന്തനാദര്‍ശങ്ങളുടെ പ്രതിപുരുഷനായിരുന്നു ശ്രീരാമന്. രാമായണാരംഭത്തില്‍ തന്നെ ഉന്നതമായ ആദര്‍ശങ്ങളുടെ വര്‍ണ്ണന കാണാം. ആവശ്യപ്പെടുന്നതിലും നാലിരട്ടിയിലധികം ഗുണങ്ങളുള്ള മാതൃകാപുരുഷനെയാണ് നാരദമുനി വാല്മീകിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ഇവ ഓരോന്നും നമ്മുടെ രാഷ്ട്രത്തിന്റെ സാംസ്കാരികമായ ഔന്നത്യത്തിന് കാരണമായി. ഭാരതത്തിന്റെ അവിനാശിയായ പുരോഗതിക്ക് അടിത്തറ ഒരുക്കുന്നതും പ്രേരണയേകുന്നതും ആ മൂല്യങ്ങളാണ്.
ആത്മസമര്‍പ്പണം, ഭൂതദയ, മാതൃ-പിതൃ-ഗുരു ഭക്തി, ധാര്‍മ്മികത, ധര്‍മ്മരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാതെ പൊരുതാനുള്ള മനസ്ഥിതി, ധീരത, കൃത്യാകൃത്യ വിവേചനം തുടങ്ങിയ ശ്രീരാമ ഗുണങ്ങള്‍ ഭാരതീയന് സത്യമാര്‍ഗ്ഗത്തില്‍ ചരിക്കാനുള്ള വഴിവിളക്കായി. അത് രാമായണത്തിലൂടെ തലമുറയില്‍ നിന്നും തലമുറയിലേക്ക് പകര്‍ന്നു. കുടുംബ ഭദ്രതക്കുള്ള അനിവാര്യ ഗുണങ്ങളായി അവയെ നാമെന്നും ആദരിച്ചു. സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഹിന്ദുരാഷ്ട്രത്തിന്റെ മുക്കിലും മൂലയിലും ഒരുപോലെ രാമധര്‍മ്മം വ്യാപിച്ചു. എപ്പോഴെല്ലാമാണോ രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത് അപ്പോഴൊക്കെയും രാമാദര്ശത്തെ അനുസരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി. സാഹിത്യം മുതല്‍ രാജനീതി ശാസ്ത്രം വരെ രാമതത്വത്തെ ആധാരമാക്കി പുനരാവിഷ്കരിക്കപ്പെട്ടു. നിരന്തരമായ ബാഹ്യാക്രമണങ്ങളും സാംസ്കാരിക അധിനിവേശങ്ങളും കൊണ്ട് ഒട്ടൊന്നു തളര്‍ന്ന ഭാരതം ഉണര്‍ന്നെഴുന്നേറ്റ് രാമരാജ്യ ലക്ഷ്യത്തിലേക്ക് ഒന്നായി മുന്നേറിയത് രാമഗീതികള്‍ കേട്ടാണ്.
ഇസ്ലാമിക കടന്നുകയറ്റത്തെ തുടര്‍ന്നുളവായ ശൈഥില്യത്തില്‍നിന്ന് ഭാരതം ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് കാരണമായ ഭക്തിപ്രസ്ഥാന സാഹിത്യ കൃതികള്‍ ഭൂരിപക്ഷവും രാമായണ പുനരാഖ്യാനങ്ങളാവുന്നത് കേവല യാദൃച്ഛികത ആയിരുന്നില്ല. പ്രക്ഷീണമായി തുടങ്ങിയ ഭാരതീയതയുടെ സിരകളിലേക്ക് നവോര്‍ജ്ജം സന്നിവേശിപ്പിക്കാനുള്ള രാഷ്ട്രാത്മാവിന്റെ സ്വാഭാവിക കര്‍മ്മമായേ നമുക്കതിനെ കാണാന്‍ കഴിയൂ. നവോത്ഥാനത്തിന്റെ ഉജ്ജ്വലമായ പ്രാരംഭം ദക്ഷിണ ഭാരതത്തില്‍ നിന്നായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ തമിഴ് ഭാഷയില്‍ എഴുതപ്പെട്ട രാമായണത്തിലൂടെ കമ്പര്‍ ആണ് ആ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. ശ്രീരാമന് ധര്മ്മരക്ഷയ്ക്കായുള്ള പടപ്പുറപ്പാട് നടത്തുന്നതും തെങ്കടലോരത്തുനിന്നാണെന്ന വസ്തുത ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
കമ്പരെ തുടര്‍ന്ന് തെലുങ്കില്‍ ഗോനബുദ്ധറെഡ്ഡിയുടെ ശ്രീരംഗനാഥരാമായണം, ആസാമീസില്‍ ശങ്കരദേവന്റെ ശ്രീരാമവിജയ, ബംഗാളിയില്‍ കൃത്തിവാസ് ഓഝയുടെ കൃത്തിവാസി രാമായണം, മലയാളികളുടെ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, കന്നഡയില്‍ നരഹരിയുടെ തൊറവേ രാമായണം, തുളസീദാസന്റെ രാമചരിതമാനസം, അവസാനമായി ഗുജറാത്തിയിലെ ഗിരിധരദാസ് രാമായണം എല്ലാം സൂചിപ്പിക്കുന്നത് കാലദേശ ഭാഷാ സീമകളെ അതിവര്‍ത്തിച്ച് രാമായണം ഭാരതീയരെ ചരിത്രാതീത കാലം മുതിലിന്നോളം ഏകീകരിക്കുന്നു എന്നാണ്.
മറ്റൊരു സവിശേഷത ഭാരതത്തിലെ എല്ലാ ജാതി വര്‍ഗ്ഗ വിഭാഗങ്ങളിലും രാമായണാഖ്യാനങ്ങള്‍ ഉണ്ടെന്നതാണ്. ഉദാഹരണത്തിന് പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെടുക്കാം. സൂക്ഷ്മമായ പഠനം നടത്തിയാല്‍ ഏറെയും വായ്മൊഴി ആണെങ്കിലും എല്ലാ ഗോത്രവര്‍ഗ്ഗ ഭാഷകളിലും അവരവരുടേതായ രാമായണ കഥകള്‍ ഉണ്ടെന്ന് മനസിലാക്കാം. ഗ്രന്ഥത്തിന്റെ ഘടനാപരവും ആശയസംബന്ധവുമായ ഏകത അതേപോലെ നിലനിര്‍ത്തിക്കൊണ്ട് ഓരോ ഗോത്രവും തനതായ സന്ദര്‍ഭങ്ങളും ഉപസന്ദര്ഭങ്ങളും തങ്ങളുടേതായ രാമായണത്തില്‍ നെയ്തു ചേര്‍ത്തിട്ടുണ്ടാവുമെന്ന് മാത്രം. ഭൗതിക സാഹചര്യങ്ങളും സാമൂഹ്യ സാംസ്കാരിക പശ്ചാത്തലവും ഓരോ ഗോത്രവര്‍ഗ്ഗത്തിനും അതിന്റേതായ വ്യക്തിത്വവും അതിനനുസൃതമായ പാരമ്പര്യവും നല്‍കുന്നുണ്ട്. ഇവ അവരുടെ രാമായണാഖ്യാനത്തിലും കലാരൂപത്തിലും വൈവിധ്യം പ്രദാനം ചെയ്യുന്നു.
ഭീല്‍, മുണ്ട, സന്താള്‍, ഗോണ്ട്, സൗതാസ്, കോര്കുസ്, രാഭ, ബോഡോ, കച്ചാരി, ഘാസി, മിസോ, മൈതേയ് തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും രാമായണം ഉണ്ട്. ഇങ്ങനെ ജാതി വര്‍ഗ്ഗാതീതമായ ഐക്യത്തെ രാമായണം സാധ്യമാക്കുന്നു.
ശ്രീരാമനെക്കുറിച്ച് ദാര ഷുക്കോവ് കണ്ട സ്വപ്നത്തെ സംബന്ധിച്ച് സുപ്രിയ ഗാന്ധി ”ദി എമ്പറര്‍ ഹു നെവര്‍ വാസ്” എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. ഹൈന്ദവ പാരമ്പര്യത്തിലും സംസ്കൃതിയിലും ആഴത്തില്‍ അറിവുണ്ടായിരുന്ന ദാര ഷുക്കോവ് എന്ന യഥാര്‍ത്ഥ ഭാരതീയ മുസ്ലിം അദ്ദേഹത്തിന്റെ സമകാലീകനായിരുന്ന ഷെയ്ക്ക് സൂഫിയുടെ യോഗവാസിഷ്ഠ പരിഭാഷ വായിച്ച ശേഷമാണ് ശ്രീരാമനെ സ്വപ്നം കണ്ടത്. രാമായണത്തിലെ വസിഷ്ഠ ശ്രീരാമ സംവാദത്തിന്റെ കൂടുതല്‍ വിശദമായ രചനകള്‍ പുറത്തുകൊണ്ടുവരാന്‍ ദാരാ ഷുക്കോവ് അതിനു ശേഷം പരിശ്രമിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ണ്ണമാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല അര്‍ഹതപ്പെട്ട ചക്രവര്‍ത്തി സ്ഥാനം പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.
ഭാരതത്തിന്റെ ചരിത്രം തന്നെ മാറ്റി എഴുതപ്പെടുമായിരുന്ന ഒരുജ്ജ്വല കാലമുഹൂര്ത്തമാണ് അങ്ങനെ നാടിന് നഷ്ടമായത്. മതഭ്രാന്തനായ ഔറംഗസേബിന്റെ ഭീകരതയെ മാതൃകയാക്കുന്ന വലിയൊരു വിഭാഗം വളര്‍ന്ന് വന്നത് ഭാരതത്തെ കാലാന്തരത്തില്‍ എത്രകണ്ട് വിനാശകരമായി ബാധിച്ചുവെന്ന് നാമിന്നറിയുന്നു. ശ്രീരാമനെന്ന രാഷ്ട്രത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകത്തെ ആരാധിക്കുകയും സ്വപ്നം കാണുകയും ചെയ്ത ദാരാ ഷുക്കോവിന്റെ ശബ്ദം അടിച്ചമര്‍ത്തപ്പെട്ടു. ദാരയുടെ കിനാവ് സാക്ഷാത്കരിക്കപ്പെട്ടിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്.
ജാതി വര്‍ഗ്ഗ ഭാഷാതീതമായ ഭാരതത്തിന്റെ ഏകതയെ സാക്ഷാത്കരിക്കുന്നതിനോടൊപ്പം ”സമുദ്ര പര്യന്ത ഏകരാട്” എന്ന സത്യത്തിന് കോട്ടം വരുത്താനുള്ള രാക്ഷസീയ പ്രവണതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി കൂടി ഉള്ളതായിരുന്നു രാമായണങ്ങള്‍ അഥവാ രാമന്റെ യാത്രകള്‍. ശ്രീരാമ ജീവിതത്തിലെ മൂന്ന് മുഖ്യ സഞ്ചാരങ്ങളെയും വിലയിരുത്തിയാല്‍ ഈ വസ്തുത ബോധ്യപ്പെടും. അതില്‍ അധ്യയനം, സജ്ജീകരണം, പ്രായോഗിക പരിശീലനം, പ്രത്യക്ഷ കാര്യനിര്‍വ്വഹണം, അതിനാവശ്യമായ സംഘാടനം എന്നിങ്ങനെയെല്ലാം ദൃശ്യമാണ്. ഇതിനെല്ലാമുപരി ഭാരതത്തിന്റെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്ന ആര്‍ഷ ബുദ്ധി ശ്രീരാമനായി അരങ്ങൊരുക്കുന്നതും വഴികാട്ടുന്നതും മനസിലാക്കാന്‍ സാധിക്കും.
ആദ്യത്തെ യാത്ര വിശ്വാമിത്രനോടൊപ്പം അയോധ്യയില്‍ നിന്ന് പുറപ്പെട്ട് നാളിതുവരെ പരിചിതമല്ലാത്ത ഘോര വിപിനങ്ങളിലൂടെ കടന്ന് മിഥിലയോളം നീളുന്നതാണ്. യാഗരക്ഷയ്ക്കായി ശ്രീരാമനെ അയയ്ക്കണമെന്നേ വിശ്വാമിത്രന് ദശരഥനോട് ആവശ്യപ്പെട്ടിരുന്നുള്ളു. പത്ത് ദിവസത്തിനുള്ളില്‍ അത് നിര്‍വ്വഹിച്ച് തിരിച്ചെത്തിച്ചുകൊള്ളാമെന്ന വാഗ്ദാനവും മഹര്‍ഷി ചക്രവര്‍ത്തിക്ക് നല്‍കുന്നുണ്ട്. ”രാക്ഷസരോട് ഏറ്റുമുട്ടാന്‍ ബാലനായ രാമനാവുമോ, ഞാനെന്റെ ചതുരംഗപ്പടയോടൊപ്പം വരാ”മെന്ന ദശരഥന്റെ അപേക്ഷക്ക് വിശ്വാമിത്രന് തരിമ്പ് വിലയും കൊടുക്കുന്നില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ എന്തായിരിക്കും പ്രവര്‍ത്തിച്ചിട്ടുണ്ടാവുക. അത് മനസിലാവണമെങ്കില്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചേ മതിയാകൂ.
യാത്രയ്ക്കായി തെരഞ്ഞെടുത്ത മാര്‍ഗ്ഗം, രാമ ലക്ഷ്മണന്മാര്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഇടങ്ങള്‍, ഉപദേശിച്ചുകൊടുക്കുന്ന തത്വങ്ങള്‍, പരിശീലിപ്പിക്കുന്ന ദിവ്യാസ്ത്രങ്ങളും അസ്ത്ര സംഹാര മാര്‍ഗ്ഗങ്ങളും, മിഥിലയുമായുള്ള ബന്ധവുമൊക്കെ സുചിന്തിതമായ ഒരു പൂര്‍വ്വ പദ്ധതി പ്രകാരമായിരുന്നു. ഒരു യാഗരക്ഷയ്ക്കായുള്ള അസ്ത്ര ശസ്ത്ര പ്രയോഗ സാമര്‍ത്ഥ്യം ശ്രീരാമന് ആവശ്യം പോലെ ഉണ്ടായിരുന്നു. പത്ത് ദിവസത്തെ വനയാത്രക്കായി മാത്രം ബലയുടെയും അതിബലയുടെയും ആവശ്യവും ഉണ്ടായിരുന്നില്ല. ‘അങ്കവും കാണാം താളിയുമൊടിക്കാം’ എന്ന സാമാന്യയുക്തി അല്ല സീതാപരിണയത്തിനായി ജനകപുരിയിലേക്ക് കൊണ്ടുപോകുന്നതില്‍ ഉള്ളത്. അതും ഗൗതമാശ്രമം സന്ദര്‍ശിച്ച് അഹല്യക്ക് ശാപമോക്ഷം നല്കിയ ശേഷം മിഥിലയിലേക്ക് പോകുന്നതിനൊക്കെ സുവ്യക്തമായ കാരണങ്ങളുണ്ട് എന്ന് ക്രമാനുഗതമായി ഈ സഞ്ചാരത്തെ വിലയിരുത്തിയാല്‍ മനസിലാകും.
ശ്രീരാമന്റെ വനഗമനത്തെ വിലയിരുത്തുമ്പോള്‍ മനസിലാക്കാനാവുന്നത് സന്യാസിമാരൊഴികെ മറ്റെല്ലാവരും അദ്ദേഹത്തെ കാട്ടിലേക്ക് പോകുന്നതിനെ വിലക്കാന്‍ ശ്രമിച്ചു എന്നതാണ്. ഭാരതമാസകലമുള്ള സന്യാസിമാര്‍ ഈ കാര്യത്തില്‍ ഒരു മനസ്സായിരുന്നുവെന്ന് പില്ക്കാല സംഭവഗതികള്‍ തെളിയിക്കുന്നു. രാമായണത്തെ ആധാരമാക്കി ”അഭ്യുദയം” എന്ന ബൃഹദ് കൃതി രചിച്ച നരേന്ദ്ര കോഹ്ലി എഴുതുന്നത് സര്‍വ്വ സന്യാസിമാരും ചേര്‍ന്ന് രാമകാര്യാര്‍ത്ഥം ഒരു ഗൂഢാലോചന നടത്തിയിട്ടുണ്ടാകാമെന്നാണ്. അതില്‍ വസിഷ്ഠരും വിശ്വാമിത്രനും മാത്രമല്ല സ്വപത്നിയായ അഹല്യയെ ബഹിഷ്കൃതയാക്കി ഹിമാലയ പ്രദേശത്തേക്ക് പോയ ഗൗതമനും മിഥിലയുടെ ആദ്ധ്യാത്മികാചാര്യനായ ഗൗതമ-അഹല്യാ പുത്രനായ ശതനന്ദനും ശരഭംഗനും സുതീഷ്ണനും അങ്ങ് തെക്കേയറ്റത്ത് അഗസ്ത്യര്‍ വരെയും ഉള്‍പ്പെടുന്നു. ധര്മ്മരക്ഷക്കായുള്ള അന്തിമ യുദ്ധത്തിനായി രാമനെ സജ്ജീകരിക്കുന്ന പുണ്യ പ്രവൃത്തിയാലാണ് അവരോരുത്തരും വ്യാപൃതരായിരിക്കുന്നത്. പ്രേരണ നല്‍കുകയോ ഒത്തുചേര്‍ന്ന് പിന്തുണ അറിയിക്കുകയോ പ്രതീക്ഷ അര്‍പ്പിക്കുകയോ മാത്രമല്ല വസിഷ്ഠ വിശ്വാമിത്രാദികളായ സന്യാസി ശ്രേഷ്ഠന്മാര് ചെയ്തത്. പരമമായ വൈഭവത്തിനാവശ്യമായ വൈയക്തികവും സാമൂഹികവുമായ സിദ്ധികള്‍ ഉണ്ടാകുന്നതിനാവശ്യമായ പ്രബോധനവും പരിശീലനവും നല്‍കുന്നതിനും അവര്‍ ശ്രദ്ധിച്ചിരുന്നു.
അതോടൊപ്പം സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അവസ്ഥ എന്താണെന്നും നേരിട്ട് ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. ഒന്നാമത് ആസുരിക ശക്തികള്‍ ഏത് തലം വരെ വ്യക്തി മനസ്സിലേക്കും രാഷ്ട്ര ശരീരത്തിലേക്കും കടന്നെത്തിയിരിക്കുന്നു എന്ന വസ്തുത. ഭരണാധികാരികള്‍ അതിര്‍ത്തികളെ കുറിച്ച് ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകത. അയല്‍പ്രദേശങ്ങളുമായി സൗഹൃദം. ആദ്ധ്യാത്മികവും ബൗധികവുമായ പ്രവര്‍ത്തനങ്ങളെ നിര്‍ബാധം നടത്താന്‍ വേണ്ടതായ സൗകര്യങ്ങള്‍ സൃഷ്ടിക്കുക. സംസ്കാരത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള സംഘടനാ ശക്തി വളര്‍ത്തല്‍. ആ സംഘടിത ശക്തിക്കേ വിജയിക്കാനാവു. അതിന് മാത്രമേ ധര്‍മ്മത്തെ സംരക്ഷിക്കാനും ആത്യന്തികമായ ഐശ്വര്യത്തെ ഭുവനമെങ്ങും സാധ്യമാക്കാനും കഴിയൂ. ശ്രീരാമ സഞ്ചാരത്തിലെ ഓരോ ചുവടും നമ്മെ ബോധ്യപ്പെടുത്തുന്നത് ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: