ലക്നൗ: പൊതു ഇടങ്ങളിലെ ശുചിത്വത്തിന്റെ കാര്യത്തില്‍ സിംഗപ്പൂരിന്റെ മാതൃകയിലേക്ക് ഉത്തര്‍പ്രദേശിനെ മാറ്റാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ചുറ്റുപാട് വൃത്തിഹീനമാക്കുന്നവര്‍ക്ക് പിഴയീടാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിനായി ഉത്തര്‍പ്രദേശ് ഖര മാലിന്യ(നടത്തിപ്പ്, പ്രവര്‍ത്തനം, ശുചീകരണം) മാര്‍ഗരേഖകള്‍ 2021 നടപ്പിലാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയും അവ മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചായായി നഗര വികസന വകുപ്പ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചതായി ഹിന്ദി ദിനപ്പത്രമായ ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുള്ള ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍ദിഷ് നിയമനിര്‍മാണം അനുസരിച്ച് സഞ്ചരിക്കുന്ന കാറുകളില്‍നിന്ന് തുപ്പുകയോ, മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ചെയ്താല്‍ ആയിരം രൂപ പിഴയൊടുക്കേണ്ടിവരും. നഗരപ്രദേശങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനായി ഉണങ്ങിയതും നനഞ്ഞതുമായ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ടകള്‍ സ്ഥിപിക്കല് പോലുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതുപോലെ മാലിന്യശേഖരണത്തിന് വീടുകള്‍ തോറും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍ദിഷ്ട നിയമനിര്‍മാണത്തില്‍, റോഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കച്ചവടക്കാര്‍ക്കും പിഴ ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. കച്ചവടക്കാര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പെട്ടികള്‍ സൂക്ഷിക്കണം. ഇത് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വരുന്ന നഗരസഭയുടെ വാഹനത്തിന് കൈമാറുകയും വേണം. നൂറില്‍ കൂടുതല്‍ ആളുകളുടെ പരിപാടി സംഘടിപ്പിക്കുന്നവരും സ്ഥലം വൃത്തിയാക്കണം. ഇല്ലെങ്കില്‍ പിഴ നേരിടും. സ്ഥലത്തിന്റെ വലുപ്പവും മാലിന്യത്തിന്റെ അളവും കണക്കാക്കിയായിരിക്കും പിഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: