വയനാട്ടിലെ മുട്ടില്‍ 1972 ല്‍ ആരംഭിച്ച വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ പ്രധാന ഡോക്ടര്‍ ധനഞ്ജയ് ദിവാകര്‍ സഗ്ദേവിന് റിപ്പബ്ലിക് ദിനത്തില്‍ പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ച് രാഷ്ട്രം ആദരിച്ചപ്പോള്‍ സ്വര്‍ലോകത്തിരുന്ന് ആനന്ദംകൊണ്ട് മുന്‍ കേരള പ്രാന്ത പ്രചാരകനും, വനവാസി കല്യാണാശ്രമത്തിന്റെ പ്രമുഖ സംഘാടകനുമായിരുന്ന ഭാസ്കര്‍റാവുജിയും, വിശ്വഹിന്ദു പരിഷത്തിന്റെ സംഘടനാ കാര്യദര്‍ശിയും മലബാറിലെ സംഘത്തിന്റെ പ്രചാരകനുമായിരുന്ന ശങ്കര്‍ ശാസ്ത്രിയും ആനന്ദ പുളകമണിഞ്ഞിരിക്കും. അക്കാലത്ത് വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.എസ്. കാശിവിശ്വനാഥനും വയനാട്ടില്‍ പ്രചാരകനായിരുന്ന സി.എസ്. മുരളീധരനും ഹൃദയം നിറഞ്ഞിട്ടുണ്ടാവും. മെഡിക്കല്‍ മിഷന് ആരംഭിച്ച് അരനൂറ്റാണ്ട് അടുത്തപ്പോഴാണ് ഈ നേട്ടം വന്നെത്തിയത്. വയനാട്ടില്‍ മാത്രമല്ല, കേരളത്തിലും ഭാരതമെമ്പാടും ഈ ആസ്പത്രി പ്രശസ്തമാവാനുള്ള പ്രധാന കാരണം അരിവാള്‍ രോഗം എന്ന നൂതനമായ രോഗത്തെക്കുറിച്ചു ഡോക്ടര്‍ സഗ്ദേവ് നടത്തിയ പഠനവും നിവാരണ മാര്‍ഗവും സംബന്ധിച്ച നേട്ടം മൂലമാണ്.
സ്വന്തം നാടായ നാഗ്പൂരില്‍നിന്ന് കേരളത്തിലെത്തി വയനാടിനെ സ്വന്തം നാടും, അവിടത്തെ വനവാസി സമൂഹത്തെ സ്വന്തം ജനങ്ങളുമായി കരുതി അവരെ സേവിക്കാന്‍ സന്നദ്ധനായതിന്റെ പിന്നിലെ പ്രേരണാ സ്രോതസ്സ് രാഷ്ട്രീയ സ്വയംസേവക സംഘം ഹൃദയത്തില്‍ അങ്കുരിപ്പിച്ച സമാജ സേവനമെന്ന വികാരമായിരുന്നു. സ്വകുടുംബത്തിലെ അംഗങ്ങളെല്ലാം സ്വയംസേവകരായിരുന്നതിനാല് ആ വികാരം അദ്ദേഹത്തില്‍ സഹജമായിത്തന്നെ ഉയര്‍ന്നു. പൂജനീയ ഗുരുജിക്കുശേഷം ബാലാസാഹിബ് ദേവറസ് സര്‍സംഘചാലകനായി ചുമതലയേറ്റപ്പോള്‍ അദ്ദേഹം നല്കിയ ഒരു ആഹ്വാനത്തില്‍ സംഘം ജീവിതത്തിന്റെ നാനാമേഖലകളില്‍ ദേശീയത പ്രചോദിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കണമെന്ന ഉദ്ദേശ്യം പ്രകടിപ്പിച്ചിരുന്നു. അതിനായി സ്വയംസേവകര്‍ വിദ്യാഭ്യാസം പൂര്‍ത്തിയായശേഷം സ്വന്തം മേഖല തെരഞ്ഞെടുത്ത് അവിടെ പ്രവര്‍ത്തനം നടത്തണമെന്ന് ആഹ്വാനം ചെയ്തു. പദ്മശ്രീ ഡോ.സഗ്ദേവ് തന്റെ മെഡിക്കല്‍ പഠനശേഷം പ്രചാരകനായി വരാനാണ് ഉദ്ദേശിച്ചത്. അക്കാലത്ത് വിവേകാനന്ദ ആസ്പത്രിയെന്ന പേരില്‍ നാഗ്പൂരിനടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിച്ചു. അതിന്റെ സംഘാടകനായിരുന്നത് നേരത്തെ പരമാര്ശിക്കപ്പെട്ട ശങ്കര്ശാസ്ത്രിയായിരുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ വിവേകാനന്ദ മെഡിക്കല്‍ മിഷന് പ്രവര്‍ത്തനങ്ങളുടെ പ്രണേതാവും അദ്ദേഹമായിരുന്നു. അദ്ദേഹം സംഘടനാ കാര്യദര്ശിയായിരുന്നപ്പോള് അവര്‍ നടത്തിവന്ന ചികിത്സാ കേന്ദ്രങ്ങള്‍ക്കായി ഔഷധ ശേഖരണത്തിന് വളരെ നൂതനമായ ഒരു രീതി ആവിഷ്കരിച്ചിരുന്നു. ഡോക്ടര്‍മാരില്‍നിന്നും മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരില്നിന്നും മെഡിക്കല്‍ ഷോപ്പുകളില്‍നിന്നും മറ്റും ഔഷധങ്ങള്‍ സൗജന്യമായി സമ്പാദിച്ച് അവര്‍ പരിഷത്ത് നടത്തിവന്ന ചികിത്സാലയങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു അത്. ഓരോ സംസ്ഥാനത്തും ആ പ്രവര്‍ത്തനത്തിനായി ആളുകളെ നിശ്ചയിച്ചിരുന്നു. കേരളത്തില്‍ ഈയിടെ അന്തരിച്ച ശങ്കരന് എന്ന പ്രചാരകന് ആ കാര്യം ഏകോപിപ്പിച്ചിരുന്നു.
ശങ്കര്‍ ശാസ്ത്രിയില്‍നിന്നാണ് ഡോ. സഗ്ദേവ് മുട്ടില്‍ മിഷനെക്കുറിച്ചറിഞ്ഞിട്ടുണ്ടാകുക. അവിടെ അതുവരെ സ്ഥിരമായി അതിനുള്ള വ്യവസ്ഥയില്ലായിരുന്നു. പലരും പ്രത്യേക ദിവസങ്ങളില്‍ അവിടെ പരിശോധനയ്ക്കു വരികയായിരുന്നു. 1980 ല്‍ ഡോക്ടര്‍ വയനാട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് മറികടക്കാന്‍ ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. ഭാഷ, പരിസരങ്ങള്‍, പുതിയതായ ഒട്ടേറെ പരിതസ്ഥിതികള്‍. സംഘപ്രചാരക മനഃസ്ഥിതിയോടെ അവയെയെല്ലാം അദ്ദേഹം കീഴടക്കി. ഭാസ്കര്‍ റാവുവും ശങ്കര്‍ ശാസ്ത്രിയും കേരളത്തില്‍ ലയിച്ചുചേര്‍ന്നതുപോലെ. 1980 മുതല്‍ 40 വര്‍ഷമായി അദ്ദേഹം ഇവിടെ പ്രവര്‍ത്തിക്കുന്നു. വനവാസികളുടെ കണ്‍കണ്ട ദൈവമായി എന്നുപറയാം. ഇന്നത് ചികിത്സാലയം മാത്രമല്ല 50 കിടക്കകളുള്ള തികഞ്ഞ ആസ്പത്രിയാണ്. സമഗ്രമായ ആരോഗ്യരക്ഷയ്ക്കാവശ്യമായ എല്ലാ വിഭാഗങ്ങളും അവിടെ പ്രവര്‍ത്തിക്കുന്നു. ആറ് ഉപകേന്ദ്രങ്ങളും ഒരു വിദ്യാലയവുമുണ്ട്. വനവാസി വിഭാഗത്തിനാണ് പ്രാമുഖ്യം. അവര്‍ക്കു സൗജന്യ ചികിത്സയാണ്. മരുന്നുകളും സൗജന്യം.
വനവാസി രോഗികള്‍ പനി, സന്ധിവേദന, എന്നീ ആവലാതികളുമായി ചികിത്സയ്ക്കു വന്നപ്പോള്‍ അതസാധാരണ രോഗമാണെന്ന് സംശയിച്ച ഡോ. സഗ്ദേവ് അതിന്റെ ലക്ഷണങ്ങള്‍ വിവരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറെയും ദല്‍ഹിയിലെ എയിംസ് അധികൃതരെയും അറിയിച്ചു. അവര്‍ ഒരു വിദഗ്ദ്ധ സംഘത്തെ നിയോഗിച്ച് നടത്തിയ പരിശോധനയില്‍നിന്ന് അതു സിക്കിള്‍സെല്‍ അനീമിയ എന്ന അപൂര്‍വ രോഗമാണെന്നു മനസ്സിലാകുകയും, അതിനവിടെ പ്രത്യേക ചികിത്സാ വിഭാഗം ആരംഭിക്കുകയും ചെയ്തു. അതദ്ദേഹത്തിന്റെയും മുട്ടില്‍ മെഡിക്കല്‍ മിഷന്റെയും പ്രശസ്തി വര്‍ധിപ്പിച്ചു.
കോഴിക്കോട്ടെ ആദ്യകാല സ്വയംസേവകനായിരുന്നു വാണിജ്യരംഗത്തെ പ്രമുഖനായിരുന്ന ശ്രീറാം ഗുര്‍ജര്‍. സംഘത്തിന്റെ ഏതു ചുമതല നല്കപ്പെട്ടാലും വിജയകരമായി ഏറ്റെടുത്ത ആള്. കോഴിക്കോട്ടുകാരനായി വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും ശ്രീറാം ഗുര്‍ജര്‍. സംഘത്തിന്റെ എല്ലാ അധികാരിമാര്‍ക്കും അദ്ദേഹം ആതിഥേയനായിരുന്നു. ശ്രീ ഗുരുജി, ദേവറസ്ജി, ദീനദയാല്‍ജി, അദ്വാനിജി തുടങ്ങി കോഴിക്കോട് സന്ദര്‍ശിച്ച മിക്ക സംഘാധികാരിമാര്‍ക്കും അദ്ദേഹത്തിന്റെ അമ്മ ഭാഗീരഥി ഗുര്‍ജര്‍ സ്വാദിഷ്ഠമായ ഭക്ഷണ വിഭവങ്ങള്‍ വിളമ്പി. കോഴിക്കോട്ട് ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനം 1967 ഒടുവില്‍ നടന്നപ്പോള്‍ അവര്‍ അതില്‍ ഭാഗഭാക്കായി എന്നു മാത്രമല്ല അതിന്റെ മഹിളാ വിഭാഗം സംഘടിപ്പിക്കുന്നതില്‍ പ്രമുഖയുമായിരുന്നു. ശ്രീറാം ഗുര്‍ജറുടെ മകള്‍ സുജാതയെ ഡോക്ടര്‍ ധനഞ്ജയിനു വിവാഹം ചെയ്തുകൊടുക്കാന്‍ സംഘാധികാരിമാരുടെ നിര്‍ദ്ദേശമുണ്ടായപ്പോള്‍ അതു സര്‍വാത്മനാ സ്വീകരിക്കപ്പെട്ടു. അതിനിടെ ഡോക്ടര്‍ മെഡിക്കല്‍ മിഷനു തൊട്ടുതന്നെ ഒരു വീടു സ്വന്തമാക്കി. അവരുടെ ദാമ്പത്യത്തില്‍ രണ്ടു കുട്ടികളുണ്ട്. അദിതിയും ഗായത്രിയും. അദിതി എന്‍ജിനീയറാണ്. നാഗ്പൂരില്‍ കുടുംബസ്ഥയായി, ഡോക്ടര്‍ ഗായത്രിയാകട്ടെ പിതാവിന്റെ വഴി പിന്തുടര്ന്ന് മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് ആസ്പത്രിയില്‍ തന്നെ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ശ്രീറാം ഗുര്‍ജറുമായി വളരെ അടുത്ത ഹൃദയബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഈ പംക്തികളിലെഴുതിയതു വായിച്ച് സുജാത വിളിച്ച് തന്റെ വികാരങ്ങള്‍ അറിയിച്ചിരുന്നു. ഡോ. ധനഞ്ജയ് സഗ്ദേവുമായി എനിക്കു അടുത്തു ബന്ധപ്പെടാന്‍ അവസമുണ്ടായിട്ടില്ല. അദ്ദേഹം വയനാട്ടില്‍ എത്തുമ്പോഴേക്കും ഞാന്‍ ജന്മഭൂമിയുടെ തിരക്കുകളില്‍പ്പെട്ടിരുന്നു. 1999 ല്‍ പുല്‍പ്പള്ളിയിലെ സംഘശിക്ഷാ വര്‍ഗിന് പോകാനായി പുറപ്പെട്ട് കല്‍പ്പറ്റയിലെത്തിയപ്പോള്‍ സമയം വൈകിയതിനാല്‍ രാത്രി ഉറങ്ങാന്‍ മുട്ടില്‍ ആസ്പത്രിയില്‍ ചെന്നു. അവിടെ മിഷന്റെ സെക്രട്ടറിയായിരുന്ന സി. ചന്ദ്രേട്ടനുണ്ടായിരുന്നു. അന്നും ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല.
സംഘത്തിന്റെ പ്രാന്തീയ തലത്തിലുള്ള ബൈഠക്കുകളില്‍ ഡോക്ടര്‍ പങ്കെടുത്തിരുന്നു. അവിടെയും പരിചയപ്പെട്ടു പരസ്പരം അറിഞ്ഞുവെന്നതിലപ്പുറം അടുപ്പമുണ്ടായില്ല എന്നതാണ് പരമാര്‍ത്ഥം. ഏതു സമയത്തും രാത്രിയായാലും പകലായാലും തന്നെ കാണാനെത്തുന്ന ചികിത്സാര്‍ഥികളെ അങ്ങേയറ്റത്തെ സംവേദനത്തോടെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്ന അദ്ദേഹത്തെ, ആസ്പത്രി വളപ്പില്‍ തന്നെ നിര്‍മിക്കപ്പെട്ടിട്ടുള്ള ധന്വന്തരീക്ഷേത്രത്തിലെ ഭഗവാനു തുല്യം രോഗികള്‍ കരുതുന്നു. തുല്യനിന്ദാസ്തുതിര്മൗനിയും, യേനകേന സന്തുഷ്ടനുമായ ഡോക്ടറുടെ വയനാട്ടിലെ വനവാസികള്‍ക്കായുള്ള സേവനങ്ങള്‍ക്ക് രാഷ്ട്രം നല്കുന്ന ബഹുമതിയായി പത്മശ്രീയെ കണക്കാക്കുന്ന അദ്ദേഹത്തിനു സര്‍വവിധ ശ്രേയസ്സും പ്രേയസ്സും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: