റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ആരോഗ്യപ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം എല്ലാവർക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ന് രാത്രി (ഫെബ്രുവരി 3) ഒൻപത് മണിയോടെ ഈ വിലക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൗദി ഔദ്യോഗിക പ്രസ് ഏജൻസിയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ.
മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ യുഎഇ, ഈജിപ്റ്റ് എന്നിവർക്ക് പുറമെ ലെബനൻ,തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശന വിലക്ക്. യൂറോപ്യൻ രാജ്യങ്ങളിൽ ബ്രിട്ടൻ, ഫ്രാൻസ്, ജര്‍മ്മനി, അയർലൻഡ്, ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്കാണ് വിലക്ക്. യുഎസ്, അർജന്‍റീന, ബ്രസീൽ, പാകിസ്ഥാൻ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയവയാണ് താത്ക്കാലിക വിലക്ക് പട്ടികയിൽ ഉൾപ്പെട്ട മറ്റു രാജ്യങ്ങൾ.
രാജ്യത്തെ ആളുകൾ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫിഖ് അൽ റാബിയ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യാത്രാ വിലക്ക് സംബന്ധിച്ച പ്രഖ്യാപനം എത്തുന്നത്.
ഗൾഫ് മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്ത് ഇതുവരെ 367,800 അധികം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 6,370 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണനിരക്കിൽ നിലവിൽ കുറവ് വന്നിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: