ബെംഗളൂരു: ആകാശത്ത് കരുത്തു കാട്ടിയും രാജ്യത്ത് നിക്ഷേപ സാധ്യതകള്‍ക്ക് വാതില്‍ തുറന്നും ‘എയ്‌റോ ഇന്ത്യ-2021’ നു തുടക്കമായി. ബെംഗളൂരു യെലഹങ്ക വ്യോമതാവളത്തില്‍ ഇന്നലെ രാവിലെ ഒമ്പതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എയ്‌റോ ഇന്ത്യ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മന്ത്രിമാര്‍, കര, നാവിക, വോമ സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന വ്യോമ പ്രദര്‍ശനത്തില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 41 വിമാനങ്ങള്‍ പങ്കെടുത്തു. 63 വിമാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും സംയുക്തമായാണ് എയ്‌റോ ഇന്ത്യ സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി ‘ഒരു ബില്യണ്‍ അവസരങ്ങളിലേക്കുള്ള റണ്‍വെ’ എന്നതാണ് എയര്‍ഷോ മുന്നോട്ടു വയ്‌ക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അഞ്ചു ദിവസം നടന്നിരുന്ന എയ്‌റോ ഇന്ത്യ കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ മൂന്നു ദിവസമായി കുറച്ചു.
വ്യോമ പ്രദര്‍ശനത്തില്‍ ലോകത്ത് ഏറ്റവും വലിയ ആകര്‍ഷകമായ ഇന്ത്യയുടെ സൂര്യകിരണ്‍, സാരംഗ് ടീമുകള്‍ സംയോജിപ്പിച്ചുള്ള അഭ്യാസ പ്രകടനം പ്രശംസ പിടിച്ചുപറ്റി. എയ്‌റോ ഇന്ത്യയില്‍ നേരിട്ട് പങ്കെടുക്കാന്‍ 601 കമ്പനികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 523 ഇന്ത്യന്‍ കമ്പനികളും 14 രാജ്യങ്ങളില്‍ നിന്നായി 78 വിദേശ കമ്പനികളും.
ഇന്ത്യയാണ് ആദ്യമായി വെര്‍ച്വല്‍ എക്‌സിബിഷന്‍ പ്ലാറ്റ് ഫോം ഒരുക്കുന്നത്. വെര്‍ച്വല്‍ എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ ഇതുവരെ 214 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: