യങ്കൂൺ: മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം കനക്കുന്നു. രാജ്യത്തെ 30 പട്ടണങ്ങളിലെ 70 ആശുപത്രികളിലെയും ആരോഗ്യ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ പണിമുടക്കി. തടങ്കലിലാക്കിവച്ചിരിക്കുന്ന മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ആങ്ങ് സാന്‍ സൂചിയെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആങ്ങ് സാന്‍ സൂചി പക്ഷം വിജയിച്ചതിന് ശേഷം ആദ്യമായി പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തതും, നേതാക്കളെ തടങ്കലിലാക്കിയതും. തിരഞ്ഞെടുപ്പിലെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വിജയം അട്ടിമറിയാണെന്ന് സൈന്യം പിന്തുണയ്‌ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു.
പ്രധാന നഗരങ്ങളെല്ലാം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. മ്യാന്മറിലെ സംഭവവികാസങ്ങളെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. മന്ത്രിസഭാ അഴിച്ചുപണി മാത്രമാണ് ഇതെന്ന മട്ടിലാണ് ചൈനയുടെ പ്രതികരണം. രണ്ടു കൂട്ടരും ചേർന്ന് ചർച്ചകൾ നടത്തി ഭിന്നത പരിഹരിക്കണമെന്നാണ് ചൈനയുടെ നിലപാട്. പട്ടാള ഭരണത്തെ അംഗീകരിക്കരുതെന്ന് സൂചി ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: