ചാത്തന്നൂര്‍: ഇനി വേല്‍മുരുകന്റെ മുന്നില്‍ മതിമറന്ന് പാടാന്‍ സോമദാസ് ഇല്ല. ചാത്തന്നൂരിനെ സ്‌നേഹിച്ച അതുല്യ കലാകാരന്റെ വിയോഗം നാടിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. പ്രിയപ്പെട്ട സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് കൂട്ടുകാരും നാട്ടുകാരും. കൊറോണ ബാധിച്ചെങ്കിലും നെഗറ്റീവായി. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തുടര്‍ചികിത്സയ്‌ക്കിടെയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
ആട്ടോഡ്രൈവറായിരുന്നു സോമദാസ്. സോമദാസിന്റെ കഴിവ് മനസിലാക്കി നാട്ടുകാരുടെയും കൂട്ടുകാരുടെയും അഭ്യര്‍ത്ഥനയിലാണ് സ്റ്റാര്‍ സിംഗറില്‍ എത്തുന്നത്. 2008ൽ ഈ റിയാലിറ്റി ഷോയിലൂടെ ജനകീയനായ ഗായകനായി മാറി.
തന്റെ വീടിന്റെ മുന്നിലുള്ള കുന്നിന്‍മുകളില്‍ നാടിനെ കാത്തരുളുന്ന മുരുകന്റെ മുന്നില്‍ സ്തുതി പാടിയാണ് സംഗീതരംഗത്ത് സോമദാസ് തുടക്കം കുറിച്ചത്. 2020ല്‍ ബിഗ് ബോസ് മത്സരാര്‍ഥിയായും അദ്ദേഹമെത്തി. സ്റ്റാര്‍ സിംഗര്‍ മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും പ്രേക്ഷകപ്രീതി നേടിയെടുക്കാനായി. കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും മണിയുടെ പാട്ടുകള്‍ പാടിയും ശ്രദ്ധേയനായി.
അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടയും കരിയിലയും എന്നീ ചിത്രങ്ങളില്‍ പാടി. കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സോമദാസിന് സിനിമയില്‍ അവസരം ലഭിച്ചത്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന സോമദാസിന് വിദേശത്ത് നിരവധി ഷോകളിലും പാടി. കൊല്ലം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്എന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: