പത്തനാപുരം: സബ് കനാലുകളിലൂടെ വെളളം തുറന്നു വിടാത്തതോടെ കിഴക്കന്‍ മേഖലയിലെ മിക്ക കിണറുകളും വറ്റി വരണ്ടു. കാര്‍ഷികവിളകളും കരിഞ്ഞുണങ്ങി. മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരി പകുതിയോടെ ശക്തി പ്രാപിച്ചിരുന്ന വേനല്‍ ഇത്തവണയാകട്ടെ ജനുവരി ആദ്യവാരത്തോടെ തന്നെ കടുത്തതിനാല്‍ ജലാശയങ്ങളെല്ലാം വറ്റിവരണ്ട നിലയിലാണ്.
കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കെഐപി കനാല്‍ വഴിയുള്ള ജലസേചനമാണ് ഏക ആശ്വാസം. കാര്‍ഷികവിളകള്‍ ഉണങ്ങിക്കരിയാന്‍ തുടങ്ങിയിട്ടും കനാലുകള്‍ വഴിയുള്ള ജലസേചനം പൂര്‍ണ്ണമായും ആരംഭിക്കാന്‍ കെഐപി അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. തെന്മല ഡാമില്‍ നിന്നും ആരംഭിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള രണ്ട് കനാലുകളില്‍ വലതുകര കനാലാണ് കിഴക്കന്‍ മേഖലയിലൂടെ കടന്നുപോകുന്നത്. ഇതില്‍ നിന്നുമാരംഭിക്കുന്ന നിരവധി സബ്കനാലുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളില്‍ ജലമെത്തുന്നത്.
കാര്‍ഷികാവശ്യങ്ങള്‍ക്ക് പുറമേ നിരവധിയാളുകള്‍ വരള്‍ച്ചാ സമയങ്ങളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കു പോലും ഈ ജലം ഉപയോഗിക്കുന്നുണ്ട്. വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: