തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസില്‍ കസ്റ്റംസിനോട് വിവരാവകാശ പ്രകാരം തെളിവുകള്‍ ചോദിച്ചതിന് പിന്നില്‍ ഗൂഢാലോചന. അപേക്ഷ നല്‍കിയത് അന്വേഷണത്തിലിരിക്കുന്ന വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കാനാകില്ലെന്ന ഉത്തമ ബോധ്യത്തോടെ. ലക്ഷ്യം കസ്റ്റംസിന്റെ കൈയില്‍ തെളിവുകളില്ലെന്നു വരുത്തിത്തീര്‍ക്കല്‍.
അന്വേഷണത്തിലിരിക്കുന്ന കേസിന്റെ വിവരങ്ങള്‍, പ്രത്യേകിച്ച് അന്വേഷണത്തെ ബാധിക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും അത്തരം അപേക്ഷകള്‍ നിരസിക്കാമെന്നുമാണ് വിവരാവകാശ നിയമത്തിലുള്ളത്. പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിലിരിക്കുന്ന കേസിനെക്കുറിച്ച് വിവരാവകാശം ചോദിച്ചാലും അന്വേഷണത്തെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് മറുപടി ലഭിക്കുക. ഇത് കൃത്യമായി അറിയാവുന്ന സര്‍ക്കാരാണ് കേസിന്റെ വിവരങ്ങള്‍ തേടി കസ്റ്റംസിനെ സമീപിച്ചിരിക്കുന്നത്.
ഈന്തപ്പഴം ഇറക്കുമതിയില്‍ ബില്‍ നമ്പര്‍ 9624365 പ്രകാരം ഡ്യൂട്ടി അടയ്ക്കാന്‍ ആര്‍ക്കാണ് ബാധ്യത, എത്ര പേര്‍ക്ക് ഇതുവരെ സമന്‍സ് അയച്ചു, അവരുടെ പേരു വിവരങ്ങള്‍ വ്യക്തമാക്കുക, രണ്ടു വര്‍ഷത്തിനുള്ളില്‍ നികുതി ഇളവ് സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഈന്തപ്പഴം ഇറക്കുമതിയില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആരുടെ വീഴ്ചയാണ്, നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദിയാര് എന്നീ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്നതു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായ കസ്റ്റംസ് മാത്രമാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടത് എന്ന ന്യായമാണ് പിണറായി വിജയനും ഇടത് പക്ഷവും ഉന്നയിക്കുന്നത്.
അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ എ.പി. രാജീവനാണ് അപേക്ഷകന്. പ്രോട്ടോകോള്‍ ഹാന്‍ഡ് ബുക്ക് കൃത്യമായി പഠിച്ച് അവ ഓരോന്നും പാലിക്കേണ്ടതും മറ്റുള്ളവര്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കേണ്ടതും പ്രോട്ടോകോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്. അവര്‍ തന്നെ പ്രോട്ടോകോള്‍ ഹാന്‍ഡ് ബുക്കിലെ നിബന്ധനകളെക്കുറിച്ച് ആരായുന്നതും അസാധാരണമാണ്. ഈന്തപ്പഴക്കടത്തില്‍ പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്തതിന് എതിരേ സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ കസ്റ്റംസിനെതിരേ ഭീഷണി നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവരാവകാശ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: