തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രക സ്വപ്ന സൂരേഷിനെ 3.18 ലക്ഷം രൂപ മാസശമ്പളത്തിന് കെ-ഫോണ്‍ കമ്പനിയായ കെഎസ്ഐടിഐഎല്ലില്‍ നിയമിച്ചത് ആരാണെന്നത് സംബന്ധിച്ച് തര്‍ക്കം ചൂടുപിടിക്കുന്നു.
പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്ന പിഡബ്ല്യുസിയാണ് സ്വപ്നയെ നിയമിച്ചതെന്ന് കെഎസ്ഐടിഐഎല്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ കെഎസ് ഐടി ഐഎല്‍ എംഡി ജയശങ്കര്‍ പ്രസാദാണ് സ്വപ്നയുടെ ബയോഡേറ്റ കൈമാറിയതെന്ന് പിഡബ്ല്യുസി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് അവരുടെ നിയമ ഏജന്‍സിയായ ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് വഴി വിശദമായ കത്തയച്ചിട്ടുണ്ട്.
എന്നാല്‍ ഇതിനൊന്നും പിഡബ്ല്യുസിയുടെ കയ്യില്‍ തെളിവില്ലെന്ന് കെഎസ്ഐടിഐഎല്‍ പറയുമ്പോള്‍ കോടതിയില്‍ തെളിവുകള്‍ നിരത്താണെന്ന ആത്മവിശ്വാസത്തോടെയാണ് പിഡബ്ല്യുസി. ഇപ്പോള്‍ കെഫോണില്‍ നിന്നും ഐടി വകുപ്പില്‍ നിന്നും സര്‍ക്കാര്‍ പിഡബ്ല്യുസിയെ വിലക്കിയിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ നിയമപ്പോരാട്ടത്തിലാണ് പിഡബ്ല്യുസി. സ്വപ്നയുടെ നിയമനത്തിന് കെഎസ് ഐടി ഐഎല്‍ എംഡിതന്നെ ശുപാര്‍ശ ചെയ്തിട്ട് ഇപ്പോള്‍ സ്വപ്നയുടെ നിയമനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് പിഡബ്ല്യുസി.
സ്വപ്ന പിഡബ്ല്യുസിയുടെ ജീവനക്കാരിയല്ലെന്ന വാദമാണ് പിഡബ്ല്യുസി ഉയര്‍ത്തുന്നത്. ഇതേ വാദം തന്നെ കെഎസ്ഐടിഐല്ലും ഉയര്‍ത്തുന്നു. കെഎസ് ഐടി ഐഎല്‍ എംഡിയെ അനാവശ്യമായി കുറ്റപ്പെടുത്താനുള്ള നീക്കമാണ് പിഡബ്ല്യുസി നടത്തുന്നതെന്നാരോപിച്ച് കൊച്ചിയിലെ ഒരു നിയമസ്ഥാപനം വഴി കെഎസ് ഐടി ഐഎല്ലും കത്തയച്ചിരിക്കുകയാണ്.
ഈ തര്‍ക്കം മുറുകുമ്പോള്‍ സ്വര്‍ണ്ണക്കള്ളക്കടത്തിന് ശേഷം മറ്റൊരു കുരുക്ക് സര്‍ക്കാരിനെ ചുറ്റിവരിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: