ചലച്ചിത്ര ഗാന രംഗത്തിന് ഇന്ന് മാറ്റങ്ങള്‍ സംഭവിച്ചു. മുമ്പുണ്ടായിരുന്ന പല മര്യാദകളും ഇന്ന് പിന്നണി ഗാന രംഗത്തില്ലെന്ന് ഗായിക കെ.എസ്. ചിത്ര. പത്മഭൂഷണ്‍ പ്രഖ്യാപനത്തിന് ശേഷം മലയാളത്തിന്റെ പ്രിയ വാനമ്പാടി സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
സിനിമ പിന്നണിഗാന രംഗത്ത് ഇന്ന് ഏറെ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ഇന്ന് റെക്കോര്‍ഡിങ്ങിനും മറ്റും പുതിയ രീതിയാണ്. മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമാണ് അതെന്നും ചിത്ര പറഞ്ഞു. അടുത്ത കാലത്തായി തനിക്ക് ഭക്തി ഗാനങ്ങളോ ദുഃഖ ഗാനങ്ങളോ ആണ് ലഭിക്കുന്നത്. മെലഡികള്ക്കായാണ് കൂടുതലായും തനിക്ക് അവസരം ലഭിക്കുന്നത്. ഫാസ്റ്റ് നമ്പറുകളോട് ഇഷ്ടക്കുറവുകളൊന്നുമില്ല. മുമ്പുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ട്. നമ്മള് പാടിയ ഒരു ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആ വിവരം അറിയിക്കുന്ന പതിവുകളൊന്നും ഇപ്പോഴില്ല.
നമ്മള് പാടിയ പാട്ടുകളുടെ തന്നെ സിഡി റിലീസായ വിവരം മറ്റ് ആരെങ്കിലും പറഞ്ഞിട്ടാവും അറിയുക. കാസറ്റുകളുടേയും നേരത്തെ ഗായകര്‍ പാടിയ പാട്ടുകളുടെ ഓഡീയോ റിലീസ് ആവുമ്പോള്‍ അറിയിക്കുകയും കാസറ്റുകളുടേയും സിഡിയുടേയും കോപ്പി എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആ രീതിയെല്ലാം മാറി.
പാട്ട് പാടുന്നവരുടെ പേര് റേഡിയോയില്‍ പോലും പറയുന്നില്ല. പാട്ട്് പാടിയവരുടെ പേര് പറയുന്നത് അവര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് താന്‍ കണക്കാക്കപ്പെടുന്നത്. ഇതാണ് നഷ്ടപ്പെടുന്നത്. പുതിയ ചില പാട്ടുകള്‍ ആര് പാടിയതാണെന്ന് അറിയാനും പ്രയാസമാണ്. ഇന്ന് ഒരുപാട് ആളുകള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പുതിയ ആളുകള്‍ ഒരുപാടുപേര്‍ക്ക് ഈ രംഗത്തേയ്ക്ക് കടന്നു വരാനും സാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: