തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നും ഇതിന്റെ ഫയല്‍ വരെ കാണാതായെന്നും സിഎംഡി ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയിട്ട് ദിവസം ആയിട്ടും ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് കെ എസ്ടി എംപ്ലോയീസ് സംഘ് ചോദിച്ചു.
സിഎംഡി ഇക്കാര്യം പറഞ്ഞിട്ട് രണ്ടാഴ്ചയിലേറെ കഴിഞ്ഞു. അതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെ തരംതാഴ്ത്തുന്നതായും പ്രഖ്യാപിച്ചു. എന്നാല്‍ ഈ അഴിമതി അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസിയോ സര്‍ക്കാരോ നടപടി സ്വീകരിച്ചിട്ടില്ല. എന്തുകൊണ്ടാണ് വിജിലന്‍സിനേയോ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന ഏജന്‍സികളേയോ സര്‍ക്കാര്‍ നിയോഗിക്കാത്തത്, സംഘ് ജനറല്‍ സെക്രട്ടറി കെ.എല്‍ രാജേഷ് പ്രസ്താവനയില്‍ ആരാഞ്ഞു.
കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനത്തില്‍ ഒരു ഉദ്യോഗസ്ഥനു മാത്രമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്താന്‍ കഴിയില്ല. രാഷ്ട്രീയ നോമിനികളായ ഡയറക്ടര്‍ ബോര്‍ഡും ബോര്‍ഡ് ചെയര്‍മാനും അറിയാതെ രണ്ട് കോടിക്ക് മുകളിലുള്ള ഒരു ഇടപാടും നടക്കില്ല.
ഈ അഴിമതിയുടെ പേരില്‍ പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യരായി നില്‍ക്കേണ്ടി വന്നത് അല്പശമ്പളക്കാരായ തൊഴിലാളികളാണ്. ഇഞ്ചി കൃഷി നടത്തുന്നവരെ നോട്ടീസ് നല്കി പിരിച്ചുവിട്ടോ? ഡീസല്‍ മോഷ്ടിച്ച എന്‍സിപി നേതാക്കള്‍ക്കെതിരെ എന്ത് നടപടി എടുത്തു. അദ്ദേഹം ചോദിച്ചു. അഴിമതി അന്വേഷിക്കാന്‍ ഉടന്‍ നടപടി വേണം. അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: