കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിൽ ചലച്ചിത്ര താരം ധർമജൻ ബോൾഗാട്ടിയെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് ദളിത് കോൺഗ്രസ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർഥി കുപ്പായമിട്ട് വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ദളിത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിക്കുന്നവരെ അവഗണിച്ചാല്‍ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്ന് ദളിത് കോൺഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ ചലച്ചിത്ര താരം ധർമജനന്റെ പേര് കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം ധർമജൻ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. പാർട്ടി നിർദേശിച്ചാൽ മത്സരിക്കുമെന്ന് പറഞ്ഞ് ധർമജനും മത്സരിക്കാനുള്ള താൽപര്യം വ്യക്തമാക്കിയിരുന്നു. കലാകാരൻമാരെ പരിഗണിക്കുമെന്ന് പറഞ്ഞ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ധർമജന്റെ വരവിന് പിന്തുണയറിയിച്ചു.
പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന നിരവധി ദളിത് നേതാക്കളുണ്ട്. സിനിമ താരങ്ങൾക്ക് സ്വർണ്ണ തളികയിൽ സ്ഥാനാർത്ഥിത്വം വെച്ചു നീട്ടുന്നത് പ്രവർത്തകരെയാകെ അപമാനിക്കുന്നതാണെന്നാണ് ദളിത് നേതാക്കൾ കെ പി സി സി നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നത്. ബാലുശ്ശേരിയിൽ ഫെബ്രുവരി ഒന്നിന് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദളിത് കോൺഗ്രസ് പ്രവർത്തകരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: