ശിവാജി മായാവിയാണ്, നാല്പത് അന്‍പതടിവരെ ദൂരത്ത് ചാടാനയാള്ക്ക് സാധിക്കും. എന്നിങ്ങനെയുള്ള കാല്‍പ്പനിക കഥകള്‍ നാടുമുഴുവന്‍ പ്രചരിച്ചിട്ടുണ്ടായിരുന്നു. ശിവാജിയെപ്പറ്റി കേള്‍ക്കുന്ന എല്ലാം തന്നെ സത്യമാണെന്ന് തോന്നുമായിരുന്നു. ഔറംഗസേബിന് തന്റെ നിഴലിനെപ്പോലും വിശ്വാസമുണ്ടായിരുന്നില്ല.
എല്ലായ്പ്പോഴും സംശയദൃഷ്ടിയോടെ കാര്യങ്ങള്‍ ചെയ്തു. കണക്കുകൂട്ടി തന്നെ ശിവാജിക്ക് ചാടി കയറാന്‍ സാധിക്കാത്തത്ര ഉയരത്തിലായിരുന്നു സിംഹാസനം സ്ഥാപിച്ചിട്ടുണ്ടായിരുന്നത്. ശക്തമായ രക്ഷാകവചം ധരിച്ചിട്ടുണ്ടായിരുന്നു. വിവിധങ്ങളായ ആയുധങ്ങള്‍ കൈ എത്താവുന്ന ദൂരത്ത് വെച്ചിട്ടുണ്ടായിരുന്നു. ഇലയനങ്ങിയാല്‍ പോലും പ്രാണനും കൊണ്ടോടുമായിരുന്നു. അതായിരുന്നു ഔറംഗസേബിന്റെ മനഃസ്ഥിതി എന്ന് ചരിത്രകാരനായ ഡഗ്ലസ് എഴുതിട്ടുണ്ട്.
ശിവാജി, സംഭാജി, രാമസിംഹന് മറ്റ് പത്ത് സര്‍ദാര്‍മാരും രാജസഭയില്‍ പ്രവേശിച്ചു. പ്രവേശിച്ചപ്പോള്‍ തന്നെ അതിഥിയുടെയും ആതിഥേയന്റെയും ദൃഷ്ടി പരസ്പരം ഒന്നിച്ചു. അഹോ അവര്‍ണനീയ നിമിഷങ്ങളായിരുന്നു അത്. ഇവനാണോ ആ ശിവന്! ഇവനാണോ ആ ഔറംഗസേബ്! എന്ന് ഇരുവരും ചിന്തിച്ചു. ബാദശാഹ പ്രാണരക്ഷാര്‍ത്ഥം ചെയ്ത എല്ലാ പ്രയ്തനങ്ങളും ശിവാജി കണ്ടു. ഹേ, ഭഗവന്‍ ഇതിനാണോ ഇത്രയും ദൂരം വന്നത്, എല്ലാം വ്യര്ത്ഥമായല്ലൊ? അദ്ദേഹത്തിനേറ്റ ആദ്യത്തെ അടിയായിരുന്നു അത്.
എന്നാലും ശാന്തചിത്തനായി സിംഹാസനത്തിനു മുന്നില്‍ പോയി കൊണ്ടുവന്ന സമ്മാനങ്ങള്‍ സമര്‍പ്പിച്ചു. സംഭാജിയുടെ വകയും സമ്മാനങ്ങള്‍ കൊടുത്തു. രണ്ടുപേരും മുന്നോട്ടു കുനിഞ്ഞ് നമസ്കരിച്ചു. ശിവാജിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ സങ്കടം നിറഞ്ഞ ക്ഷണങ്ങളായിരുന്നു അത് എന്നതില്‍ സംശയമില്ല. എന്നാലിത് സ്വയം സ്വീകരിച്ചതായിരുന്നു. ശാന്തനായിരിക്കണമായിരുന്നു. എല്ലാം സഹിക്കണമായിരുന്നു. ശിവാജി അവിടെ എത്തിയതിനുശേഷവും ഔറംഗസേബ് ഒരക്ഷരം ഉരിയാടിയില്ല. മുഖത്ത് ഒരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. ശിവാജിയെ പൂര്‍ണമായും തിരസ്കരിച്ചിരിക്കയായിരുന്നു.
പിന്നീട് ഔറംഗസേബിന്റെ കൂടനീതിയനുസരിച്ച് ശിവാജിയെ സിംഹാസനത്തില്‍ നിന്നും ദൂരെയുള്ള ഒരുവരിയില്‍ കൊണ്ടുനിര്‍ത്തി. അത് അയ്യായിരം സൈനികരുടെ നായകന്മാര്ക്ക് വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള മൂന്നാംതരക്കാരുടെതായിരുന്നു. രാജസഭ സമാപിക്കുന്നതിനു മുന്‍പായി ജസവന്തസിംഹ് മുതലായവര്‍ക്ക് സമ്മാന സൂചകമായി താംബൂലം കൊടുത്തു. എന്നാല്‍ ശിവാജിക്ക് കൊടുത്തില്ല. രാജസഭയില്‍ അദ്ദേഹമുണ്ടെന്നു പോലും പരിഗണിക്കാതെയായിരുന്നു എല്ലാ പ്രവൃത്തികളും. രാജസഭ സമാപിക്കാറായി. അതോടെ ശിവാജി തന്റെ യഥാര്‍ത്ഥ രൂപം പ്രകടിപ്പിക്കാനാരംഭിച്ചു.
ശിവാജിക്ക് മനസ്സിലായി തന്റെ മനസ്സില്‍ സൂക്ഷിച്ചിട്ടുള്ള രഹസ്യയോജനയ്ക്ക് കാര്യരൂപം കൊടുക്കാന്‍ സാധിക്കുകയില്ലെന്ന്. ബാദശാഹയുടെ അംഗീകാരം നേടി ചില പദ്ധതികള്‍ നടപ്പിലാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അത് സാധിക്കില്ലെന്ന് മനസ്സിലായി. ആഗ്രയില്‍ എത്തിയതിനുശേഷം ബാദശാഹ തന്നെ അപമാനിക്കാനായി ചെയ്ത ഓരോ പ്രവൃത്തിയും അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിനേറ്റ ക്ഷതമായിരുന്നു. നിരാശകൊണ്ടും അപമാനംകൊണ്ടും സഹ്യാദ്രി സിംഹം പ്രകോപിതനായി. ഇനിയും ദാസനെപ്പോലെ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് നിശ്ചയിച്ചു.
അദ്ദേഹം കോപത്തോടെ രാമസിംഹനെ നോക്കി ചോദിച്ചു-രാമസിംഹ! എന്റെ മുന്നില്‍ നില്‍ക്കുന്നതാരാണ്? ആ അഭൂതപൂര്‍വമായ ഗര്‍ജനം കേട്ട് രാജസഭ ഒന്നിളകി. ബാദശാഹയുടെ മുന്നില്‍ ചലിക്കുന്നതോ സംസാരിക്കുന്നതോ മന്ദസ്വരത്തിലായിരിക്കണമെന്നാണ് പരമ്പര. രാജസഭയില്‍ അനേകം രജപുത്ര സിംഹങ്ങള്‍ ഉണ്ടായിരുന്നു. ആ സിംഹങ്ങള്‍ ഗര്ജിക്കാറില്ലെന്നു മാത്രമല്ല, അവ സിംഹഗര്‍ജനം കേട്ടിട്ടുമുണ്ടായിരുന്നില്ല. ശിവാജിയുടെ രോഷം കണ്ട് രാമസിംഹന് ഓടി വന്ന് മന്ദസ്വരത്തില്‍ പറഞ്ഞു. അത് മഹാരാജ ജസവന്തസിംഹനാണ്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: