കേരളത്തിന്റെ നന്മയ്ക്കായി പരശുരാമന് സ്ഥാപിച്ച കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത് ഭാരതത്തില്‍ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം എന്ന നിലയിലാണ്. ഐശ്വര്യദായിനിയായ ഹേമാംബികയെ പ്രഭാതത്തില്‍ സരസ്വതിയായും, മധ്യാഹ്നത്തില്‍ ലക്ഷ്മിയായും (വിഷ്ണുമായ), പ്രദോഷത്തില്‍ ദുര്‍ഗയായും ആരാധിക്കുന്നു.
കൊല്ലൂരില്‍ മൂകാംബികയെയും വടകര ലോകനാര്‍കാവില്‍ ലോകാംബികയെയും, കന്യാകുമാരിയില്‍ ബാലാംബികയെയും അകത്തേത്തറയില്‍ ഹേമാംബികയെയുമാണ് പരശുരാമന് പ്രതിഷ്ഠിച്ചത്. ജലത്തില്‍ പ്രത്യക്ഷപ്പെട്ട അംബികയായതിനാല്‍ ഹേമാംബിക എന്നും അറിയപ്പെടുന്നു.
കരിങ്കല്ലിലുള്ള രണ്ടു ശിലാഹസ്തങ്ങളാണ് ഇവിടുത്തെ പ്രതിഷ്ഠ. പാലക്കാട്ടെ കരിമലയിലായിരുന്നു ദേവിയെ പരശുരാമന് കുടിയിരുത്തിയതെന്നാണ് ഐതിഹ്യം. പിന്നീട് ശങ്കരാചാര്യര്‍ ദേവിയുടെ സ്ഥാനം മുതിരംകുന്നിലേക്കു മാറ്റി. അകത്തേത്തറയില്‍ താമസിച്ചിരുന്ന കുറൂര്‍ മനയിലെ നമ്പൂതിരി, ദേവിയെ ഉപാസിച്ചുവന്നിരുന്നു. പ്രായമേറിയപ്പോള്‍ അദ്ദേഹത്തിന് മുതിരംകുന്നിലേക്ക് പോകാന്‍ പ്രയാസം നേരിട്ടു. അവസാന പൂജ കഴിഞ്ഞെത്തിയ അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടു. പൂജചെയ്യാന്‍ കുറൂര്‍ മനയുടെ അടുത്തുള്ള കുളത്തില്‍ പ്രത്യക്ഷയാകുമെന്നും പൂര്‍ണരൂപം ദര്‍ശിച്ചശേഷമേ സംസാരിക്കാവൂ എന്നും അരുളി ചെയ്തു. എന്നാല്‍ കുളത്തില്‍ നിന്ന് ആദ്യം ഉയര്‍ന്നുവന്ന ദേവിയുടെ കരങ്ങള്‍ കണ്ടപാടെ ‘അതാ കണ്ടു’ എന്ന് അദ്ദേഹം അറിയാതെ പറഞ്ഞു. ഇതോടെ കൈകള്‍ മാത്രം ദര്‍ശനം നല്കി ദേവി അപ്രത്യക്ഷയായി. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി.
സുഹൃത്തായ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പാലക്കാട് രാജാവിന്റെ നിര്‍ദ്ദേശപ്രകാരം കുളം ഭാഗികമായി നികത്തി ക്ഷേത്രം നിര്‍മിച്ചു. ഹേമാംബികാദേവി പിന്നീട് പാലക്കാട് രാജാവിന്റെ കുലദേവതയായി. കഥയുടെ ഭാഗമായ കല്ല,് കുളം, കര എന്നിവ ചേര്‍ന്ന് സ്ഥലത്തിന് കല്ലായിക്കുളങ്ങര എന്നും പേരു വന്നു. പിന്നീടത് കല്ലേക്കുളങ്ങരയായി മാറി.
സ്വയംവരപുഷ്പാഞ്ജലി, ദ്വാദശാക്ഷരീ പുഷ്പാഞ്ജലി, സന്താനഗോപാലം എന്നിവയാണ് പ്രധാന വഴിപാടുകള്‍. സന്താനഭാഗ്യമില്ലാത്തവര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കും. കുട്ടി ജനിച്ച് ആറാംമാസത്തില്‍ ക്ഷേത്രത്തില്‍ കൊണ്ടുവന്ന് അടിമകിടത്തി തൊട്ടില് സമര്‍പ്പിക്കും.
പ്രഭാതത്തില്‍ സരസ്വതീ ദേവിയായതിനാല്‍ പണപ്പായസവും മധ്യാഹ്നത്തില്‍ ലക്ഷ്മിയായതിനാല്‍ പാല്‍പ്പായസവും സന്ധ്യക്ക് ദുര്‍ഗയായതിനാല്‍ കടുംപായസവുമാണ് വഴിപാട്.
ഹേമാംബികയുടെ പ്രതിഷ്ഠാദിനം മേടത്തിലെ പൂരത്തിലാണ്. കൊടിയേറ്റ് ഉത്സവം ഇവിടെ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. നവരാത്രി, ഓണം, മണ്ഡലം കളംപാട്ട്, ശിവരാത്രി, മീനത്തിലെ ലക്ഷാര്‍ച്ചന, കര്‍ക്കടകത്തിലെ ഈശ്വരസേവ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.
മണ്ഡലകാലത്ത് ക്ഷേത്രത്തില്‍ നടക്കുന്ന പൊന്നകമ്പടിയെന്ന ചടങ്ങ് ഏറെ ശ്രദ്ധേയമാണ്. ഭഗവതിയുടെ തിരുവാഭരണ ദര്‍ശനത്തിന്റെ ഓര്‍മപുതുക്കലാണിത്. തിരുവാഭരണത്തിന് പകരം സ്വര്‍ണത്താലിയാണ് എഴുന്നള്ളിക്കുക. രാജാവിന്റെ കാവല്ക്കാരന് എന്നറിയപ്പെടുന്ന ഭണ്ഡാരി കുത്തുവിളക്കുമായി തിരുവാഭരണത്തിന് വഴികാട്ടും. തിരുവാഭരണം എഴുന്നള്ളിക്കുമ്പോള്‍ കൊള്ളക്കാര്‍ ഭക്തരെ ആക്രമിച്ചെന്നും ഭഗവതിയെ വിളിച്ചുകരഞ്ഞ അവര്‍ക്ക് മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ട് കൊള്ളക്കാരുടെ തല വെട്ടി നാട്ടിയെന്നാണ് വിശ്വാസം. രാജാവിന്റെ സമാധിസ്ഥലം മുതല്‍ ക്ഷേത്രപരിസരം വരെയാണ് എഴുന്നള്ളിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: