കോഴിക്കോട് : പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി മാവോയിസ്റ്റ് ഓപ്പറേഷനുകള്‍ക്ക് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി എന്‍ഐഎ. കേസിലെ നാലാം പ്രതിയായ വിജിത്ത് ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതിയായ സി.പി. ഉസ്മാനും വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലുമൊത്ത് ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വിജിത്തിനെ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാളെ ജാമ്യത്തില്‍ വിടരുതെന്ന് ആരോപിച്ച് എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ എത്തിച്ചു നല്‍കിയിരുന്നത് വിജിത്താണ്. നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് സംഘടനയിലെ സുപ്രധാന കണ്ണിയാണ് ഇയാള്‍. ഇത് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചിട്ടുള്ളതായും എന്‍ഐഎ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ഓപ്പറേഷനുകള്‍ നടത്തുന്നതിനായി കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ യോഗങ്ങളില്‍ ഇയാള്‍ പങ്കെടുത്തു. മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തില്‍ അംഗമായ വിജിത്തിന് മാവോയിസ്റ്റ് സാഹിത്യങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ചുമതലയുണ്ട്. സംഘടനയ്‌ക്കുള്ളില്‍ വിജിത്ത് അറിയപ്പെട്ടിരുന്നത് പച്ച, ബാലു, മുസഫിര്‍, അജയ് എന്നീ പേരുകളിലാണ്. ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും എന്‍ഐഎ അറിയിച്ചു.
എന്‍ഐഎയുടെ വാദം കേട്ട കോടതി വിജിത്തിനെ അടുത്ത മാസം 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇമാസം 21ന് വയനാട് സ്വദേശിയായ വിജിത്ത് കൊച്ചി എന്‍ഐഎ യൂണിറ്റിന്റെ പിടിയിലാകുന്നത്. എന്‍ജിനീയറിംഗ് ബിരുദധാരിയും കല്‍പ്പറ്റ പുഴമുടി സ്വദേശിയുമാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: