ശാസ്താംകോട്ട: വേനല്‍ കടുക്കുന്നതിന് മുമ്പെ ശാസ്താംകോട്ട തടാകത്തിന്റെ ഭാഗങ്ങള്‍ വരണ്ടുണങ്ങിത്തുടങ്ങി. ജലസമൃദ്ധമായിരുന്ന തടാകത്തിന്റെ ഇന്നത്തെ ദുരവസ്ഥ ബന്ധപ്പെട്ടവര്‍ അവഗണിക്കുന്നു. കൊല്ലം കോര്‍പ്പറേഷനിലെ മൂന്നുലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ജലസ്രോതസിന്റെ ദുരവസ്ഥ ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
സംരക്ഷണമില്ലാതെ അമിത ജലചൂഷണം നടത്തി തടാകത്തെ നാശത്തിലേക്ക് കൂപ്പ് കുത്തിച്ചവര്‍ ഇപ്പോള്‍ പരസ്പരം പഴിചാരി കൈമലര്‍ത്തുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. നിരവധി മൊട്ടക്കുന്നുകള്‍ക്ക് നടുവില്‍ പ്രകൃതി ഒരുക്കിയ ജലാശയം വരള്‍ച്ചയുടെ പ്രാരംഭ ലക്ഷണം കാട്ടിയത് 1997ലാണ്. പരിധിയില്ലാത്ത പമ്പിംഗും പാരിസ്ഥിതിക ചൂഷണങ്ങളും താങ്ങാനാകുന്നില്ലെന്ന് തടാകം വിലപിച്ചത് സ്വയം ഉള്‍വലിഞ്ഞാണ്.
പ്രകൃതി നല്കിയ സ്വാഭാവിക സംരക്ഷണ കവചങ്ങളായ മൊട്ടക്കുന്നുകള്‍ മൂക്ക് ചെത്തി മുഖം മിനുക്കും പോലെ നിരത്തി തുടങ്ങിയ കാലമായിരുന്നു അത്. തടാകത്തോട് ചേര്‍ന്നുള്ള പുഞ്ചകളില്‍ നിന്ന് ഇഷ്ടികഫാക്ടറികളിലേക്ക് നിയന്ത്രണങ്ങളില്ലാതെ ചെളിയെടുപ്പും തുടങ്ങിയിരുന്നു. പരിധിയില്ലാതെ വെള്ളം എടുക്കുന്നതും ചുറ്റുമുള്ള കുന്നും മലകളും പുഞ്ചകളും ഇല്ലാതാക്കുന്നതും തെറ്റല്ലെന്ന് കരുതിയവര്‍ക്ക് പ്രകൃതി നല്കിയ മറുപടിയായിരുന്നു തടാകത്തിന്റെ പിന്‍വാങ്ങല്‍.
2010 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തടാകം വന്‍തോതില്‍ വറ്റിവരണ്ടു. മുമ്പ് നിരവധി ആളുകള്‍ ചെളിയിലാണ്ട് മരിച്ചിട്ടുള്ള കായല്‍ബണ്ട് ഭാഗത്ത് തടാകം പിന്‍വലിഞ്ഞ് കാട് മൂടി.
തടാകം പിന്‍ലിഞ്ഞ ഭാഗം കുട്ടികള്‍ ഫുട്ബോള്‍, ഷട്ടില്‍ മത്സരങ്ങളുടെ വേദിയാക്കി. കായല്ബണ്ടിനൊപ്പം കുതിരമുനമ്പിലും അമ്പലക്കടവിലും തടാകം പിന്‍വലിഞ്ഞു. 2013ല്‍ തടാകം ചരിത്രത്തിലെ സമാനതകളില്ലാത്ത വരള്‍ച്ചയെ നേരിട്ടു. കല്ലടയിലെ മണല്‍ കുഴികളില്‍ തടാകം മരിക്കുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ പ്രഖ്യാപിച്ച തടാകസംരക്ഷണ പദ്ധതി കൂടാതെ ഇതുവരെ പ്രഖ്യാപിച്ച പദ്ധതി തുകകള്‍ 70 കോടിയോളം വരും. ഒന്നു പോലും നടപ്പിലായില്ല എന്നറിയുമ്പോഴാണ് തടാകത്തോടുള്ള ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാകുന്നത്. ശുദ്ധജല പാരമ്പര്യം ഇല്ലാതാക്കി എണ്ണമറ്റ പായല്‍ ഇനങ്ങള്‍ തടാകത്തില്‍ തഴച്ച് വളര്‍ന്നു. ഇതോടെ തടാക സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. തുടര്‍ന്ന് തടാകസംരക്ഷണത്തിനായി പുതിയ മാനേജ്മെന്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെങ്കിലും എല്ലാം ജലരേഖയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: