തൃശൂര്‍: ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ദേശീയപാത കുതിരാനില്‍ റോഡ് സുരക്ഷാ അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന. വര്‍ഷങ്ങളായിട്ടും നിര്‍മ്മാണം പൂര്‍ത്തിയാവാതിരിക്കുകയും നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയെന്ന് പരാതിയുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി വസ്തുതാ പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയത്.
നിര്‍മ്മാണം സംബന്ധിച്ച് വിദഗ്ദ സംഘം പരിശോധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ പരിശോധന ഇന്നലെ നടന്നത്. റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറുമെന്ന് അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍ച്ച് മുപ്പതിനകം ഒരു തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കാന്‍ കഴിയുമെന്നാണ് ദേശീയപാത അതോറിറ്റി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. വനം വകുപ്പിന്റെ ഭൂമി വിട്ടുകിട്ടാന്‍ വൈകുന്നതും പ്രാദേശിക സമരങ്ങളും നിര്‍മ്മാണമേറ്റെടുത്ത കമ്പനിയുടെ സാമ്പത്തിക തകര്‍ച്ചയുമാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: