ന്യൂദല്‍ഹി : രാജ്യത്തെ കേബിള്‍ ടിവി നെറ്റ്വര്‍ക്ക് റെഗുലേഷന് ആക്ടില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദല്‍ഹി അതിര്‍ത്തിയിലും ചെങ്കോട്ടയിലും അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഈ നടപടി.
ഇതുപ്രകാരം പ്രത്യേകം സമുദായത്തേയോ ആളുകളേയോ അധിക്ഷേപിക്കുന്ന തരത്തിലുള്ള കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ ടിവി പരിപാടികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക. ഇത്തരത്തില്‍ പ്രകോപനം ഉളവാക്കുന്നതോ ആളുകളെ കലാപത്തിലേക്ക് നയിക്കുന്നതോ ആയ വാര്‍ത്തകളോ ദൃശ്യങ്ങളോ പുറത്തുവിടുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളും.
കര്‍ഷക സമരത്തിന്റെ മറവില്‍ ഇടനിലക്കാര്‍ ചെങ്കോട്ടയില്‍ നടത്തിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പുറത്തുവിട്ട് കലാപം ആളിക്കത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് സുപ്രീംകോടതിയുടേയും ഈ നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്.
ഇടനിലക്കാരുടെ സമരം രാജ്യത്തിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും എംപിക്കെതിരെയും ഉത്തര്‍പ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം എംപി ശശി തരൂര്‍, ഇന്ത്യടുഡേയിലെ മാധ്യമ പ്രവര്ത്തകന് രാജീവ് സര്‍ദേശായി, മലയാളി മാധ്യമപ്രവര്‍ത്തകനും കാരവാന്റെ എഡിറ്ററുമായി വിനോദ് കെ. ജോസ് എന്നിവരടക്കമുള്ള എട്ടു പേര്‍ക്കെതിരെയാണ് നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളും അക്രമികളെ അനുകൂലിക്കുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവിട്ടത്. ഇത്തരത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
സമാധാനപരമായി റാലി നടത്തുമെന്ന സമരക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇതെല്ലാം മറികടന്ന് അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. റാലിക്കായി പോലീസ് നിര്‍ദ്ദേശിച്ച സമയവും റൂട്ട് മാപ്പും മറികടന്ന് ഇടനിലക്കാര്‍ ദല്‍ഹിയിലേക്ക് എത്തുകയും സംഘര്‍ഷം അഴിച്ചുവിടുകയുമായിരുന്നു. പ്രതിഷേധം രൂക്ഷമാകാന്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത പരിപാടികള്‍ കാരണമായെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: