ന്യൂദല്‍ഹി: കരിയപ്പ ഗ്രൗണ്ടില്‍ നടന്ന ദേശീയ കേഡറ്റ് കോറിന്റെ (എന്‍സിസി) റാലിയെഅഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധമന്ത്രി, സംയുക്ത സേനാ തലവന്‍, മൂന്ന് സായുധ സേവന മേധാവികളും ചടങ്ങില്‍ പങ്കെടുത്തു. ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി പരിശോധിക്കുകയും മാര്‍ച്ച് പാസ്റ്റ് അവലോകനവും നടത്തി.
സാമൂഹിക ജീവിതത്തില്‍ കര്‍ശന അച്ചടക്കമുള്ള രാജ്യങ്ങള്‍ എല്ലാ മേഖലകളിലും അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ ഈ അച്ചടക്കം വളര്‍ത്തുന്നതില്‍ എന്‍സിസിക്ക് വലിയ പങ്കുണ്ട്. യൂണിഫോമിലുള്ള ഏറ്റവും വലിയ യുവജന സംഘടനയെന്ന നിലയില്‍ എന്‍സിസി അനുദിനം വളര്‍ച്ച നേടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൗര്യവും സേവനവും എന്ന ഇന്ത്യന്‍ പാരമ്പര്യം പ്രോത്സാഹിപ്പിക്കപ്പെടുന്നിടത്തും ഭരണഘടനയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നിടത്തും എന്‍സിസി കേഡറ്റുകളുടെ സാന്നിധ്യം ഉണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. കൊറോണ പോലുള്ള വിപത്തുകളില്‍ എന്‍സിസി കേഡറ്റുകള്‍ നല്കിയ സംഭാവനകളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
നമ്മുടെ ഭരണഘടന വിവക്ഷിക്കുന്ന കടമകള്‍ നിറവേറ്റേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാരും സിവില്‍ സമൂഹവും ഇത് പിന്തുടര്ന്നാല് നിരവധി വെല്ലുവിളികളെ വിജയകരമായി നേരിടാനാകും. നമ്മുടെ രാജ്യത്തിന്റെ വലിയൊരു ഭാഗത്തെ ബാധിച്ചിരുന്ന നക്സലിസത്തിനെയും മാവോയിസത്തിനെയും തകര്‍ത്തത് സുരക്ഷാ സേനയുടെ ധീരതയും പൗരന്മാരുടെ കര്ത്തവ്യബോധവുമാണെന്ന് മോദി പറഞ്ഞു. ഇപ്പോള്‍ നക്സല്‍ ഭീഷണി രാജ്യത്തെ ചുരുക്കം പ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുകയുംനക്സലിസത്തിന്റെ പാതയില്‍ ഉണ്ടായിരുന്ന യുവാക്കള്‍ വികസന മുഖ്യധാരയില്‍ ചേരാന്‍ അക്രമത്തിന്റെ പാത ഉപേക്ഷിക്കുകയും ചെയ്തു.
കൊറോണ കാലഘട്ടം വെല്ലുവിളി നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി ഒര്‍മ്മിപ്പിച്ചു, ഈ സാഹചര്യം രാജ്യത്തിന് അസാധാരണമായ പ്രവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ കൊണ്ടുവന്നു, രാജ്യത്തിന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുക, അത് സ്വയം പര്യാപ്തിയിലെത്തിക്കുക, സാധാരണയില്‍ നിന്ന് മികച്ചതിലേക്ക് പോകുക. ഇതില്‍ യുവാക്കള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതിര്‍ത്തിയിലും തീരപ്രദേശങ്ങളിലും എന്‍സിസി വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ വിവരിച്ച പ്രധാനമന്ത്രി അത്തരം 175 ജില്ലകളില്‍ എന്‍സിസിക്ക് പുതിയ പങ്ക് പ്രഖ്യാപിച്ച ഓഗസ്റ്റ് 15 ലെ തന്റെ പ്രസംഗം അനുസ്മരിച്ചു. ഇതിനായി ഒരു ലക്ഷത്തോളം കേഡറ്റുകള്‍ക്ക് കര വ്യോമനാവികസേനകള് പരിശീലനം നല്കി വരികയാണെന്ന് അദ്ദേഹം അറിയിച്ചു. അവരില്‍ മൂന്നിലൊന്ന് വനിതാ കേഡറ്റുകളാണ്. എന്‍സിസിയുടെ പരിശീലന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. നേരത്തെയുണ്ടായിരുന്ന ഒരു ഫയറിംഗ് സിമുലേറ്ററിന്റെ സ്ഥാനത്ത് ഇപ്പോള്‍ 98 എണ്ണം സ്ഥാപിച്ചു വരുന്നു. മൈക്രോ ഫ്ളൈറ്റ് സിമുലേറ്ററുകളുടെ എണ്ണം അഞ്ചില്‍ നിന്ന് 44 ആയും റോവിംഗ് സിമുലേറ്ററുകളുടെ എണ്ണം 11 ല്‍ നിന്ന് 60 ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയ്ക്ക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുകയും ഇന്നത്തെ വേദി അദ്ദേഹത്തിന്റെ പേരിലാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. സായുധ സേനയില്‍ വനിതാ കേഡറ്റുകള്‍ക്ക് പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സമീപകാലത്ത് എന്‍സിസിയില്‍ വനിതാ കേഡറ്റുകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനയുണ്ടായതില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: