അഥര്‍വവേദത്തില്‍ നിന്നും മറ്റു ഋഷിവര്യന്മാരില് നിന്നും ആയുര്‍വേദ ആചാര്യന്മാര് സംവാദങ്ങളിലൂടെയും സ്ഥലസന്ദര്ശനങ്ങളിലൂടെയും തങ്ങളുടെ അനുഭവ പാഠങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയവയാണ് സംഹിതകള്‍.
സംഹിതകളില്‍ ഏറെ പ്രസിദ്ധമാണ് ചരകസംഹിത. ആത്രേയമഹര്‍ഷിയുടെ ആറ് ശിഷ്യന്മാരില് പ്രഥമഗണനീയനായ അഗ്നിവേശന്‍ തയ്യാറാക്കിയ അഗ്നിവേശ തന്ത്രമാണ് വിഖ്യാതമായ ചരകസംഹിതയ്ക്ക് ബീജാപാവം നല്‍കിയത്. അതുപോലെ ആത്രേയ തന്ത്രവും പ്രയോഗശൈലിയിലും വിവരണത്തിലും ചരകസംഹിതയുമായി സമാനസ്വഭാവമുള്ളതാണ്. ബിസി അവസാന നൂറ്റാണ്ടിലോ എഡി ഒന്നാം നൂറ്റാണ്ടിലോ ആവാം ചരകന്‍ ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.
കുശാന രാജവംശത്തിലെ ഏറ്റവും പ്രബലനായ കനിഷ്ക ചക്രവര്‍ത്തിയുടെ സമകാലികനായിരുന്നു ചരകനെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മറിച്ച് സമര്ഥിക്കാനുള്ള പണ്ഡിതാഭിപ്രായങ്ങളോ രേഖകളോ ലഭ്യമല്ല. അങ്ങനെയെങ്കില്‍ വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളില്‍ ഒരാളായ ധന്വന്തരിയാണ് ചരകനെന്ന വാദങ്ങള്‍ അസ്ഥാനത്താകും.
എല്ലാ സംഹിതകളിലുമെന്നപോലെ ചരക സംഹിതയിലും എട്ടു പുസ്തകങ്ങളാണ് ഉള്ളത്. അവ ക്രമപ്രകാരം ഇങ്ങനെ:
സൂത്രസ്ഥാനം: അടിസ്ഥാന രോഗങ്ങളും അവയുടെ നിര്‍ണയവും ചികിത്സയുമാണ് പ്രതിപാദ്യം.
നിദാനസ്ഥാനം: രോഗലക്ഷണങ്ങള്‍ ഇതില്‍ വിവരിക്കുന്നു. ആരംഭത്തിലും ഉച്ചസ്ഥായിയിലുമുള്ള ബാഹ്യലക്ഷണങ്ങള്‍ വിവരിക്കുന്നത് നിദാനസ്ഥാനത്തിലാണ്. വിമാനസ്ഥാനം: ഓരോ രോഗത്തിനുമുള്ള ഔഷധക്കൂട്ടുകള്‍ തയ്യാറാക്കുമ്പോള്‍ അതിലെ ചേരുവകളുടെ അളവുകള്‍ വ്യക്തമായി വിവരിക്കുന്നു.
ശരീരസ്ഥാനം: ശരീരത്തിലെ അവയവങ്ങള്‍ക്കുണ്ടാകുന്ന പരിക്ക്, അവയുടെ വ്യതിയാനങ്ങള്‍, രോഗത്തിന് അനുസൃതമായി ശരീരത്തിലുണ്ടാകുന്ന അവസ്ഥാ വിശേഷങ്ങള്‍ ഇവയാണ് പ്രതിപാദ്യം. ചികിത്സാസ്ഥാനം: ഓരോ രോഗത്തിനുമുള്ള ചികിത്സകള്‍ ഇതില്‍ വിവരിക്കുന്നു.
കല്‍പ്പസ്ഥാനം: ഔഷധവിധികള്‍ എങ്ങനെ വേണമെന്ന് പരാമര്‍ശിക്കുന്നത് കല്പ്പസ്ഥാനത്തിലാണ്. അവ മനുഷ്യന്റെ ശരീരത്തിലും മനസ്സിലുമുണ്ടാക്കുന്ന വ്യത്യാസങ്ങളും വ്യക്തമാക്കുന്നു.
സിദ്ധിസ്ഥാനം: രോഗങ്ങള്‍ക്കു മേല്‍ വിജയപ്രാപ്തിക്കുള്ള പ്രയോഗങ്ങളാണ് സിദ്ധി സ്ഥാനത്തിലുള്ളത്. ഇന്ദ്രിയസ്ഥാനം: പഞ്ചേന്ദ്രിയങ്ങളെ ബാധിക്കുന്ന രോഗങ്ങളും അവയെ ഉദ്ദീപിപ്പിക്കുന്നതിനുള്ള പ്രതിവിധികളും പരാമര്‍ശിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: