ശിവാജി മറുപടിയയച്ചു! ഞാനിപ്പോള്‍ ബാദശാഹയുടെ സേവകനാണ് എന്റെ ഏറെ കോട്ടകള്‍ വിട്ടുതരാന്‍ തയ്യാറാണ്. 1665 ജൂണ്‍ 11-ാം തീയതി ജയസിംഹന്റെ പടകുടീരത്തില്‍ ശിവാജിയെ സ്വാഗതം ചെയ്തു. ജയസിംഹന്റെ ആത്മരക്ഷണത്തിനായി തന്റെ ഇരുഭാഗത്തും ആയുധധാരികളായ ഭടന്മാരെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അവിടെ എത്തി ശിവാജി സ്നേഹാദരപൂര്‍വം ജയസിംഹനെ ആലിംഗനം ചെയ്തു. മുന്‍പ് ശിവാജിയെ ആലിംഗനം ചെയ്ത അഫ്സല്‍ഖാന്റെ അവസ്ഥ ഓര്‍ത്ത് ജയസിംഹന് ഒന്ന് സ്തംഭിച്ചു. ജയസിംഹന് സ്വദേശിയാണ്, ശിവാജിയുടെ ജീവിതം തന്നെ സ്വരാജ്യത്തിനു വേണ്ടി സമര്പ്പിതമാണല്ലൊ! സ്വരാജ്യത്തിന്റെയും സ്വധര്‍മത്തിന്റെയും രക്ഷണത്തിനുവേണ്ടി സ്വജനങ്ങളെ സംഘടിപ്പിക്കുക നിയോഗിക്കുക എന്നതായിരുന്നല്ലൊ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നിരിക്കെ, ജയസിംഹനെ വധിക്കുക എന്ന ചിന്ത ശിവാജിയുടെ മനസ്സില്‍ ഉദിക്കുന്നതെങ്ങനെ?
പുരന്ദര്കോട്ടയില് സംഘര്‍ഷം നടന്നുകൊണ്ടിരിക്കയായിരുന്നു. അത് കാണാവുന്ന സ്ഥലത്തായിരുന്നു കൂടിക്കാഴ്ച ഒരുക്കിയിരുന്നത്. കൂടിക്കാഴ്ച സമയത്ത് ദുര്‍ഗത്തിന്റെ മേല്‍ ശക്തമായ ആക്രമണം നടത്തണമെന്നും ജയസിംഹന് ദിലേര്‍ഖാനെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംഭാഷണം നടന്നുകൊണ്ടിരിക്കെത്തന്നെ പുരന്ദര്‍ കോട്ട ജയസിംഹന് വിട്ടുകൊടുത്തുകൊണ്ട് യുദ്ധം നിര്‍ത്താന്‍ പുരന്ദര്കോട്ടയുടെ പ്രമുഖന് സൂചന കൊടുത്തയച്ചു ശിവാജി. യുദ്ധരംഗം ശാന്തമായി. തുടര്‍ന്നുള്ള സന്ധിയുടെ നിയമങ്ങള്‍ നിശ്ചയിച്ചു.
പുരന്ദര്‍ ദുര്‍ഗവും ഹിന്ദുദുര്ഗവും കൂടാതെ 23 കോട്ടകള്‍ ജയസിംഹന് വിട്ടുകൊടുക്കണം. കൂടാതെ 16 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളത്ര പ്രദേശങ്ങളും വിട്ടുകൊടുക്കണം. ശിവാജിക്ക് 12 കോട്ടകള്‍ കൈവശം വെക്കാം. 4 ലക്ഷം രൂപ വരുമാനമുള്ള ഭൂപ്രദേശങ്ങളും. അതും ഔറംഗസേബിന്റെ കൃപകൊണ്ട് ദക്ഷിണദേശ പ്രമുഖന്റെ അധീനതയില്‍ നിന്നുകൊണ്ടായിരിക്കും.
മകനായ സംഭാജി ആയിരം സൈനികരുടെ സര്‍ദാര്‍ ആയിക്കൊണ്ട് ദക്ഷിണദേശം പ്രമുഖന്റെ കൂടെ നില്‍ക്കണം. ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ മുഗളരെ സഹായിക്കണം. അവിടെ ജയിക്കുന്ന പ്രദേശങ്ങള്‍ ശിവാജിക്ക് കൈവശം വെക്കാം. പ്രതിവര്‍ഷം 40 ലക്ഷം സ്വര്‍ണനാണയം ദില്ലിക്ക് നല്‍കണം. ഇതായിരുന്നു സുപ്രസിദ്ധ പുരന്ദര്സന്ധിയുടെ വ്യവസ്ഥ.
ഇത്തരത്തില്‍ അപമാനകരമായ ഒരു സന്ധിക്ക് ശിവാജി തയ്യാറാവാനുള്ള സാഹചര്യം നേരത്തെ സൂചിപ്പിച്ചു. അതുമാത്രമല്ല മുഗളരുടെ സഹായത്തോടെ ദക്ഷിണത്തിലെ ആദില്‍ശാഹി, കുതുബുശാഹി എന്നീ രാജ്യങ്ങളെ സമൂലം ഇല്ലാതാക്കി, തന്റെ മേല്‍കൈ സ്ഥാപിക്കുക എന്നൊരുദ്ദേശവും കൂടി ഉണ്ടായിരുന്നു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: