മക്കളേ,
ഏതൊരു വസ്തുവിനും അതിന്റെ ശക്തികളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഹൃദയഭാഗമുണ്ടാകും. അതുപോലെ ലോകത്തിന്റെ ഹൃദയമാണ് ഭാരതം. ഭാരതമെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അതിലൊരു ശാന്തിയും ചൈതന്യവും തുടിക്കുന്നുണ്ട്. കാരണം, ലോകത്തിനു മുഴുവന്‍ ചൈതന്യം പകര്‍ന്ന ഋഷിമാരുടെ നാടാണ് ഭാരതം. ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്ക്കാരമായ ഭാരതീയസംസ്ക്കാരം ഇന്നും സൂര്യശോഭ ചൊരിഞ്ഞുനില്ക്കുന്നു. അതിനെത്തന്നെയാണ് സനാതനധര്‍മ്മമെന്നു വിളിക്കുന്നത്.
സര്‍വ്വചരാചരങ്ങളേയും സര്‍വ്വജീവരാശികളേയും കോര്‍ത്തിണക്കുന്ന ഏകതയുടെ സന്ദേശം ലോകത്തിനു കാഴ്ച വെച്ചത് പുരാതനഭാരതത്തിലെ ഋഷിമാരാണ്. ഇക്കാണായ സര്‍വതും ഒരേ ഈശ്വരചൈതന്യം തന്നെയാണെന്ന് അവര്‍ വിളംബരം ചെയ്തു. ആ സമദര്‍ശനത്തില്‍ നിന്ന് സര്വ്വജീവരാശികളോടുമുള്ള കാരുണ്യം ഉദിച്ചു. അതുപോലെ ഋഷിമാര്‍ സര്‍വ്വതിലും ഏകത്വത്തെ ദര്‍ശിച്ചു.
സമൂഹത്തിലെ ഓരോ വ്യക്തിയേയും അവരവരുടെ തലത്തില്‍ ഇറങ്ങിച്ചെന്ന് ഉദ്ധരിക്കുക എന്നത് സനാതനധര്‍മ്മത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ ഓരോ വ്യക്തിയ്ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള സങ്കല്പത്തിലും ഭാവത്തിലും ഈശ്വരനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം നല്കപ്പെട്ടു. അതുപോലെ, കര്‍മ്മയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം, ഹഠയോഗം, കുണ്ഡലിനീയോഗം, നാദയോഗം, അങ്ങനെ നിരവധി മാര്‍ഗ്ഗങ്ങള്‍ പ്രചാരത്തില്‍ വന്നു. വ്യാകരണശാസ്ര്തം, തന്ത്രശാസ്ര്തം, നാഡീശാസ്ര്തം, സംഗീതശാസ്ര്തം, നാട്യശാസ്ര്തം, വാസ്തുശാസ്ര്തം, ശില്പശാസ്ര്തം വിമാനശാസ്ര്തം തുടങ്ങി എത്രയോ ശാസ്ര്തശാഖകളം വികസിച്ചുവന്നു. ആ സമഗ്രത, ആ വിശാലത ആ ശാസ്ര്തീയത ഭാരതസംസ്ക്കാരത്തിന്റെ തനത് പ്രത്യേകതയാണ്.
നമ്മുടെ സമൂഹം വേണ്ടത്ര വിജയം പ്രാപിച്ചിട്ടില്ലാത്ത മേഖലകള്‍ ഇനിയുമുണ്ട്. ഐക്യമുണ്ടാകണമെങ്കില്‍ ആദ്യം നമ്മുടെ സംസ്ക്കാരത്തെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചും അറിവുണ്ടാകണം. ക്ഷേത്രസംസ്ക്കാരവും ക്ഷേത്രആരാധനയും നിറഞ്ഞ ഒരു സമൂഹമാണ് നമ്മുടേത്. ക്ഷേത്രങ്ങള്‍ ജനങ്ങള്‍ക്ക് സംസ്ക്കാരത്തെക്കുറിച്ച് അറിവ് പകരുന്ന കേന്ദ്രങ്ങളാകണം.
പ്രകൃതിയുടെ ഓരോ അംശത്തോടുമുള്ള നമ്മുടെ കടമയും കടപ്പാടും നിറവേറ്റാന്‍ പുരാതനഭാരതത്തില്‍ പ്രചരിച്ചിരുന്ന പഞ്ചമഹായജ്ഞങ്ങളെ നമ്മള് ഉദ്ധരിക്കണം. ഈ ഭൂമി നമുക്ക് അമ്മയാണ്. ഈ സംസ്ക്കാരം നമുക്ക് അമ്മയാണ്. അമ്മയോടു നമുക്ക് ഭക്തിയും ആദരവും ആരാധനയും ഉണ്ടാകണം. എങ്കിലേ നമ്മള് ഉത്തമരായ മക്കളാകു, ശ്രേയസ്സികളാകു.
ഭാരതത്തില്‍ പണ്ട് ശ്രേഷ്ഠമായ സേവനസംസ്ക്കാരം നിലനിന്നിരുന്നു. മനുഷ്യയജ്ഞം അല്ലെങ്കില്‍ സമൂഹസേവനം അന്നത്തെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരുന്നു. വരുമാനത്തിന്റെ ആറിലൊന്നെങ്കിലും സമൂഹസേവയ്ക്കുവേണ്ടി നീക്കിവെയ്ക്കുക എന്ന രീതി അന്നുണ്ടായിരുന്നു. ഇന്ന് കാലം മാറി. ത്യാഗസംസ്ക്കാരത്തിന്റെ സ്ഥാനത്ത് ഭോഗസംസ്ക്കാരം വളര്‍ന്നു. എടുക്കുവാന്‍ മാത്രം ആഗ്രഹിക്കുന്ന മനോഭാവത്തെ ഉപേക്ഷിച്ച് കൊടുക്കുവാനുള്ള മനോഭാവം നമ്മള് വളര്‍ത്തിയെടുക്കണം. അപ്പോഴാണ് സമൂഹത്തില്‍ സ്നേഹവും സന്തുഷ്ടിയും ഐശ്വര്യവും കളിയാടുന്നത്.
ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യം ഭാരതമാണല്ലോ. ഊര്‍ജ്ജസ്വലതയും ആദര്‍ശങ്ങളോടുള്ള ആരാധനാഭാവവും യുവാക്കള്‍ക്ക് വേണ്ടുവോളമുണ്ട്. എന്നാല്‍ സമയത്തിന്റെ മുല്യം മനസ്സിലാക്കാതെ പല മക്കളും യുവത്വം പാഴാക്കുന്നത് കാണുമ്പോള്‍ അമ്മയ്ക്കു വേദന തോന്നാറുണ്ട്. യുവാക്കളെ സമൂഹസേവനത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരുവാന്‍ നമ്മള് ഓരോരുത്തരും ശ്രമിക്കണം.
നാലു മഹത്തായ മൂല്യങ്ങള്‍ നമുക്കോരോരുത്തര്‍ക്കും ഉണ്ടായിരിക്കണം. ഒന്ന്, നമ്മുടെ സംസ്ക്കാരത്തെക്കുറിച്ചുള്ള അറിവും അഭിമാനവും. രണ്ട്, ആ സംസ്ക്കാരത്തെ വീണ്ടെടുക്കാനും ഉദ്ധരിക്കുവാനുമുള്ള പ്രയത്നം. മൂന്ന്, കഷ്ടപ്പെടുന്നവരോടും അവശത അനുഭവിക്കുന്നവരോടുമുള്ള കാരുണ്യവും അവരെ സഹായിക്കുവാനുള്ള സന്നദ്ധതയും. നാല്, പരമമായ സത്യത്തെ സാക്ഷാത്കരിക്കുവാനുള്ള പരിശ്രമം.
മനുഷ്യപ്രയത്നത്തിന് തീര്‍ച്ചയായും പരിധിയുണ്ട്. എന്നാല്‍ എവിടെ പ്രയത്നിക്കാന്‍ വെമ്പുന്ന കരങ്ങളുണ്ടൊ, എവിടെ വിവേകപൂര്‍ണ്ണമായ ബുദ്ധിയുണ്ടോ, എവിടെ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്ത്ഥനയുണ്ടോ, അവിടെയെല്ലാം പ്രപഞ്ചമഹാശക്തി നമുക്കു തുണയായി എത്തും. പിന്നെ ഈ ലോകത്ത് നമുക്ക് അസാധ്യമായി യാതൊന്നുംതന്നെ ഉണ്ടാകില്ല. കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാനും വിജയം വരിക്കുവാനും മക്കള്‍ക്ക് ശക്തിയുണ്ടാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: