ന്യൂദല്‍ഹി: മുംബൈയിലെ മെട്രോ കാര്‍ ഷെഡിന്റെ വികസനത്തില്‍ ഉദ്ധവ് താക്കറെ നയിക്കുന്ന സഖ്യ(എംവിഎ) സര്‍ക്കാരിനെ പരിഹസിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ്. മുംബൈ മെട്രോ മൂന്നില്‍ എന്ന് യാത്ര ചെയ്യാമെന്നതില്‍ അദ്ദേഹം ആശ്ചര്യപ്പെട്ടു. മഹാ വികാസ് അഘാടി സര്‍ക്കാര്‍ പദ്ധതിയുടെ താളം തെറ്റിച്ചുവെന്നും കുറ്റപ്പെടുത്തി. ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
വിമാനത്താവളത്തിലേക്ക് മടങ്ങിപ്പോകാനായി താന്‍ ഇന്ന് ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്തു. റോഡിലൂടെ സഞ്ചരിക്കുന്നതിനേക്കാള് ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തി. മുംബൈ മെട്രോ മൂന്നില്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാന്‍ തനിക്ക് എന്ന് കഴിയുമെന്ന് അറിയില്ല. കാര്‍ഷെഡ് പ്രശ്നത്തില്‍ എംവിഎ സര്‍ക്കാര്‍ കാര്യങ്ങള്‍ താറുമാറാക്കിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കാര്‍ ഷെഡ് ആരെ കോളനിയിലേക്ക് തന്നെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ജനുവരി 21ന് ഫട്നാവിസ് താക്കറെക്ക് കത്തയച്ചിരുന്നു. ഭൂമിക്കടിയിലൂടെ 33.5 കിലോമീറ്റര്‍ ദൂരമുള്ള ഇടനാഴി ഉള്‍പ്പെടുന്നതാണ് മുംബൈ മെട്രോ മൂന്ന് പദ്ധതി. ഇതില്‍ 27 സ്റ്റേഷനുകളില്‍ 26 എണ്ണവും ഭൂമിക്കടിയിലാണ്. വളരെക്കാലമായി, മുംബൈ മെട്രോ മൂന്നിന്റെ ഭാഗമായുള്ള മെട്രോ കാര്‍ഷെഡ് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ആരെ കോളനിയിലാണ് കാര്‍ഡ് ഷെഡ് പണിയാനായി ദേവേന്ദ്രഫട്നാവിസിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. എന്നാല്‍ ഉദ്ധവ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇത് കാഞ്ജൂര്‍മാര്‍ഗിലേക്ക് മാറ്റുകയായിരുന്നു. ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജിയില്‍ പിന്നീട് ഇവിടത്തെ നിര്‍മാണം ബോംബെ ഹൈക്കോടതി തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: