തിരുവനന്തപുരം: പത്മ പുരസ്കാരത്തിന് അര്‍ഹനായ സാഹിത്യകാരന് പൂതേരി ബാലനെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാരന് സിവിക് ചന്ദ്രന്. കേരളത്തിലെ ഇരുന്നൂറിലധികം ക്ഷേത്രങ്ങളെക്കുറിച്ച് പൂതേരി ബാലന് പുസ്തകങ്ങളുണ്ടത്രേ .എല്ലാം കൂടെ ചേര്‍ത്ത് ബൈന്റ് ചെയ്താലത് കേരളത്തിന്റെ ക്ഷേത്ര വിജ്ഞാന കോശമാകുമായിരിക്കാം. ഗൂഗ്ള്‍ സെര്‍ച്ച് ചെയ്ത് മാലോകര്‍ കണ്ടെത്തിയ ഹിന്ദുത്വാനുകൂല സാഹിത്യവും കൂടെ പരിഗണിക്കപ്പെട്ടിട്ടുണ്ടാവാം പത്മ പുരസ്കാരത്തിന്. ഇടതുപക്ഷ സര്‍ക്കാരായിരുന്നു കേന്ദ്രത്തിലെങ്കില്‍ പത്മശ്രീ പുരസ്കാരം പ്രഭാവര്‍മക്ക് ലഭിക്കുമായിരുന്നല്ലോ . മുമ്പൊരു വര്‍ഷം കവിതക്കുള്ള അക്കാദമിയുടെ സീനിയര്‍ അവാര്‍ഡ് പ്രഭാവര്‍മക്കും എഴുതി തുടങ്ങുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം കെ ജി ശങ്കരപിള്ളക്കും ലഭിച്ചത് ചിലരുടേയെങ്കിലും ഓര്‍മയിലുണ്ടാവും. എന്നിട്ടുമെന്തേ ഇത്തവണ പൂതേരി ബാലനെ മാത്രം തെരഞ്ഞുപിടിച്ച് നീചമായാക്രമിക്കുന്നു ? അടുത്ത യുവ സുഹൃത്തുക്കളടക്കം കലമ്പല്‍ കൂട്ടുന്നു എന്നും ഫേസ്ബുക്ക് പേജില്‍ അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
പൂതേരി ബാലന് ചെറിയ
മീനായാല്‍ തന്നെയെന്ത്?
കൃത്യം പത്ത് കൊല്ലം മുമ്പത്തെ ജനു.25 വൈകുന്നേരം . തൃശൂര്‍ സാഹിത്യ അക്കാദമിയുടെ വൈലോപ്പള്ളി ഹാളില്‍ ഏതോ പൊതുപരിപാടി നടക്കുകയാണ്. വേദിയില്‍ ഞാനുമുണ്ട് .തൃശൂര്‍ മാതൃഭൂമി എഡിഷന്റെ പത്രാധിപര്‍ എം പി സുരേന്ദ്രന് പ്രാസംഗികരില്‍ ഒരാളായിരുന്നു .പരിപാടിയുടെ ഒടുവില്‍ നന്ദി പ്രകടനത്തിനു തൊട്ടുമുമ്പാണ് സുരേന്ദ്രന് ഓടിക്കിതച്ചെത്തുന്നത്: ഇക്കൊല്ലത്തെ പ്രാഞ്ചിയേട്ടന്മാര് ആരാരെല്ലാമെന്നുള്ള പ്രഖ്യാപനമറിഞ്ഞിട്ടു വേണമായിരുന്നു ഓഫീസില്‍ നിന്നിറങ്ങാന്‍ . പത്രക്കാരനായിപ്പോയല്ലോ …..
ഒരു പത്മ പുരസ്കാരം കിട്ടണമെന്നുണ്ടായിരുന്നു .മൂന്ന് കോടിയാണ് ചിലവെന്ന് കേള്‍ക്കുന്നു . അതിനു മാത്രമൊന്നുമില്ല ആ പുരസ്കാരത്തിന് തിളക്കം . ഒരു കോടി വരെ മുടക്കാമായിരുന്നു -എന്നൊരു മത -വിദ്യാഭ്യാസ സംഘടനയുടെ നേതാവ് പറഞ്ഞതും ഓര്‍ക്കുന്നു . കുറച്ച് പ്രാഞ്ചിയേട്ടമാര്‍ , കക്ഷി രാഷ്ടീയക്കാരുടെ കുറച്ച് നോമിനികള്‍ക്കുമിടയില്‍ അര്‍ഹരായ ചിലരും പെട്ടാലായി. ഇത്തവണയും അത്തരം അര്‍ഹരായ ചിലരുണ്ടല്ലോ . അവരില്‍ എസ് പി ബാലസുബ്രമണ്യവും ചിത്രയും രാമചന്ദ്രപുലവരും അലി മണിക്ഫാനും നമുക്ക് പ്രിയപ്പെട്ടവര്‍ . അവര്‍ക്ക്, അവരെപ്പോലുള്ളവര്‍ക്ക് ഹായ് പറയാനല്ലാതെ പത്മ പുരസ്കാര പട്ടികയിലൂടെ ഞാന്‍ കടന്നു പോകാറില്ല . ഈ സര്‍ക്കാര്‍ പുരസ്കാരത്തിനു മാത്രമല്ല നോബല്‍ സമ്മാനം മുതല്‍ നമ്മുടെ സാഹിത്യ അക്കാദമി അവാര്‍ഡിനു വരെ അത്രയേയുള്ളു വിശ്വസനീയത ….
എന്നിട്ടുമെന്തേ ഇത്തവണ പൂതേരി ബാലനെ മാത്രം തെരഞ്ഞുപിടിച്ച് നീചമായാക്രമിക്കുന്നു ? അടുത്ത യുവ സുഹൃത്തുക്കളടക്കം കലമ്പല്‍ കൂട്ടുന്നു: ഫോര്‍ പ്ലേക്കു ശേഷം മലയാളി ഏറ്റവുമധികം സെര്‍ച്ച് ചെയ്തത് ഇപ്പേരാണ് . ആരാണിയാള്‍ ,ഈ പത്മ പുരസ്കാര ജേതാവ് രാരാരാശ്രീ ബാതേരി പൂലന്‍ ?
ഇദ്ദേഹത്തിന്റെ പുസ്തകം വായിച്ചത് ഞാനെന്റെ ഭാര്യയുടെ ചിതാഭസ്മവുമായി തിരുനെല്ലി ക്ഷേത്രത്തിലെത്തിയപ്പോഴാണ് .
മലബാറിലെ കാശിയാണല്ലോ തിരുനെല്ലി . ഏറെക്കാലം വയനാട്ടിലുണ്ടായിട്ടും ,നരിനിരങ്ങി മലയില്‍നിന്ന് നരികള്‍ നിരനിരയായിറങ്ങി വരുന്ന കാല്പനിക എഴുപതുകള്‍ കവിതയാക്കിയിട്ടുണ്ടെങ്കിലും കൂടെയുള്ളവര്‍ക്ക് ക്ഷേത്രത്തെക്കുറിച്ചെന്തെങ്കിലും പറഞ്ഞുകൊടുക്കാന്‍ ഒട്ടും അറിയില്ലായിരുന്നു :അയ്യേ ,ഞാനെത്ര സാംസ്കാരിക നിരക്ഷരന്!എന്തേലും വായിക്കാന്‍ കിട്ടുമോ എന്നന്വേഷിച്ചപ്പോള്‍ ക്ഷേത്രത്തിന്റെ കൗണ്ടറില്‍ തന്നെ ബാലന്റെ പുസ്തകമുണ്ടായിരുന്നു .ആ അമ്പലത്തെക്കുറിച്ച് പ്രാഥമികമായി അറിയേണ്ടതെല്ലാമുള്ള ചെറിയൊരു പുസ്തകം . കേരളത്തിലെ ഇരുന്നൂറിലധികം ക്ഷേത്രങ്ങളെക്കുറിച്ച് ഇങ്ങനെ ഇയാളെഴുതിയ പുസ്തകങ്ങളുണ്ടത്രേ .എല്ലാം കൂടെ ചേര്‍ത്ത് ബൈന്റ് ചെയ്താലത് കേരളത്തിന്റെ ക്ഷേത്ര വിജ്ഞാന കോശമാകുമായിരിക്കാം. ഗൂഗ്ള്‍ സെര്‍ച്ച് ചെയ്ത് മാലോകര്‍ കണ്ടെത്തിയ ഹിന്ദുത്വാനുകൂല സാഹിത്യവും കൂടെ പരിഗണിക്കപ്പെട്ടിട്ടുണ്ടാവാം പത്മ പുരസ്കാരത്തിന് . എന്നാലെന്ത് ? അത് സര്‍ക്കാരിന്റെ ചോയ്സ് .ഭൂമി മലയാളത്തിലിപ്പോള്‍ എഴുതുന്ന കാക്കത്തൊള്ളയിരം പേരില്‍ ,ഇവരില്‍ 80 ശതമാനം പേരും കവിയശ: പ്രാര്‍ഥികളും വെറും പി ആര് വര്‍ക്ക് കൊണ്ടു മാത്രം അറിയപ്പെടുന്നവരുമാണ് ,ഏറ്റവും മികച്ചയാളെ തെരഞ്ഞെടുത്താദരിക്കുന്ന പുരസ്കാര പ്രഖ്യാപനമല്ല കേന്ദ്ര സര്‍ക്കാര്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയിട്ടുള്ളത് .
ഇടതുപക്ഷ സര്‍ക്കാരായിരുന്നു കേന്ദ്രത്തിലെങ്കില്‍ പത്മശ്രീ പുരസ്കാരം പ്രഭാവര്‍മക്ക് ലഭിക്കുമായിരുന്നല്ലോ . മുമ്പൊരു വര്‍ഷം കവിതക്കുള്ള അക്കാദമിയുടെ സീനിയര്‍ അവാര്‍ഡ് പ്രഭാവര്‍മക്കും എഴുതി തുടങ്ങുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം കെ ജി ശങ്കരപിള്ളക്കും ലഭിച്ചത് ചിലരുടേയെങ്കിലും ഓര്‍മയിലുണ്ടാവും. ഒക്കെ അത്രയേ ഉള്ളു ,സര് …
ബാലന് പൂതേരിയുടെ പുസ്തകങ്ങള്‍ ഡിസിയുടെ യോ മാതൃഭൂമിയുടേയോ എന്‍ ബി എസിന്റേയോ ദേശാഭിമാനിയുടേയോ ബുക് ഷെല്‍ഫുകളിലില്ലാത്തതാണോ പ്രശ്നം ? എഴുത്തച്ഛനേയും പൂന്താനത്തേയും കുമാരനാശാനേയും ചങ്ങമ്പുഴയേയുമെല്ലാം ജനപ്രിയരാക്കിയത് ഇവന്മാരുടെ പുസ്തകമേളകളും ലിറ്റ് ഫെസ്റ്റുകളുമായിരുന്നോ ? വി സാബശിവന്റേയും കെടാമംഗലം സദാനന്ദന്റേയും കഥാപ്രസംഗങ്ങളിലൂടെ ഈ എഴുത്തുകാരെ ,പുസ്തകങ്ങളെ ഉത്സവപ്പുരുഷാരം പരിചയപ്പെടുന്നു . പിന്നെ ഉത്സവപ്പറമ്പിലെ സ്റ്റാളുകളില്‍ സോപ്പു ചീപ്പ് കണ്ണാടി സിന്ദൂരം കണ്മഷി കുപ്പിവളകള്‍ ബെല്‍റ്റും തൊപ്പിയും തെരയുന്നതിനിടയില്‍ അതാ രമണന് ,കരുണ ,ദുരവസ്ഥ … ഇങ്ങനെയാണ് സാധാരണ മലയാളികള്‍ സാഹിത്യ സാക്ഷരരായത് . പുസ്തകങ്ങളച്ചടിച്ച് വില കുറച്ച് ഉത്സവപ്പറമ്പുകളിലെത്തിച്ചിരുന്ന വിദ്യാരംഭം മുല്ലക്കല്‍ , എസ്ടി റെഡ്ഡ്യാര്‍ കൊല്ലം , ശാന്താ ബുക്ക്സ്റ്റാള്‍ ഗുരുവായൂര്‍ ,ദേവി ബുക്ക്സ്റ്റാള്‍ കൊടുങ്ങല്ലൂര്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ല നമ്മുടെ സാംസ്കാരിക ചരിത്രം .
മുമ്പൊരിക്കല്‍ നളിനി ജമീലയുടെ ആത്മാഖ്യാനം ബെസ്റ്റ് സെല്ലറായപ്പോള്‍ എം മുകന്ദന് കുശുമ്പ് പറഞ്ഞതിങ്ങനെ: ഇനി രതിവ്യാപാരികളാവും മലയാളത്തിലെ സാഹിത്യ നായകര്‍ ! വൈകാതെ ജയ്പ്പൂര്‍ ലിറ്റ്ഫെസ്റ്റില്‍ സക്കറിയക്കും സച്ചിദാനന്ദനും നളിനി ജമീലയെ അവതരിപ്പിക്കേണ്ടി വന്നു . പുസ്തകങ്ങളിറങ്ങിയതിനു ശേഷം ഏതായാലും ശരീരം വിറ്റ് ജീവിക്കേണ്ടി വന്നിട്ടില്ല നളിനിക്ക് .മലയാളത്തിലെത്ര പേരുണ്ട് റോയല്‍റ്റി കൊണ്ടു മാത്രം ജീവിക്കുന്നവര്‍ ?എഴുത്തുകാര്‍ക്ക് അത്താഴമെങ്കിലും വിളമ്പുന്ന പ്രസാധകര് നമുക്കുണ്ടോ? പൂതേരി വെബിനാറുകളില്‍ പരിചിതനാവില്ല . എന്നാല്‍ ഉത്സവപ്പറമ്പില്‍ ചെല്ലിഷ്ടാ… ചുമ്മാ ചൊറിയാതെ , ചൊറിച്ചുമല്ലാതെ .
ബാലന് പൂതേരി ചെറിയ മീനൊന്നുമല്ലെന്ന് അംഗീകരിച്ചു കൊടുക്കണമെന്നില്ല. ചെറിയ മീനായാലെന്ത് ?ചെറിയ മീനുകള്‍ക്കു കൂടിയുള്ളതാണ് പുഴയും കായലും കടലും . സിംഹത്തിന്റെയും പുലിയുടെയും കടുവയുടെതും ആനയുടേയും മാത്രമല്ല കാട് . ഉറുമ്പിന്റേയും മണ്ണിരയുടെയും ചിതലിന്റേയും കൂടെയല്ലോ .കാടിന് കാടിന്റെ ഭംഗി ,തോട്ടത്തിന് തോട്ടക്കാരന് നല്‍കുന്നതും .
മോണോ കള്‍ച്ചര്‍ മൂര്‍ദ്ദാബാദ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: