ന്യൂദല്‍ഹി: ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കര്‍ഷകര്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് വിശദീകരിച്ച് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍. പൊലീസ് എന്തുകൊണ്ട് തിരിച്ചടിച്ചില്ലെന്നത് വ്യക്തമാക്കുന്നതുകൂടിയാണ് വസീറാബാദ് എസ്എച്ച്ഒ പി സി യാദവിന്റെ വാക്കുകള്‍. കര്‍ഷകരാണെന്നും പാവപ്പെട്ടവരാണെന്നും ചിന്തിച്ചതുകൊണ്ടാണ് വടിവാളും കുന്തങ്ങളുമായി ആക്രമിച്ചപ്പോഴും നിയമന്ത്രണം പാലിച്ചതെന്ന് അദ്ദേഹം ദേശീയ മാധ്യമമായ ‘ടൈംസ് നൗ’വിനോട് പറഞ്ഞു.
‘ഉദ്യോഗസ്ഥരുമായി ഞങ്ങള്‍ ചെങ്കോട്ടയിലായിരുന്നു. ധാരാളം പേര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു. ഞങ്ങളും അകത്തേക്കു പോയി. അവര്‍ അപ്പോഴേക്കും അകത്ത് എത്തിയിരുന്നു. അവരുടെ കയ്യില്‍ വാളുകളും കുന്തങ്ങളുമുണ്ടായിരുന്നു. സമാധാനപരമായാണ് പ്രതിഷേധക്കാരോട് സംസാരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അവര്‍ അക്രമാസക്തരായിരുന്നു’-തലയ്‌ക്കും കഴുത്തിനും പരിക്കേറ്റ അദ്ദേഹം വിശദീകരിച്ചു.
പൊലീസ് ബലപ്രയോഗം നടത്തിയിരുന്നുവെങ്കില്‍ പരിക്കേറ്റവരുടെ എണ്ണം കൂടിയേനെ. ‘അവര്‍ കര്‍ഷകരാണ്, നല്ലവരാണ്’ എന്ന കാഴ്ചപ്പാടിലായിരുന്നു തങ്ങള്‍. എന്നാല്‍ അവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരെ ആക്രമിച്ചു. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അതിലൊരാളുമായി പുറത്തുകടന്നുവെന്നും പി സി യാദവ് ഓര്‍ക്കുന്നു.
എന്നാല്‍ ആ സമയം വടികളും വാളുകളുമായി ആക്രമിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നത് രക്ഷയായി. തങ്ങള്‍ സേനയെ ഉപയോഗിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ ഉണ്ടാകുമായിരുന്നു. നമ്മുടെ ആളുകളാണ് അവരെന്ന് തങ്ങള്‍ അപ്പോഴും ഓര്‍ത്തു. അവര്‍ പാവങ്ങളാണെന്നും കരുതിയെന്ന് പി സി യാദവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: