പുനലൂര്‍: കിഴക്കന്‍ മേഖല വീണ്ടും വരള്‍ച്ചയുടെ പിടിയില്‍. കഴിഞ്ഞ ദിവസം ഇടയ്ക്ക് രണ്ടു ദിവസം ലഭിച്ച മഴയില്‍ ജലസ്രോതസ്സുകളില്‍ എത്തിയ ജലം ഇടതുകര കനാല്‍ വഴി തുറന്നു വിട്ടതോടെ ജലസംഭരണിയില്‍ ഗണ്യമായ തോതിലാണ് ജലനിരപ്പ് താഴ്ന്നിരിക്കുന്നത് .ഡാമിന് താഴെ ഒറ്റക്കല്‍ വിയര് ഡാമിലും ജലവിധാനം നാമമാത്രമാണ്.
പശ്ചിമഘട്ട മലനിരകളിലെ വനഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഒറ്റക്കല്‍ ലുക്ക് ഔട്ട് അപൂര്‍വ്വമായ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. എന്നാല്‍ നീരൊഴുക്ക് ഇല്ലാതെയായതോടെ കാഴ്ചയുടെ സൗന്ദര്യവും ഇല്ലാതെയായിക്കഴിഞ്ഞു. തെന്മല ഡാമിന് മൂന്നു കിലോമീറ്റര്‍ താഴെയാണ് കല്ലടയാറിന് കുറുകെ വിയര് ഡാം നിര്‍മ്മിച്ചിട്ടുള്ളത്.
ഇതിന് സമീപത്ത് നിര്‍മ്മിച്ചിട്ടുള്ള ദൃശ്യഗോപുരത്തില് നിന്നാല്‍ വിയര് ഡാമും പരിസര പ്രദേശങ്ങളും കാണാം. വിയര് ഡാമില്‍ നിന്ന് നുരഞ്ഞ് പതഞ്ഞിറങ്ങുന്ന ജലപ്രവാഹവും, അനന്തമായി ഒഴുകുന്ന കല്ലടയാറും കോടമഞ്ഞ് മൂടിയ മലനിരകളും, ഹെക്ടറുകളോളം വ്യാപിച്ചുകിടക്കുന്ന ആയിരനല്ലൂര്‍ എണ്ണ പനത്തോട്ടങ്ങളും തുടങ്ങി നിരവധി കാഴ്ചകളും ഇവിടെ നിന്നും ആസ്വദിക്കാം.
എന്നാല്‍ തെന്മല ഡാമിന് പുറമെ മറ്റ് ജലസ്രോതസ്സുകളിലും ജലനിരപ്പ് താഴ്ന്നു കഴിഞ്ഞു. കൃഷിയിടങ്ങളും വേനല്‍ ചൂടിന്റെ തീക്ഷ്ണതയില്‍ കരിഞ്ഞുണങ്ങി തുടങ്ങി. മാസങ്ങളായി തെന്മലയിലെ വൈദ്യുത ഉത്പാദനവും നിലച്ചു കഴിഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളും വറ്റിക്കഴിഞ്ഞു. എന്നാല്‍ കുടിവെള്ള പദ്ധതികള്‍ ഒന്നും ഫലപ്രദമായി വിനിയോഗിക്കാന്‍ ഈ പ്രദേശങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് ആയിട്ടില്ല. ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ജപ്പാന് കുടിവെള്ള പദ്ധതിയിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുന്നത് പുനലൂരില്‍ നിന്നാണ്.
എന്നാല്‍ ഇതു വഴിയുള്ള ജലം ഇതു വരെ ഈ പ്രദേശങ്ങളില്‍ ലഭ്യമാക്കാന്‍ ഇവിടുത്തെ ജനപ്രതിനിധികള്‍ക്ക് ആയിട്ടില്ലായെന്നതിനാല് വരും ദിവസങ്ങളിലെ ശക്തമായ വേനല്‍ ചൂടില്‍ കിഴക്കന്‍ മേഖലയിലെ ജനജീവിതം ഏറെ ദുഷ്ക്കരമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: