ശാസ്താംകോട്ട: ശാസ്താംകോട്ട തടാകതീരത്ത് താലൂക്കാഫീസിന്റെയും, കോടതിയുടെയും പോലീസ് സ്റ്റേഷന്റെയും ചുറ്റുവട്ടത്ത് ഇന്നലെ ഉച്ചയോടെ തീപിടിത്തം ഉണ്ടായി. ഉണങ്ങിയ അക്ക്വേഷ്യാ മരങ്ങളും കുറ്റിക്കാടും പുല്ലും പടര്‍ന്ന് കിടന്ന തടാകതീരത്ത് എങ്ങനെ തീ പടര്‍ന്നു എന്നത് വ്യക്തമല്ല. തടാകതീരത്തെ ഉണക്കപ്പുല്ലില്‍ പടര്‍ന്ന തീ മിനിറ്റുകള്‍ക്കുള്ളില്‍ ആളിപ്പടരുകയായിരുന്നു.
സംഭവം അറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സ് സംഘം രണ്ട് മണിക്കൂര്‍ സമയമെടുത്താണ് തീയണച്ചത്. ക്ഷേത്രക്കടവിന് സമീപത്ത് നിന്നുമാണ് ആദ്യം തീ പടര്‍ന്നതെന്ന് പറയുന്നു. സംഭവത്തെത്തുടര്‍ന്ന് കോടതി പ്രവര്‍ത്തനം നിറുത്തിവച്ചു. താലൂക്കാഫീസ് അടക്കമുള്ള സിവില്‍ സ്റ്റേഷനിലെ സര്‍ക്കാരാഫീസുകളില്‍ എത്തിയവരും ജീവനക്കാരും ഏറെനേരം ഭീതിയിലായി. ഫയര്‍ഫോഴ്സ് ശാസ്താംകോട്ട യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍മാരായ ബി.രമേശ് ചന്ദ്ര, പി. മോഹന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: