കണ്ണൂര്‍: ഉത്തരമലബാറിന്റെ കളിയാരവങ്ങള്‍ക്ക് എന്നും ആവേശം പകര്‍ന്ന കണ്ണൂര്‍ ജവാഹര്‍ സ്റ്റേഡിയം നാശത്തിന്റെ വക്കിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. മാറിമാറി സംസ്ഥാനവും നഗരസഭയും കോര്‍പ്പറേഷനും ഭരിച്ച ഇടത്-വലത് നേതാക്കള്‍ നവീകരണം സംബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങള്‍ വര്‍ഷങ്ങളായി നടത്തിയെങ്കിലും ഒന്നും ഇതുവരെ ലക്ഷ്യം കണ്ടില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ അരങ്ങേറുകയും മറഡോണയുള്‍പ്പെടെയുളള പ്രമുഖതാരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്ത സ്റ്റേഡിയം ഇന്ന് കോര്‍പ്പറേഷന്റെ മാലിന്യവണ്ടികള്‍ പാര്‍ക്ക് ചെയ്യാനുളള സ്ഥലമായി മാറിയിരിക്കുകയാണ്. കൂടാതെ മനോഹരമായ ഫുട്ബോള്‍ ക്വാര്‍ട്ട് ഉള്‍പ്പെടെ സ്റ്റേഡിയത്തിന്റെ നല്ലൊരു ഭാഗം കാടുമൂടിയും കുണ്ടും കുഴിയും നിറഞ്ഞും നില്‍ക്കുകയാണ്.
30,000 പേര്‍ക്ക് പങ്കെടുക്കാന്‍ ശേഷിയുളള സ്റ്റേഡിയം 2014ല്‍ ചെറിയ തോതില്‍ പുതുക്കി പണിതിരുന്നു. എന്നാല്‍ പിന്നീടുളള വര്‍ഷങ്ങളില്‍ കോര്‍പ്പറേഷന്റെ അവഗണനയെ തുടര്‍ന്ന് സ്റ്റേഡിയം പൂര്‍ണ്ണമായും നശിക്കുകയായിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഫുട്ബോള്‍ ഗ്രൗണ്ടും സിന്തറ്റിക് ട്രാക്കും നിര്‍മ്മിക്കുമെന്ന് 2018ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ കോര്പ്പറേഷന് ഉടമസ്ഥതയിലുളള സ്റ്റേഡിയം നവീകരണത്തോടെ സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കോര്പ്പറേഷന് എതിര്‍ത്തതിനെ തുടര്‍ന്ന് നവീകരണം കടലാസിലൊതുങ്ങി.
12 കോടി രൂപ ചെലവില്‍ സ്റ്റേഡിയം നവീകരിക്കാനുള്ള പദ്ധതിക്കായിരുന്നു ഭരണാനുമതി ലഭിച്ചത്. കിറ്റ്കോ(കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്ഗനൈസേഷന്) സ്റ്റേഡിയത്തിന്റെ വിശദമായ പദ്ധതിരേഖ തയ്യാറാക്കിയിരുന്നു. കണ്ണൂരില്‍ അന്താരാഷ്ട്രനിലവാരമുള്ള സ്റ്റേഡിയം യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിരേഖ തയ്യാറാക്കിയത്. എന്നാല്‍ ഇതെല്ലാം കടലാസില്‍ ഒതുങ്ങുകയായിരുന്നു.
ഫെഡറേഷന് കപ്പ് കണ്ണൂരില്‍ നടന്നപ്പോഴാണ് ജവഹര്‍ സ്റ്റേഡിയം ഫ്ളഡ്ലിറ്റ് സംവിധാനത്തോടെ ആദ്യമായി ഒരുക്കിയത്. എന്നാല്‍ പിന്നീട് ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിര്‍മ്മിച്ച ഫ്ളഡ്ലൈറ്റുകള്‍ അറ്റകുറ്റ പണി നടത്താന്‍ നാഥനില്ലാത്ത അവസ്ഥയില്‍ അസ്തമിക്കുകയായിരുന്നു. പിന്നീട് നായനാര്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും മറ്റും നടന്നപ്പോള്‍ താല്‍ക്കാലിക ഫ്ളഡ്ലൈറ്റാണ് ഉപയോഗിച്ചത്.
നിരവധി ഒളിമ്പ്യന്മാരെയും അന്താരാഷ്ട്രതാരങ്ങളെയും സമ്മാനിച്ച കണ്ണൂരില്‍ ഒരൊറ്റ നല്ല ഗ്രൗണ്ടും നിലവിലില്ലെന്നതാണ് അവസ്ഥ. കാല്‍പ്പന്തുകളിയിലുള്‍പ്പെടെ മികച്ച താരങ്ങളെ സംഭാവനചെയ്ത കണ്ണൂര്‍ സമീപകാലത്ത് കായികനേട്ടങ്ങളില്‍ പിന്നിലാകുന്ന സ്ഥിതിയാണ്. കളിക്കാനും പരിശീലനത്തിനും മൈതാനമില്ലെന്നതാണ് ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി കായികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പോലീസ് മൈതാനവും കളക്ടറേറ്റ് മൈതാനവുമെല്ലാം സ്ഥിരം പരിശീലനത്തിന് പറ്റുന്ന വേദിയല്ലാതായി മാറി. പോലീസ് മൈതാനം വാണിജ്യാവശ്യത്തിന് മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
അന്താരാഷ്ട്ര താരങ്ങളുടെ പാദം പതിഞ്ഞ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണം ഉടന്‍ ആരംഭിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം. സ്വാഭാവിക പുല്‍ത്തകിടിയോടുകൂടിയ ഫുട്ബോള്‍ മൈതാനം, 400 മീറ്ററുള്ള എട്ടുനിര സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, ചുറ്റും കമ്പിവേലി, പവിലിയന് കെട്ടിടം തുടങ്ങിയ അനുബന്ധസൗകര്യങ്ങളും ഒരുക്കണം. ലാന്‍ഡ് സ്കേപ്പിങ്, മഴവെള്ള സംഭരണി, സൗരോര്‍ജസംവിധാനം എന്നിവയും യാഥാര്‍ത്ഥ്യമാവണം.
കായികകേരളത്തിന് കരുത്ത് പകര്‍ന്ന ഫുട്ബോള്‍ നഗരമായ കണ്ണൂരിന് അത്യന്താധുനിക സൗകര്യത്തോടുകൂടിയുള്ള മൈതാനവും അത്ലറ്റിക് ട്രാക്കും വേണമെന്നുള്ളത് വളരെക്കാലമായുളള കായിക പ്രേമികളുടെ ആവശ്യമാണ്. സ്പ്രിന്റ് റാണി പി.ടി. ഉഷയെപ്പോലുള്ളവര്‍ ഓടിക്കളിച്ച മണ്ണില്‍ നല്ലൊരു സിന്തറ്റിക് ട്രാക്ക് ഇനിയെന്ന് യാഥാര്‍ത്ഥ്യമാകുമെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. പുതിയ കോര്പ്പറേഷന് ഭരണ സമിതി അധികാരത്തിലെത്തിയ ശേഷം മേയര്‍ സ്റ്റേഡിയം നവീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഖേല്‍ അഭിയാന് പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുമെന്ന് സ്ഥലം എംപിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങളും കടലാസിലൊതുങ്ങല്ലെ എന്നാണ് കണ്ണൂരിലെ കായിക പ്രേമികളുടെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: